Home rss national malayalam പുതിയ വാർത്ത കരുതിയിരിക്കുക; എ ഐ കൈവിട്ടുപോകുകയാണ്

കരുതിയിരിക്കുക; എ ഐ കൈവിട്ടുപോകുകയാണ്

5
0

Source :- SIRAJLIVE NEWS

മനുഷ്യന്റെ ജീവിതം എളുപ്പമാകുമെന്നും അധ്വാനഭാരം കുറച്ച് പുതിയൊരു വികസനയുഗത്തിന് തുടക്കമിടുമെന്നുമെല്ലാം അവകാശപ്പെട്ടാണ് നിർമിതബുദ്ധിയെ നാം ആഘോഷിക്കുന്നത്. ശാസ്ത്രലോകത്തെ അത്ഭുതമെന്ന് വിശേഷിപ്പിച്ച ഈ സാങ്കേതികവിദ്യ ഇന്ന് മനുഷ്യന്റെ സർഗാത്മകതയെയും ചിന്താശേഷിയെയും മറികടക്കും വിധത്തില്‍ അതിവേഗം വളര്‍ന്നിരിക്കുന്നു. അമിതമായ ഈ ആഘോഷങ്ങള്‍ക്കിടയില്‍ നിർമിതബുദ്ധിയുടെ നിയന്ത്രണം മനുഷ്യരുടെ കൈകളില്‍ നിന്ന് നഷ്ടപ്പെടുമ്പോള്‍ അത് വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ലെന്നും ചോര വീഴ്ത്താനും സാധാരണക്കാരുടെ സ്വകാര്യതകളിലേക്ക് അതിക്രമിച്ചു കയറാനുമുള്ള ആയുധമായി മാറുമെന്നും ലോകം ഇപ്പോള്‍ ഞെട്ടലോടെ തിരിച്ചറിയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇറാനില്‍ നിന്നുള്ള മിസൈലാക്രമണത്തിന്റെയും ആസ‌്ത്രേലിയയില്‍ നിന്നുള്ള സുരക്ഷാവീഴ്ചയുടേയും വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ലോകം വായിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 28ന് തെക്കന്‍ ഇറാനിലെ മിനാബില്‍ ഒരു പ്രൈമറി സ്‌കൂളിന് നേരെ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 123 പിഞ്ചുകുഞ്ഞുങ്ങളടക്കം 175 നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ആ നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ കൂട്ടക്കൊലക്ക് പിന്നില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച എ ഐ സോഫ്റ്റ്്വെയറിലുണ്ടായ ഗുരുതരമായ പിഴവാണെന്ന് കഴിഞ്ഞ ദിവസം പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്യുകയുണ്ടായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാനിന്റെ റവല്യൂഷനറി ഗാര്‍ഡ്‌സ് ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അബദ്ധത്തെ ന്യായീകരിക്കാന്‍ അമേരിക്ക വിശദീകരിക്കുമ്പോഴും ആധുനിക ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അവിടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണെന്ന് വ്യക്തമാകുമായിരുന്നു. വേഗത്തില്‍ ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ യുദ്ധതന്ത്രങ്ങളില്‍ ഉപയോഗിച്ച “മേവന്‍ സ്മാര്‍ട്ട് സിസ്റ്റം’ എന്ന എ ഐക്ക് വര്‍ഷങ്ങള്‍ക്കിടയില്‍ ആ കെട്ടിടത്തിന് വന്ന മാറ്റം തിരിച്ചറിയാന്‍ സാധിച്ചില്ല. ആ നിർമിത ബുദ്ധിയുടെ പിഴവിന്റെ ഫലമായി ഇല്ലാതായത് ഒരു തലമുറയുടെ സ്വപ്നങ്ങളും നൂറിലേറെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുമാണ്. വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ സോഫ്റ്റ്്വെയറിന്റെ ഉത്തരവാദിത്വമല്ലെന്ന് ലാഘവത്തോടെ പറയുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ച പാലന്റീര്‍ കമ്പനിയുടെ പ്രതികരണം അതിലും ഭയാനകവും പ്രതിഷേധാര്‍ഹവുമാണ്.

