Home rss national malayalam പുതിയ വാർത്ത ചികിത്സാ ഉപകരണങ്ങള്‍ക്ക് ന്യായവില ഉറപ്പ് വരുത്തണം

ചികിത്സാ ഉപകരണങ്ങള്‍ക്ക് ന്യായവില ഉറപ്പ് വരുത്തണം

5
0

Source :- SIRAJLIVE NEWS

സ്വകാര്യ ആശുപത്രികളും ഫാര്‍മസികളും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സര്‍ജിക്കല്‍ സാമഗ്രികള്‍ക്കും കൊള്ളവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ദേശീയ ഔഷധവില നിര്‍ണയ സമിതി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ആശുപത്രികള്‍ ഉത്പാദകരില്‍ നിന്ന് വാങ്ങുന്ന വിലയും രോഗികളില്‍ നിന്ന് ഈടാക്കുന്ന വിലയും തമ്മില്‍ വന്‍ അന്തരം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആശുപത്രികളിലെ അമിത വിലയെക്കുറിച്ച് വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് ഔഷധവില നിര്‍ണയ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചില സ്വകാര്യ ആശുപത്രികളിലെ കൊള്ളവിലയെക്കുറിച്ച് ഉപഭോക്തൃ സംഘടനകളും പൊതുജനാരോഗ്യ പ്രവര്‍ത്തകരും നിരന്തരം പരാതി ഉന്നയിച്ചുവരുന്നുണ്ടെങ്കിലും മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) അടുത്തിടെ നടത്തിയ പഠനമാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. ആശുപത്രികള്‍ വെറും 11.05 രൂപക്ക് (മൊത്തവില) വാങ്ങുന്ന മെഡിഫ്യൂഷന്‍ ഐ വി സെറ്റിന്‍ രോഗികള്‍ക്ക് നല്‍കുന്നത് 325 രൂപക്കാണെന്ന് പഠനം കണ്ടെത്തി. 2,841 ശതമാനമാണ് വിലക്കൂടുതല്‍. 40-45 രൂപ നിര്‍മാണച്ചെലവും പര്‍ച്ചേയ്‌സ് വിലയുമുള്ള നെബുലൈസര്‍ മാസ്‌കുകളുടെയും ഓക്‌സിജന്‍ മാസ്‌കുകളുടെയും ആശുപത്രി വില 650 മുതല്‍ 715 വരെയാണ്. ലാഭം 1,300 മുതല്‍ 1,600 വരെ ശതമാനം. ഇതേതുടര്‍ന്ന് ആശുപത്രി ഉപകരണങ്ങളും ഉപഭോഗ വസ്തുക്കളും വിലനിയന്ത്രണ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര എഫ് ഡി എ കമ്മീഷണര്‍ തുക്കാറാം മുണ്ടെ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് കത്തെഴുതിയിരുന്നു.

