Source :- SIRAJLIVE NEWS
കോഴിക്കോട് | ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയായ വോട്ടവകാശത്തെയും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയെയും പൂർണമായി അട്ടിമറിക്കുന്ന നടപടികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വോട്ടർപ്പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ ഏകപക്ഷീയമായി വെട്ടിമാറ്റപ്പെട്ടത് അത്യന്തം ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
30ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ എസ് ഐ ആർ പ്രക്രിയയിലൂടെ 13.8 കോടി വോട്ടർമാരെയാണ് കരട് പട്ടികയിൽ നിന്ന് പുറത്താക്കിയത്. അതായത്, ആകെ വോട്ടർമാരുടെ 14 ശതമാനം.
പശ്ചിമബംഗാളിൽ മാത്രം 60 ലക്ഷത്തോളം വോട്ടർമാർ തർക്കപരിധിയിലാകുകയും 27 ലക്ഷത്തിലധികം പേരെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ അപ്പീൽ നൽകിയ 22 ലക്ഷത്തിലധികം ആളുകൾ ട്രൈബ്യൂണലുകൾക്ക് മുന്നിൽ തങ്ങളുടെ വോട്ടവകാശത്തിനായി പോരാടുകയാണ്. ന്യൂനപക്ഷങ്ങൾ, ദളിത്-പിന്നാക്ക ജനവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവരെ ആസൂത്രിതമായി വോട്ടർപ്പട്ടികയിൽ നിന്ന് പുറന്തള്ളി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ചീഫ് ഇലക്‌ഷൻ കമ്മീഷണറുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികൾക്കെതിരെ മറ്റ് രണ്ട് കമ്മീഷണർമാർ 10 മാസത്തിനിടെ, 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചുവെന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സർക്കാറിന് പൂർണാധിപത്യം നൽകി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിച്ചതിന്റെ പിന്നിലും നിഗൂഢ താത്പര്യങ്ങൾ ആരോപിക്കപ്പെട്ടിരുന്നു.
വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരം അംഗീകരിച്ച ഫോം-6ൽ, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും കേന്ദ്ര സർക്കാർ ചട്ടങ്ങളിൽ ഔദ്യോഗികമായി ഭേദഗതി വരുത്താതെയും ഓൺലൈൻ ഫോമിൽ കമ്മീഷൻ നേരിട്ട് ചോദ്യങ്ങൾ ചേർത്തതില്‍ മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ചീഫ് കമ്മീഷണർ ഏകപക്ഷീയമായി നടപ്പാക്കിയത് ആരുടെ സ്വാധീനം മൂലമാണെന്നതും അന്വേഷിക്കപ്പെടേണ്ടതുണ്ട്.
ഒരു പരമോന്നത ഭരണഘടനാ സ്ഥാപനം ഭരണകക്ഷിയുടെ രാഷ്ട്രീയ കാര്യാലയമായി തരംതാഴുന്നത് ജനാധിപത്യത്തിന്റെ ദുരന്തമാണ്. വിവാദപരമായ മുഴുവൻ ഒഴിവാക്കലുകളും പുനഃപരിശോധിക്കാനും അകാരണമായി പുറത്താക്കപ്പെട്ടവരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താനും തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി തയ്യാറാകണം. സുതാര്യതയില്ലാത്ത ഇത്തരം നീക്കങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുണ്ടാകണമെന്നും വോട്ടവകാശ സംരക്ഷണത്തിനായി ജനാധിപത്യ വിശ്വാസികൾ രാഷ്ട്രീയ-സാമൂഹിക വ്യത്യാസങ്ങൾ മറന്ന് രംഗത്തിറങ്ങണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
Content Highlights: SYS state committee expressed deep concern over Chief Election Commissioner’s actions that removed 13.8 crore voters from draft lists. The committee urged immediate reinstatement of arbitrarily deleted citizens and demanded Supreme Court intervention to protect democratic and constitutional rights.




