Source :- SIRAJLIVE NEWS
‘ഒരാള്‍ വലിയൊരു തീ കത്തിച്ചുവെച്ചിട്ടുണ്ട്. അതിലേക്ക് പ്രാണികളും മറ്റും വന്നു വീഴുന്നു. അയാള്‍ അവയെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നു. ഇതുപോലെയാണ് എന്റെയും നിങ്ങളുടെയും ഉപമ. ഞാന്‍ നിങ്ങളെ നരകത്തീയില്‍ നിന്ന് വീഴാതെ പിടിച്ചുവെക്കുന്നു. നിങ്ങളാകട്ടെ, എന്റെ കൈയില്‍ നിന്ന് കുതറിയോടാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.’ തിരുദൂതരുടെ വാക്കുകളാണിത്. നമ്മെ ഗൗരവതരത്തില്‍ ചിന്തിപ്പിക്കേണ്ട വാക്കുകള്‍. ഓരോ നബിദിനവും നമ്മള്‍ തിരുദൂതരെന്ന മഹാ സന്തോഷം കൊണ്ടാടുമ്പോള്‍ നാം നമ്മോട് തന്നെ വീണ്ടും ചോദിക്കേണ്ട ചോദ്യങ്ങളിലൊന്ന് നമുക്ക് തിരുനബി(സ) ആരാണ് എന്നതാണ്.
നമുക്കവിടുന്ന് എല്ലാമാണ്. പ്രത്യേകിച്ചും, മുബശ്ശിര്‍… സന്തോഷവാഹകനാണ്, ഖുര്‍ആന്‍ വിശേഷിപ്പിച്ചത് പോലെ. നമ്മോട് നബി ജാഗ്രത്തായിരിക്കാനും പറഞ്ഞു പലപ്പോഴും. ആ ജാഗ്രതകളില്‍ വെച്ചെല്ലാം മൂര്‍ച്ചയേറിയ ഒന്നാണ് മേല്‍ പറഞ്ഞ ഹദീസ്. നാം നരകത്തില്‍ വീണുപോകാതിരിക്കാന്‍ നമ്മുടെ പിറകില്‍ പിടിച്ചു വലിച്ചു നില്‍ക്കുന്ന നബി(സ), ഓര്‍ത്തു നോക്കൂ! നമ്മള്‍ പ്രായാസപ്പെടുന്നത് അങ്ങേയറ്റം പ്രയാസമാണ് നബിയോര്‍ക്ക് എന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ടല്ലോ. അവിടുന്ന് ഈ ലോകം വിട്ടുപോകേണ്ടി വന്ന ആത്യന്തിക സാഹചര്യമെത്തിയപ്പോഴും, ‘എന്റെ മരണവും നിങ്ങള്‍ക്ക് നന്മയാണെന്ന്’ നമ്മെ സമാധാനിപ്പിച്ചു നബിയോര്‍. കേവലം ഒരു സമാധാനപ്പെടുത്തലല്ലായിരുന്നു അത്. ‘എന്റെ മരണശേഷം നിങ്ങളുടെ കര്‍മങ്ങള്‍ എന്റെ മുന്നില്‍ പ്രദര്‍ശിക്കപ്പെടും. നിങ്ങള്‍ ചെയ്യുന്ന നന്മകളില്‍ ഞാന്‍ സന്തോഷിക്കും, വന്നു പോയേക്കാവുന്ന വീഴ്ചകള്‍ക്ക് ഞാന്‍ പടച്ചവനോട് നിങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടും.’ നേരത്തേ പറഞ്ഞ ഹദീസിന്റെ പൂര്‍ത്തീകരണം കൂടിയായി ഈ തിരുവാക്യങ്ങള്‍ വായിച്ചെടുക്കാം. നമ്മളെ നബി(സ) പിടിച്ചു വെച്ചിട്ടും തെറ്റിലേക്ക് വീണുപോയാല്‍, അവിടുന്ന് നമുക്ക് വേണ്ടി റബ്ബിനോട് ചോദിക്കുമെന്ന്. ഈ മഹാ സ്നേഹത്തിന് നമുക്കെന്താണ് തിരിച്ചു കൊടുക്കാനുള്ളത്? അല്ലെങ്കില്‍ എങ്ങനെയാണ് നാം നബി(സ)യെ തിരിച്ചു സ്നേഹിക്കുക? ഈ ചോദ്യങ്ങള്‍ സദാ നമ്മുടെ ഉള്ളിലുണ്ടാകേണ്ടതുണ്ട്.
