Source :- SIRAJLIVE NEWS

പത്തനംതിട്ട | കെ എസ് ഇ ബിയുടെ പ്രധാന സംഭരണികളില്‍ ജലനിരപ്പ് ആശങ്കാജനകമായ തോതില്‍ കുത്തനെ താഴ്ന്നു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി പദ്ധതിയുടെ കക്കി ഡാമില്‍ നീരൊഴുക്ക് നിലച്ചു. ആനത്തോട് ഡാം വറ്റി വരണ്ടു. പമ്പയില്‍ 12 ശതമാനം ജലമാണ് അവശേഷിക്കുന്നത്. ശബരിഗിരിയുടെ അനുബന്ധ പദ്ധതിയായ കക്കാടിന്റെ മൂഴിയാര്‍ ഡാമും വറ്റി വരണ്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത ഉത്പാദന കേന്ദ്രമായ ഇടുക്കിയുടെ സംഭരണിയില്‍ നിലവില്‍ 21 ശതമാനം ജലമുണ്ട്. ചെറുകിട പദ്ധതികളായ ഷോളയാറില്‍ 12ഉും, ഇടമലയാറില്‍ 22ഉം കുണ്ടലയില്‍ 17ഉം മാഡുപ്പെട്ടിയില്‍ 12ഉം ശതമാനം ജലം അവശേഷിക്കുന്നുണ്ട്. കുറ്റ്യാടിയില്‍ 31, താര്യോട് ഏഴ്, പൊന്‍മുടിയില്‍ 16, ആനയിറങ്കല്‍ 14, നേര്യമംഗലത്ത് 56 ശതമാനവും ലോവര്‍ പെരിയാറില്‍ 59 ശതമാനവും വെള്ളം കരുതലുണ്ട്.

നിലവില്‍ 730.31 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് കെ എസ് ഇ ബി ലിമിറ്റഡിന്റെ സംഭരണികളിലുള്ളത്. സംഭരണശേഷിയുടെ 18 ശതമാനം. 2025നെ അപേക്ഷിച്ച് 1,040 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലത്തിന്റെ കുറവാണ് ഇത് കാണിക്കുന്നത്. 2025ല്‍ ഇതേ സമയം 1770.99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലം ഡാമുകളില്‍ അവശേഷിച്ചിരുന്നു. സംസ്ഥാനത്ത് മെയ് മാസത്തെ ശരാശരി വൈദ്യുത ഉപഭോഗം 97.53 ദശലക്ഷം യൂനിറ്റായിരുന്നു. ഇതില്‍ 75.55 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറത്തു നിന്നും വാങ്ങി വിതരണം ചെയ്യുകയായിരുന്നു. ഇക്കാലയളവില്‍ 19.87 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ആഭ്യന്തര വൈദ്യുതോത്പാദനം. മെയ് 31ന് ജലസംഭരണികളില്‍ നിന്നുമുള്ള ആഭ്യന്തര ഉത്പാദനം 12.84 ദശലക്ഷം യൂനിറ്റാണ്.

സംസ്ഥാനത്തെ ജലസംഭരണികളെ മാത്രം ആശ്രയിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ അഞ്ച് ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ഡാമുകളില്‍ നിലവിലുള്ളത്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലം സംഭരിക്കുന്നതിനാണ് സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്ക് കഴിയുക. ജൂണ്‍ ആദ്യമാണ് മണ്‍സൂണ്‍ കാറ്റിന്റെ തേരിലേറി ഇടവപ്പാതി കേരളത്തിന്റെ തീരം തൊടുന്നത്. എന്നാല്‍ ഇക്കുറി മെയ് 26ന് കാലവര്‍ഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും, മഴ ഇനിയും ലഭിച്ചില്ലെന്നന്നുള്ളതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. കാലവര്‍ഷം പെയ്തിറങ്ങാന്‍ വൈകിയാല്‍ സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതോത്പാദനവും ഡാമുകളെ ആശ്രയിച്ചുള്ള കേരളാ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട് ഡാം വറ്റി വറ്റണ്ട നിലയില്‍; നീരൊഴുക്ക് നിലച്ച നിലയില്‍ കക്കി ഡാം