Home rss national malayalam പുതിയ വാർത്ത ആന്ധ്രാപ്രദേശിലെ മരുന്ന് നിര്‍മാണ കമ്പനിയുടെ പ്ലാന്റില്‍ വന്‍ സ്‌ഫോടനം; അഞ്ച് മരണം, 10 പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ മരുന്ന് നിര്‍മാണ കമ്പനിയുടെ പ്ലാന്റില്‍ വന്‍ സ്‌ഫോടനം; അഞ്ച് മരണം, 10 പേര്‍ക്ക് പരിക്ക്

3
0

Source :- SIRAJLIVE NEWS

തിരുപ്പതി|ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മരുന്ന് നിര്‍മ്മാണ കമ്പനിയുടെ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീ സിറ്റി സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ടി ഐ എല്‍ ഹെല്‍ത്ത്കെയര്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലത്തെ ഷിഫ്റ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പ്രദേശമാകെ പുക മൂടി. അപകടവിവരം അറിഞ്ഞ് ശ്രീ സിറ്റി പോലീസും അഗ്‌നിശമന സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടന്‍ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പോലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് വിശദമായ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്താന്‍ കമ്പനി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Content Highlights:
A massive explosion at the TIL Healthcare pharmaceutical plant in Tirupati’s Sri City SEZ killed five workers and severely injured ten others. Emergency teams rushed the victims to nearby hospitals as rescue efforts began. Authorities are investigating potential technical failures or safety breaches.