എ ഐ സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന സൈനിക പരീക്ഷണങ്ങളും ആയുധവത്കരണവും എത്രത്തോളം വലിയ വിപത്താണ് ആഗോളതലത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മിനാബിലെ പ്രൈമറി സ്‌കൂളിലെ മിസൈല്‍ ആക്രമണം.
ഡിജിറ്റല്‍ സുരക്ഷാ മേഖലയിലും കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ആസ‌്ത്രേലിയയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഒരു മനുഷ്യന്റെയും അനുവാദമോ നിർദേശമോ ഇല്ലാതെ ഓപണ്‍ എ ഐയുടെ ഒരു എ ഐ ഏജന്റ് ആസ‌്ത്രേലിയന്‍ സര്‍ക്കാറിന്റെ മെഡികെയര്‍ വെബ്‌സൈറ്റില്‍ സ്വതന്ത്രമായി നുഴഞ്ഞുകയറിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ആസ‌്ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് തന്നെയാണ് ഈ ഗുരുതര സുരക്ഷാവീഴ്ച സ്ഥിരീകരിച്ചത്. രോഗികളുടെ അതീവരഹസ്യ വിവരങ്ങള്‍ പൂർണമായി ചോര്‍ന്നില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അനുവാദമില്ലാത്ത സുപ്രധാനമായ സര്‍ക്കാര്‍ ഫയലുകളില്‍ എ ഐ ഏജന്റിന്റെ അനധികൃത സാന്നിധ്യവും ഇടപെടലുമുണ്ടായി എന്ന യാഥാർഥ്യം സാങ്കേതിക വിദഗ്ധരെപ്പോലും ഭയപ്പെടുത്തുന്നു.

ഒരു സ്വതന്ത്ര പരമാധികാര സര്‍ക്കാറിന്റെ അതിസുരക്ഷാ സെര്‍വറുകളിലേക്ക് പോലും മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാതെ തനിയെ കടന്നുകയറാന്‍ ഒരു എ ഐ സംവിധാനത്തിന് കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പാണ്. ജൂണിൽ നടന്ന ഈ അനധികൃത നുഴഞ്ഞുകയറ്റം ആഗസ്റ്റിൽ കമ്പനി മനസ്സിലാക്കിയിട്ടും സെപ്തംബർ വരെ ആസ‌്ത്രേലിയന്‍ സര്‍ക്കാറിനെ അറിയിക്കാന്‍ തയ്യാറായില്ലെന്ന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മ അതിലും ആശങ്കയുണര്‍ത്തുന്നതാണ്. വ്യാവസായിക മത്സരവും വാണിജ്യ ലാഭവും മുന്‍നിര്‍ത്തി കമ്പനികള്‍ സുരക്ഷാ വീഴ്ചകള്‍ മൂടിവെക്കാന്‍ ശ്രമിക്കുമ്പോള്‍ നിർമിതബുദ്ധി മനുഷ്യന്റെ കല്‍പ്പനകള്‍ക്കപ്പുറം സ്വയം തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തിക്കുന്ന ഭയാനകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ഹൈപ്പര്‍ ഇന്റലിജന്റ് മെഷീനുകള്‍ യാഥാർഥ്യമായേക്കാമെന്നാണ് കാനഡയിലെ മോണ്‍ട്രിയാൽ സര്‍വകലാശാലയിലെ പ്രൊഫസറും എ ഐയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ ഗവേഷകനുമായ പ്രൊഫ. യോഷ്വാ ബെന്‍ജിയോ മുന്നറിയിപ്പ് നല്‍കുന്നത്. മനുഷ്യനെ മറികടക്കുന്ന നിര്‍മിതബുദ്ധികള്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ മനുഷ്യന്റെ നിലനില്‍പ്പിനേക്കാളും സുരക്ഷയേക്കാളും സ്വന്തം അസ്തിത്വത്തിനും ലക്ഷ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന എ ഐ ഏജന്റുകളായി അവ മാറിയേക്കാമെന്നും അതിനുള്ള സാധ്യത കേവലം ഒരു ശതമാനമാണെങ്കിൽപ്പോലും മനുഷ്യവംശം അതിനെ അതീവ ഗൗരവത്തോടെ ഭയക്കണമെന്നും യോഷ്വാ ലോകത്തെ ഓർമിപ്പിക്കുന്നു. എ ഐയുടെ അനിയന്ത്രിതമായ വളര്‍ച്ചക്ക് അന്താരാഷ്ട്രതലത്തില്‍ കര്‍ശനമായ കടിഞ്ഞാണിട്ടില്ലെങ്കില്‍ മനുഷ്യവംശം തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടേക്കാമെന്ന് ഓപൺ എ ഐയുടെ സുരക്ഷാ ഗവേഷകനായ മാര്‍ക്കസ് വില്യംസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യരേക്കാള്‍ മിടുക്കരായ എ ഐ സംവിധാനങ്ങള്‍ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് ഓപണ്‍ എ ഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറയുമ്പോള്‍ വിപണി പിടിച്ചടക്കാനുള്ള ടെക് ഭീമന്മാരുടെ മത്സരം മനുഷ്യരാശിയുടെ ഭാവി തന്നെയാണ് പരീക്ഷണമാക്കുന്നത്. വരാനിരിക്കുന്ന മഹാദുരന്തം മുന്‍കൂട്ടി കണ്ട് ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സ്വതന്ത്രമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി യോഷ്വാ ബെന്‍ജിയോ 30 ദശലക്ഷം ഡോളര്‍ മുടക്കി ലോസീറോ എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിന് തുടക്കമിട്ടത് ഈ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

