Home rss national malayalam പുതിയ വാർത്ത കണ്ണീരൊപ്പുന്ന കരുതലിന്റെ തണൽ; മൂന്ന് വർഷത്തിനിടെ 53 തത്സമയ റേഡിയോ പ്രക്ഷേപണവുമായി ഷാർജ ഭരണാധികാരി

കണ്ണീരൊപ്പുന്ന കരുതലിന്റെ തണൽ; മൂന്ന് വർഷത്തിനിടെ 53 തത്സമയ റേഡിയോ പ്രക്ഷേപണവുമായി ഷാർജ ഭരണാധികാരി

8
0

Source :- SIRAJLIVE NEWS

ഷാർജ | ഭരണാധികാരിയുടെ ഹൃദയം ജനങ്ങളുടെ മിടിപ്പിനൊപ്പം ചേരുമ്പോൾ അവിടെ പിറക്കുന്നത് അസാധാരണമായൊരു കരുണയുടെ ചരിത്രമാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്റെ ജനതയുടെ വേദനകൾക്കും ആവലാതികൾക്കും സാന്ത്വനമേകാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റേഡിയോ തത്സമയ പ്രക്ഷേപണത്തിൽ ഇടപെട്ടത് 53 തവണ. ഷാർജ റേഡിയോയുടെ ജനപ്രിയ പരിപാടിയായ “ഡയറക്റ്റ് ലൈനി’ലൂടെയാണ് (ഖത്തുന്നുബാശിർ) നാടിന്റെ നന്മയും സുരക്ഷയും കാക്കുന്ന ഭരണാധികാരി സാധാരണക്കാരുടെ സങ്കടങ്ങളിലേക്ക് സ്‌നേഹത്തിന്റെ തണലായി നേരിട്ടെത്തിയത്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ 2023-ൽ 16 തവണയും 2024-ൽ 21 തവണയും 2025-ൽ 16 തവണയുമാണ് അദ്ദേഹം പ്രക്ഷേപണത്തിൽ നേരിട്ട് പങ്കെടുത്തത്. ഷാർജ ന്യൂസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ ഒരു ഭരണാധികാരി തന്റെ ജനങ്ങളോട് പുലർത്തുന്ന ആത്മബന്ധത്തിന്റെ തെളിവായി മാറുന്നു. “ഈ പരിപാടി കേൾക്കുന്നതിനായി ഞാൻ ഉച്ചയുറക്കം പോലും വേണ്ടെന്നുവെക്കാറുണ്ട്; വിമാനയാത്രയിലാണെങ്കിൽ പോലും ഞാൻ എവിടെയായിരുന്നാലും ഡയറക്റ്റ് ലൈൻ പിന്തുടരുന്നു’ എന്ന് ഹൃദയസ്പർശിയായി അദ്ദേഹം പറഞ്ഞത് ഒരു നാടിന്റെ കാവലാളിന്റെ അർപ്പണബോധമാണ് അടയാളപ്പെടുത്തുന്നത്.

2006-ൽ തുടക്കം കുറിച്ച ഈ തത്സമയ വേദിയാണ് സ്വദേശികൾക്കും പ്രവാസികൾക്കും തങ്ങളുടെ സങ്കടങ്ങൾ നേരിട്ട് ഉന്നതങ്ങളിലെത്തിക്കാനുള്ള ആശ്രയമായി മാറിയത്. രോഗബാധിതനായ മകന്റെ ചികിത്സയും പഠനച്ചെലവും താങ്ങാനാവാതെ വിതുമ്പിയ ഒരു മാതാവിന്റെ കരച്ചിൽ കേട്ട് ഉടനടി സഹായഹസ്തം നീട്ടിയതും ഭവന വായ്പ തിരിച്ചടയ്ക്കാനാവാതെ വീട് ജപ്തി ഭീഷണിയിലായ കുടുംബത്തിന് തുണയായതുമെല്ലാം ആ കരുണാർദ്രമായ ഇടപെടലുകളുടെ ഉദാഹരണങ്ങളാണ്.

പൗരനോ വിദേശിയോ എന്ന വേർതിരിവില്ലാതെ ആരു വിളിച്ചാലും അവരുടെ പ്രശ്‌നങ്ങൾ അവഗണിക്കരുതെന്നും മുൻഗണന നൽകി പരിഹരിക്കണമെന്നുമാണ് ഭരണാധികാരി നൽകിയിട്ടുള്ള കർശന നിർദേശം. ഷാർജയിലെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഈ റേഡിയോ തരംഗങ്ങളിലൂടെ, അധികാരം എന്നത് ആജ്ഞാപിക്കലല്ല, മറിച്ച് ജനങ്ങളെ ചേർത്തുപിടിക്കലാണെന്ന് ഡോ. ശൈഖ് സുൽത്താൻ വീണ്ടും തെളിയിക്കുകയാണ്.

Content Highlights:
Sharjah Ruler Sheikh Dr. Sultan bin Muhammad Al Qasimi intervened 53 times over the past three years on the Direct Line radio program. His direct involvement helped address personal, financial, and medical issues of citizens and expats. He personally follows the program even during his travels.