Source :- SIRAJLIVE NEWS
പാലക്കാട് | കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓണക്കാലത്ത് അയക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിക്ക് പശ്ചിമേഷ്യന്‍ സംഘര്‍ഷം തിരിച്ചടിയാകുന്നു. അരി, പലവ്യഞ്ജനങ്ങള്‍, പായസക്കൂട്ടുകള്‍, കറിപ്പൊടികള്‍, പാക്കറ്റ് തേങ്ങാപ്പാല്‍, ചിപ്സ് തുടങ്ങിയ ഉത്പന്നങ്ങളുടെ ചരക്കുനീക്ക പ്രതിസന്ധി രൂക്ഷമായതോടെ കയറ്റുമതിക്കാര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്.
കയറ്റുമതിച്ചെലവ് കുത്തനെ ഉയര്‍ന്നതും അനിശ്ചിതത്വം വര്‍ധിച്ചതും ഓണക്കച്ചവടത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ ഭക്ഷ്യസംസ്‌കരണ കമ്പനികളുടെ പ്രധാന വിപണികളിലൊന്നാണ് ഗള്‍ഫ്. ഓണക്കാലത്ത് കേരളീയ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യകത ഗണ്യമായി ഉയരാറുണ്ട്. പല കമ്പനികളുടെയും ഓണക്കാലത്തെ വിറ്റുവരവിന്റെ വലിയൊരു പങ്കും ഈ വിപണിയെ ആശ്രയിച്ചാണ്.
എന്നാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ മാര്‍ച്ച് മുതല്‍ കേരളത്തിൽ നിന്നുള്ള അരിയുടെയും പാക്കറ്റ് ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതിയെ ചരക്കുനീക്ക പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. അരിയും പലവ്യഞ്ജനങ്ങളും കയറ്റിയ നൂറിലേറെ കണ്ടെയ്‌നറുകള്‍ തുറമുഖങ്ങളിലും യാത്രാമധ്യേയും കുടുങ്ങിയതോടെ കയറ്റുമതിക്കാര്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി. വേഗത്തില്‍ കേടാകുന്ന നിരവധി ഉത്പന്നങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു.
കറിപ്പൊടികളും പാക്കറ്റ് തേങ്ങാപ്പാലും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോടികളുടെ നഷ്ടമുണ്ടായതായാണ് കയറ്റുമതിക്കാര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അയച്ച ചരക്ക് ഇപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോത്പന്ന നിര്‍മാണ കമ്പനിയുടെ ഉടമ പറഞ്ഞു. കടുത്ത അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇത്തവണ ഗള്‍ഫ് വിപണിയെ കാര്യമായി ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ ചില്ലറവില്‍പ്പന ശൃംഖലകള്‍, പ്രത്യേക ചരക്കുവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കയറ്റുമതി തുടരുന്നുണ്ട്. എന്നാല്‍ ചെറുകിട ഭക്ഷ്യസംസ്‌കരണ കമ്പനികള്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് പ്രായോഗികമല്ല. ചരക്കുനീക്കച്ചെലവ് കുത്തനെ ഉയര്‍ന്നതോടെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാനും കഴിയാത്ത സാഹചര്യമാണ്. ഇതോടെ കമ്പനികളുടെ ലാഭവിഹിതത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ചെറുകിട കയറ്റുമതിക്കാർ പറയുന്നത്.
ഓണക്കാലം ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമുള്ള വില്‍പ്പന കാലയളവായതിനാല്‍ കൃത്യസമയത്ത് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനായില്ലെങ്കില്‍ കയറ്റുമതിക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാകും.
അതിനാല്‍ ഇത്തവണ കയറ്റുമതി വളരെ കുറഞ്ഞതായും വ്യാപാരികള്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പല വിമാനക്കമ്പനികളും ചരക്കുനിരക്ക് 20 മുതല്‍ 40 ശതമാനം വരെ ഉയര്‍ത്തിയതായി കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കടല്‍മാര്‍ഗമുള്ള ചരക്കുനീക്കച്ചെലവിലും അസാധാരണമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഉയര്‍ന്ന ചരക്കുകൂലിയും ഗതാഗതത്തിലെ അനിശ്ചിതത്വവും തുടരുകയാണെങ്കില്‍ ഗള്‍ഫ് വിപണിയിലെ കേരളീയ ഭക്ഷ്യോത്പന്നങ്ങളുടെ സാന്നിധ്യത്തെ ഇത് സാരമായി ബാധിക്കുമെന്ന് കയറ്റുമതി മേഖലയിലുള്ളവര്‍ വ്യക്തമാക്കി.
Content Highlights:
Escalating West Asia conflict severely disrupts Kerala food exports to the Gulf region ahead of Onam. Over a hundred containers of rice and spices remain stranded, causing heavy losses to exporters. Shipping rates have surged up to 40 percent, threatening small food processing units.