നമുക്കേവര്‍ക്കും അറിയാവുന്നത് പോലെ സ്നേഹമെന്നത് താര്‍ക്കിക യുക്തിയുടെ അടിസ്ഥാനത്തില്‍ തെളിയിക്കേണ്ട ഒന്നല്ല. വേണമെങ്കില്‍ അങ്ങനെ ചെയ്യാമെങ്കില്‍ പോലും. അത് നമ്മുടെ മനസ്സില്‍ ഉറവപൊട്ടുന്ന നിര്‍മലമായ ഒരു വികാരമാണ്. നബിയോരോടുള്ളതാകുമ്പോള്‍ അത് നമ്മുടെ വിചാരത്തെയും കര്‍മങ്ങളെയുമെല്ലാം വഴി നടത്തുന്ന ചാലകശക്തിയായി മാറുന്നു. തിരുസ്നേഹത്തെ കുറിച്ചായിരിക്കാം ഒരു പക്ഷേ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രചനകളും സംസാരങ്ങളും ഉപദേശങ്ങളും നടന്നിട്ടുണ്ടാകുക. വര്‍ത്തമാനത്തിലുമതേ. എല്ലാ കാലത്തും, എല്ലാ ദേശങ്ങളിലും, നബിയോടൊട്ടി നില്‍ക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തില്‍ നിന്നും അതിന്റെ പൂര്‍ത്തീകരണത്തിനുള്ള വഴികളെ കുറിച്ചുള്ള ചിന്തയില്‍ നിന്നുമാണ് ഇവയെല്ലാം പിറന്നിട്ടുള്ളത്. ഈ അവസാന കാലത്ത് ജീവിക്കുകയെന്നാല്‍, നബിസ്നേഹത്തെ ജീവിതത്തില്‍ പകര്‍ത്തിവെക്കാന്‍ നമുക്ക് മുന്നില്‍ നമ്മുടെ പൂര്‍വികര്‍ കാണിച്ചു തന്ന അത്രയും വഴികളുണ്ടെന്ന് കൂടിയാണ് അര്‍ഥം. കാലത്തിന്റെ കേവലം കണക്ക് കൊണ്ടു മാത്രമേ നാം നബി(സ)യില്‍ നിന്നകലുന്നുള്ളൂ. ബാക്കിയെല്ലാ അര്‍ഥത്തിലും തിരുനബി(സ) നമ്മുടെ കൂടെ തന്നെയുണ്ട്. എപ്പോഴും കൂടെയുള്ളൊരാളെ സ്നേഹിക്കാതെങ്ങനെ?
