Source :- SIRAJLIVE NEWS
കോഴിക്കോട് | കൗണ്‍സിലിംഗിനെത്തിയ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന് ആണ് അറസ്റ്റിലായത്. മാനസിക വിഷമത്തിന് പരിഹാരം തേടിയാണ് തൃശൂര്‍ സ്വദേശിയായ 18കാരി കുടുംബത്തിന് നേരത്തെ പരിചയുള്ള യാഹിയ ഖാന്റെ പാലാഴിയിലെ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്.
എന്നാല്‍, കൗണ്‍സിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കാറില്‍ കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. മാനസിക ആഘാതത്തിലായ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂര്‍ വനിതാ പോലീസിനെ അറിയിക്കുന്നത്. കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