നിര്‍മാണ കമ്പനികളുടെ ഒത്താശയോടെയും സഹകരണത്തോടെയുമാണ് ഈ തട്ടിപ്പ്. ആശുപത്രികള്‍ക്ക് വേണ്ടി മൊത്തമായി വാങ്ങുമ്പോള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ട് നല്‍കുന്ന കമ്പനികള്‍, ആശുപത്രി മാനേജ്‌മെന്റിന്റെ നിര്‍ദേശാനുസാരം ഉയര്‍ന്ന എം ആര്‍ പിയാണ് കവറുകളില്‍ രേഖപ്പെടുത്തുന്നത്. 70 രൂപക്ക് ലഭ്യമാകുന്ന ഓട്ടോഫ്യൂഷന്‍ ഐ വി സെറ്റിനു എം ആര്‍ പി രേഖപ്പെടുത്തിയത് 393 രൂപയാണ്. 461 ശതമാനമാണ് ലാഭം. ആരോഗ്യ സംരക്ഷണ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ചൂഷണമാണ് ചില സ്വകാര്യ ആശുപത്രികളുടെ ഈ വിലനിര്‍ണയമെന്ന് തുക്കാറാം മുണ്ടെ ചൂണ്ടിക്കാട്ടുന്നു. രോഗചികിത്സക്ക് ആശുപത്രികളിലെത്തുന്ന സാധാരണക്കാര്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ യഥാര്‍ഥ വിലയെക്കുറിച്ചു അജ്ഞരായിരിക്കും. രോഗികളുടെയും ബന്ധുക്കളുടെയും ഈ അജ്ഞതയും നിസ്സഹായാവസ്ഥയും ചൂഷണം ചെയ്യുകയാണ് ആശുപത്രി മാനേജ്‌മെന്റുകള്‍. വിപണിയില്‍ സാധാരണഗതിയില്‍ ഒരു മോഡലിന്റെ വില നിശ്ചയിക്കുന്നത് ഉത്പാദനച്ചെലവും വിതരണക്കാരുടെ ന്യായമായ ലാഭവിഹിതവും കണക്കാക്കിയാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇത് പാലിക്കപ്പെടുന്നില്ല. ഇവിടെ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ക്ക് അവകാശപ്പെടാം. എം ആര്‍ പി വില മാത്രമാണല്ലോ അവര്‍ ഈടാക്കുന്നത്. എന്നാല്‍ നിര്‍മാതാക്കളും ആശുപത്രികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എം ആര്‍ പി തീരുമാനിക്കുന്നതെന്ന വസ്തുത അവര്‍ മറച്ചു വെക്കുന്നു. 10 രൂപ ചെലവില്‍ നിര്‍മിക്കുന്ന ഒരു ഉപകരണത്തിന് കമ്പനി 200 രൂപ എം ആര്‍ പി പ്രിന്റ് ചെയ്യുന്നു. ഇത് 11 രൂപക്കോ 12 രൂപക്കോ കമ്പനിയില്‍ നിന്ന് വാങ്ങുന്ന ആശുപത്രി അധികൃതര്‍ രോഗിയില്‍ നിന്ന് എം ആര്‍ പി നിരക്കായ 200 രൂപ ഈടാക്കുകയും ചെയ്യുന്നു. ഇത് നീതീകരിക്കാവുന്നതാണോ?
മറ്റു മേഖലകളിലെ ഇടപാടുകളില്‍ ഒരു ഉത്പന്നത്തിന് വില കൂടുതലാണെന്നു കണ്ടാല്‍ ഉപഭോക്താവിന് അത് വാങ്ങാതിരിക്കുകയും വിലക്കുറവുള്ള കേന്ദ്രങ്ങളെ സമീപിക്കുകയും ചെയ്യാം. എന്നാല്‍ ആശുപത്രിയിലെ ഐ സി യുവില്‍ കിടക്കുന്ന രോഗിയോ ബന്ധുക്കളോ വിലപേശാനും വിലക്കുറവ് അന്വേഷിച്ചു നടക്കാനും ശ്രമിക്കാറില്ല. പണം എത്ര ചെലവായാലും രോഗി എത്രയും വേഗത്തില്‍ സുഖം പ്രാപിച്ചു കാണാനുള്ള മാനസികാവസ്ഥയിലായിരിക്കും അവര്‍. മാത്രമല്ല, രോഗി അഡ്മിറ്റായി കഴിഞ്ഞാല്‍ ചികിത്സക്കാവശ്യമായ സിറിഞ്ചും ഗ്ലൗസും ഐ വി ഫ്‌ളൂയിഡുകളും മറ്റും ആശുപത്രി ഫാര്‍മസിയില്‍ നിന്നോ അവര്‍ നിര്‍ദേശിക്കുന്ന ഫാര്‍മസിയില്‍ നിന്നോ വാങ്ങാന്‍ രോഗിയും ബന്ധുക്കളും നിര്‍ബന്ധിതരാകുന്നു. വിലക്കുറവുള്ള പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ ആശുപത്രി അധികൃതര്‍ അനുവദിക്കാറില്ല. ഇന്‍ഫെക്‌ഷന്‍ നിയന്ത്രണം, ഗുണനിലവാരം തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് ഈ വിലക്ക്.
അതേസമയം ആരോഗ്യ സംരക്ഷണ രംഗത്ത് സ്വകാര്യ മേഖല നല്‍കുന്ന സംഭാവനകള്‍ക്കു നേരെ കണ്ണടക്കാനാകില്ല. മികച്ച അടിസ്ഥാന സൗകര്യവും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ മികച്ച പങ്ക് വഹിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ക്കും രോഗപരിചരണത്തിനും ന്യായമായ നിരക്ക് ഈടാക്കി മാതൃകാപരമായ സേവനം നടത്തുന്ന ആശുപത്രികളുമുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ കൊള്ളലാഭം കൊയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശം. ഇത്തരം പ്രവണത പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല. രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രയജ്ഞമാണ് ചികിത്സ. അത് രോഗിയുടെ കുടുംബത്തെ വഴിയാധാരമാക്കുന്ന ബിസിനസ്സായി മാറരുത്. ഇതിനെതിരെ നടപടി സ്വീകരിക്കാനുള്ള ദേശീയ ഔഷധവില നിര്‍ണയ സമിതിയുടെ നീക്കം സ്വാഗതാര്‍ഹമാണ്. ഔഷധവില നിര്‍ണയ സമിതി, വിലനിര്‍ണയ നിര്‍ദേശങ്ങള്‍ എത്രയും വേഗത്തില്‍ പ്രാബല്യത്തില്‍ വരുത്തുകയും അമിതവില ഈടാക്കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. രോഗിയുടെ വേദനയെയും നിസ്സഹായാവസ്ഥയെയും വിലപേശാനുള്ള അവസരമായി കാണുന്ന ആരോഗ്യവിപണിക്ക് നിയന്ത്രണം അനിവാര്യമാണ്.