നമുക്ക് ഏറ്റവും ചുരുങ്ങിയത് മൂന്ന് അര്‍ഥത്തിലെങ്കിലും ഈ തിരുസ്നേഹത്തെ ജീവിതത്തില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒന്ന് നമ്മുടെ ഹൃദയത്തിലാണ്. നബിയോരുടെ മദ്ഹ് കേള്‍ക്കുമ്പോള്‍ നമുക്ക് ഉള്‍ക്കുളിരുണ്ടാകുന്നത്, അവിടുത്തെ ആരെങ്കിലും ആക്ഷേപിക്കുമ്പോള്‍ നമുക്ക് വിഷമമുണ്ടാകുന്നത്, നാം സാഹചര്യവശാല്‍ വല്ല തെറ്റും ചെയ്തുപോയാല്‍ നബിയോരെ മുന്‍നിര്‍ത്തി നമുക്കതിനെ കുറിച്ച് വിഷമം തോന്നുന്നത് തുടങ്ങിയവയെല്ലാം അതിന്റെ അടയാളങ്ങളാണ്. നമ്മെ നരകത്തില്‍ നിന്ന് പിടിച്ചു വെക്കുന്ന തിരുകരങ്ങളില്‍ നിന്ന് നാം കുതറിയോടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും നാം പരിശോധിക്കണം. രണ്ട്, നമ്മുടെ ബാഹ്യമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. അവിടുത്തെ ചര്യകള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുക എന്നത് തന്നെ. പ്രത്യേകം മനസ്സിലാക്കേണ്ടത്, തിരുനബി(സ) പഠിപ്പിച്ച വിധിവിലക്കുകള്‍ക്കനുസരിച്ചു ജീവിക്കാന്‍ മാത്രമല്ല നമ്മോടുള്ള കല്‍പ്പന. മറിച്ച്, അവിടുത്തെ പൂര്‍ണാര്‍ഥത്തില്‍ അനുധാവനം ചെയ്യുകയും അവിടുത്തേക്ക് വഴിപ്പെടുകയും ചെയ്യുക എന്നതാണ്. അഥവാ ഇത്തിബാഉം ത്വാഅതും, ഇവയാണ് നമ്മോട് പടച്ചവന്‍ നബിയോരുടെ കാര്യത്തില്‍ ആവശ്യപ്പെടുന്നത്. ഇരുലോക വിജയത്തിനുള്ള വഴിയും അത് മാത്രമാണ്. നബി(സ)യെ അല്ലാഹുവിലേക്കുള്ള കുറുക്കുവഴിയായല്ല, ഒരേയൊരു വഴിയായാണ് നാം മനസ്സിലാക്കേണ്ടത്. നമ്മുടെ പൂര്‍വഗാമികള്‍ മുത്തുനബി(സ) ജീവിച്ചതുപോലെ ജീവിക്കാന്‍ ശ്രമിച്ചതിന്റെ ജൈവികമായ ശേഷിപ്പാണ് ശമാഇലുര്‍റസൂല്‍ എന്ന വിജ്ഞാനശാഖ തന്നെയും.
ആകയാല്‍, നമ്മുടെ നടപ്പിലും ഇരിപ്പിലും സംസാരത്തിലും മൗനത്തിലും സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം തിരുനബി(സ) നിറയട്ടെ. അങ്ങനെയാകുമ്പോള്‍ നാം ജീവിക്കുന്ന ഓരോ നിമിഷവും നബി(സ)യിലേക്ക് നീളുന്ന സ്നേഹനൂലുകളായി മാറുന്നു. മൂന്ന്, നാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍, അവര്‍ നമ്മുടെ സുഹൃത്തോ ബന്ധുവോ അയല്‍വാസിയോ സഹോദര സമുദായക്കാരനോ ആകട്ടെ, അവരിലെല്ലാം തിരുനബി(സ)യുടെ ഒരംശം അനുഭവിപ്പിക്കാന്‍ നാം ശ്രമിക്കണമെന്നതാണ്. നടേ പറഞ്ഞ രണ്ടുമുണ്ടെങ്കില്‍ അവയുടെ സ്വാഭാവിക പരിണതിയെന്നോണം ഇതുണ്ടാകുകയും ചെയ്യും. നമ്മുടെ വ്യക്തിത്വം, വീട്, കുടുംബം, മഹല്ല്, പള്ളികള്‍, സംഘടന, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാം മനുഷ്യര്‍ക്ക് നബിയെ അനുഭവിക്കാനും അറിയാനുമുള്ള ഇടങ്ങളാകണം. നമ്മുടെ ചെറിയ ചലനങ്ങളിലൂടെ, നാം പറയുന്ന മധുരമുള്ള വാക്കുകളിലൂടെ, നമ്മുടെയൊരു നറുപുഞ്ചിരിയിലൂടെ പോലും ഇത് സാധ്യമാകും. നമുക്ക് നബി(സ)യോടുള്ള സ്നേഹം മറ്റുള്ളവരിലേക്ക് കൂടി പകരണം. അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് എന്ന് മാത്രം. ആളുകളെ പ്രയാസപ്പെടുത്തി ചെയ്യുന്ന ഒരു കാര്യത്തിലും തിരുനബി(സ)ക്ക് വലിയ താത്പര്യമുണ്ടാകില്ലെന്ന് നാം മനസ്സിലാക്കണം. രണ്ട് കാര്യങ്ങള്‍ മുന്നിലുണ്ടെങ്കില്‍ അവയില്‍ ജനങ്ങള്‍ക്ക് എളുപ്പമുള്ള കാര്യത്തെ മാത്രമേ നബി(സ) തിരഞ്ഞെടുക്കാറുള്ളൂ എന്ന് ആഇശ ബീവി(റ) പറയുന്നുണ്ട്. നമ്മുടെയൊക്കെ പൊതുപ്രവര്‍ത്തനത്തിന് വഴിവെളിച്ചമാകേണ്ടുന്ന ഒരു പാഠം കൂടിയാണിത്.