കമ്പ്യൂട്ടര്‍ കോഡിംഗിലും വൈദ്യശാസ്ത്ര ഗവേഷണങ്ങളിലും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലും ഉത്പാദനക്ഷമത പതിന്മടങ്ങ് വർധിപ്പിക്കാന്‍ എ ഐക്ക് സാധിക്കുന്നുണ്ടങ്കിലും സാധാരണക്കാരായ ദശലക്ഷക്കണക്കിന് മനുഷ്യരുടെ തൊഴിലുകളാണ് ഓട്ടോമേഷന്റെ പേരില്‍ ദിവസേന ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റ് ലോകം ലാഭം മാത്രം ലക്ഷ്യമിട്ട് എ ഐയെ പകരക്കാരനാക്കുമ്പോള്‍ ഐ ടി രംഗത്തടക്കം തുടക്കക്കാര്‍ക്ക് പുതിയ ജോലികള്‍ ലഭിക്കാത്ത തൊഴിലില്ലായ്മയുടെ വലിയൊരു സാമൂഹിക പ്രതിസന്ധിയും രൂപപ്പെടുന്നു.
ജീവനുള്ള മനുഷ്യരെപ്പോലും അമ്പരപ്പിക്കുന്ന ഡീപ്‌ഫേക്കുകളും വ്യാജ ശബ്ദസന്ദേശങ്ങളും സൈബര്‍ തട്ടിപ്പുകളും സാധാരണക്കാരുടെ ജീവിതവും സമ്പാദ്യവും തകര്‍ക്കുകയാണ്. മിനാബില്‍ ജീവനറ്റ പിഞ്ചുകുട്ടികളുടെ ചോരയും ആസ‌്ത്രേലിയന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കണ്ട മനുഷ്യനിയന്ത്രണമില്ലാത്ത നുഴഞ്ഞുകയറ്റവും വെറും സാങ്കേതിക വാര്‍ത്തകളല്ല. നിയന്ത്രണങ്ങളില്ലാതെ സാങ്കേതികവിദ്യയെ അഴിച്ചുവിട്ടാല്‍ നിർമിതബുദ്ധി നമ്മെ തന്നെ വിഴുങ്ങുമെന്നതിന്റെ മുന്നറിയിപ്പുകളാണ്.

കേവല വാണിജ്യ ലാഭങ്ങള്‍ക്ക് വേണ്ടി പരക്കം പായുന്ന വന്‍കിട ടെക്‌നിക്കല്‍ കമ്പനികള്‍ക്ക് മേല്‍ ശക്തമായ നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ചിന്താശേഷിയുള്ള നിർമിത ബുദ്ധിക്ക് മുന്നില്‍ മനുഷ്യന്‍ വെറുമൊരു കാഴ്ചക്കാരൻ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാന്‍ ഇനിയെങ്കിലും നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.