Home BUSINESS NEWS MALYALAM കനത്ത മഴ: പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ

കനത്ത മഴ: പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കിയതോടെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീടും വെള്ളപ്പൊക്കത്തിൽപ്പെട്ടു. വീടിനും ഭാര്യ ഉഷ നടത്തുന്ന സ്ഥാപനത്തിനും ഉൾപ്പെടെ ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

40 വർഷമായി പൂഞ്ഞാറിൽ താമസിക്കുന്നുണ്ടെങ്കിലും ഇത്രയും ഗുരുതരമായ സാഹചര്യം ആദ്യമായാണെന്ന് പി.സി. ജോർജ് പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന ഒരാൾ പുലർച്ചെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് വെള്ളം ഉയരുന്നതറിഞ്ഞത്. തുടർന്ന് വീടിനകത്ത് മൂന്നരയടിയോളം വെള്ളം കയറുകയും കുടുംബാംഗങ്ങൾ മുകളിലെ നിലയിലേക്ക് മാറുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

വീട്ടിലെ ഫ്രിഡ്ജ്, ടെലിവിഷൻ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചെന്നും വീട്ടിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറിയിട്ടുണ്ട്.

അതേസമയം, ഭാര്യ ഉഷ പൂഞ്ഞാറിൽ നടത്തുന്ന സ്ഥാപനത്തിലും വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി. വിലകൂടിയ സാരികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചതോടെ സ്ഥാപനത്തിന് മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

പൂഞ്ഞാർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം 213 മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. അർധരാത്രിയോടെ ഈരാറ്റുപേട്ട മേഖലയിൽ വെള്ളം ഉയർന്നതോടെയാണ് പ്രദേശത്ത് വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായത്.