ചുരുക്കത്തില്‍, നബിയോടുള്ള സ്‌നേഹമെന്നത് നാം ആഴത്തില്‍ ചിന്തിക്കുകയും അതിസൂക്ഷ്മമായി പ്രാവര്‍ത്തികമാക്കുകയും കൂടെ ചെയ്യേണ്ട ഒന്നാണ്. ഇങ്ങനെയോ ഇതിലുമപ്പുറമോ എന്തെല്ലാം ചെയ്താല്‍ പോലും നമ്മെ തീയില്‍ വീഴാതെ നോക്കുന്ന, നമ്മുടെ സത്കര്‍മങ്ങളില്‍ സന്തോഷിക്കുന്ന, നമുക്ക് വേണ്ടി പടച്ചവനോട് പറയുന്ന നബിയുടെ സ്നേഹത്തിന് നാം പകരം ചെയ്തുവെന്ന് കരുതാനാകില്ല. ഇതെല്ലാം നമ്മുടെ ശ്രമങ്ങള്‍ മാത്രമാണ്. ആ ശ്രമങ്ങള്‍ കണ്ട് നബി(സ) പുഞ്ചിരിക്കും, നമ്മുടെ കൈപിടിക്കും, നമുക്ക് സ്വര്‍ഗീയ പാനീയം വിളമ്പിത്തരും. അതാണ് നമ്മുടെ ജീവിത ലക്ഷ്യം, അതിനേക്കാള്‍ വലുതൊന്നും നമുക്ക് നേടാനില്ല. ഈ ലക്ഷ്യവും അതിലേക്കുള്ള നമ്മുടെ ശ്രമങ്ങളും ഊട്ടിയുറപ്പിക്കാന്‍ കൂടിയുള്ളതാണ് ഓരോ റബീഉം. നാം ജീവിതത്തിലുടനീളം കൊണ്ടു നടക്കേണ്ട മൂല്യങ്ങളുടെ വാര്‍ഷികം കൂടിയാണ് റബീഉല്‍ അവ്വല്‍. മുത്തുനബി(സ)യെന്നത് നമുക്ക് ആനന്ദത്തിന്റെ ഉച്ചിയാണ്. ആ അത്യാനന്ദമാണ് നമ്മെ വഴിനടത്തുന്നത്, ജീവിതത്തിലേക്കും സ്വര്‍ഗത്തിലേക്കും. ഇനി സ്വര്‍ഗത്തിലെത്തിയാലും നമ്മുടെ സന്തോഷമെന്താണ്? മുത്തുനബി(സ) നമ്മോടൊപ്പം ഉണ്ടാകുമെന്നത് തന്നെ. നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നബി(സ) ഇല്ലാതെയാകുന്നില്ല, ഏത് ലോകത്തും. അങ്ങനെയൊരു ജീവിതം നമുക്കാവശ്യവുമില്ല. മുത്തുനബി(സ) ഇല്ലെങ്കില്‍ മറ്റാരാണ് നമ്മുടെ കൂടെ? ഏവര്‍ക്കും എന്റെ നബിദിന ആശംസകള്‍, പ്രാര്‍ഥനകള്‍.




