Source :- SIRAJLIVE NEWS
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എന്‍ ഡി എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെക്കുറിച്ച് റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. 2034ലെ തിരഞ്ഞെടുപ്പിനൊപ്പം മുഴുവന്‍ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനായിരുന്നു നേരത്തേ തീരുമാനം. ഇതിന് ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. അതേസമയം എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ പിരിച്ചുവിടാന്‍ വലിയ പ്രയാസമുണ്ടാകില്ല. ഈ സംസ്ഥാനങ്ങളില്‍ 2029ല്‍ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടന്നാല്‍ 2034ല്‍ രാജ്യം മുഴുക്കെ ഒന്നിച്ചു നടത്തുക കൂടുതല്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുകയും നിരന്തരമായ തിരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കുകയുമാണ് ഒന്നിച്ചു നടത്തുന്നതിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. എന്നാല്‍ സ്വന്തം ഭരണത്തിലുള്ള സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തി ഒറ്റയടിക്ക് പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പ്രതിപക്ഷത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. ഇത് മുതലെടുത്ത് പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ആധിപത്യം നേടാനാകുമെന്നും ബി ജെ പി കണക്കു കൂട്ടുന്നു.
കോക്രോച്ച് ജനതാപാര്‍ട്ടി (സി ജെ പി)യുടെ രംഗപ്രവേശവും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളികളുമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ അജന്‍ഡ നേരത്തേയാക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ ഫെഡറലിസത്തിനും ഇത് കനത്ത ആഘാതമേല്‍പ്പിക്കും. എന്‍ ഡി എ നിയന്ത്രണത്തിലുള്ള 22 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തിലും രണ്ട് വര്‍ഷത്തിനകം തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഇവിടങ്ങളില്‍ വീണ്ടും എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ 2029ല്‍ ഈ നിയമസഭകള്‍ പിരിച്ചുവിടേണ്ടി വരും. മറ്റു ഏഴ് സംസ്ഥാനങ്ങളില്‍ 2029ന് ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവിടെയും നിയമസഭ നേരത്തേ പിരിച്ചുവിടേണ്ടതുണ്ട്. നിയമസഭയുടെ കാലാവധി കേന്ദ്രഭരണ കക്ഷിയുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് പുനര്‍നിര്‍ണയിക്കുന്നത് ജനാധിപത്യ തത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ല.
നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന ഘടകങ്ങളെയും ഇത് ബാധിക്കും. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമായും ദേശീയ വിഷയങ്ങളാണ് ചര്‍ച്ചക്ക് വരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളും. കേരളത്തില്‍ ഉയരുന്ന രാഷ്ട്രീയ പ്രശ്നമായിരിക്കില്ല തമിഴ്നാട്ടിലേത്. പശ്ചിമ ബംഗാളിന്റെ സാമൂഹിക പ്രശ്നം കര്‍ണാടകയുടേതാകണമെന്നില്ല. മഹാരാഷ്ട്രയുടെയും ബിഹാറിന്റെയും മണിപ്പൂരിന്റെയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. രണ്ട് തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ വന്‍ പ്രചാരണശേഷി സംസ്ഥാന വിഷയങ്ങളെ മറികടക്കുകയും ഇത് പ്രചാരണ രംഗത്ത് പ്രാദേശിക വിഷയങ്ങളും കക്ഷികളും പിന്തള്ളപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഭാഷ, സംസ്‌കാരം, സാമ്പത്തിക ഘടന, സാമൂഹിക പ്രശ്നങ്ങള്‍, വികസന മുന്‍ഗണനകള്‍ തുടങ്ങിയവയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുള്ള നമ്മുടെ ബഹുസ്വര രാജ്യത്ത് ഇതിന്റെ പ്രത്യാഘാതം അത്ര ചെറുതല്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഓരോ സംസ്ഥാനത്തിനും അവരുടെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മതിയായ അവസരം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് സ്വന്തം ഇടവും സമയവും ലഭിച്ചെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ.
തിരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം ജനങ്ങള്‍ക്ക് രാഷ്ട്രീയ വിധി പറയാനുള്ള സ്ഥിതിയിലേക്ക് രാജ്യം നീങ്ങും. ഇത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്വ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഏകകേന്ദ്ര രാഷ്ട്രീയ സംവിധാനമല്ല ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്നത്; കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതാത് വോട്ടര്‍മാര്‍ നല്‍കുന്ന ജനവിധിയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലെത്തുന്ന ഫെഡറല്‍ ജനാധിപത്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ അനുകൂല രാഷ്ട്രീയ സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ വിധിയെ നിര്‍ണയിക്കുന്ന അവസ്ഥ ഉണ്ടാകരുത്.
അധികാരത്തെയും അധികാര വര്‍ഗത്തെയും ജനങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശക്തമായ ഭരണഘടനാ ഉപകരണമാണ് തിരഞ്ഞെടുപ്പ്. ജനങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് അധികാരമേല്‍പ്പിച്ച ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ആവശ്യമെങ്കില്‍ ഇടക്കാലത്ത് താഴെയിറക്കാനും കഴിയും വിധമായിരിക്കണം തിരഞ്ഞെടുപ്പുകള്‍ ക്രമീകരിക്കേണ്ടത്. അത് എപ്പോള്‍ നടത്തണം, എത്ര ഇടവേള വേണം, മറ്റു തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്തണോ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ഭരണാധികാരികളുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് നിശ്ചയിക്കപ്പെടുന്ന രീതിയിലേക്ക് മാറുന്നത് ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറാനിടയാക്കും. തിരഞ്ഞെടുപ്പ് എന്ന ശക്തമായ ആയുധം ജനങ്ങള്‍ക്കാവശ്യമായ ഘട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ഏതൊരു പരിഷ്‌കാരത്തെയും സംശയത്തോടെ മാത്രമേ നിരീക്ഷിക്കാനാകൂ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളിലും മാറ്റങ്ങളിലും അധികാരി വര്‍ഗത്തെ ചോദ്യം ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തെയും വളര്‍ച്ചയെയും നേരിടാനുള്ള ആയുധമായി തിരഞ്ഞെടുപ്പ് സംവിധാനത്തെ മാറ്റരുത്.




