Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

റഷ്യക്കെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വഞ്ചിച്ചതായി തോന്നുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞു. യുദ്ധത്തിന്റെ നിർണായക ഘട്ടത്തിൽ പ്രധാന പങ്കാളിയുടെ പിന്തുണ നഷ്ടപ്പെടുന്നത് യുക്രെയ്നെ സംബന്ധിച്ച് വലിയ ആശങ്കയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ ഡീസൽ കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള നീക്കവും യുക്രെയ്ന്റെ സൈനിക ആശയവിനിമയത്തിന് നിർണായകമായ സ്റ്റാർലിങ്ക് സേവനങ്ങളിലെ തടസ്സങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സ്റ്റാർലിങ്ക് സേവനങ്ങൾ തടസ്സപ്പെട്ടത് സൈനിക പ്രവർത്തനങ്ങളെയും മനുഷ്യജീവനുകളെയും അപകടത്തിലാക്കിയെന്ന് സെലെൻസ്കി ആരോപിച്ചു.
അതേസമയം, സ്റ്റാർലിങ്ക് സേവനങ്ങളിലെ തടസ്സങ്ങൾക്ക് അമേരിക്കൻ സർക്കാരാണ് ഉത്തരവാദിയെന്ന നിലപാടാണ് എലോൺ മസ്ക് സ്വീകരിച്ചതായി റിപ്പോർട്ട്. റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടെ അമേരിക്കയുടെ നയമാറ്റം യുക്രെയ്ന്റെ പ്രതിരോധശേഷിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. സെലെൻസ്കിയുടെ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും അമേരിക്ക–യുക്രെയ്ൻ ബന്ധത്തിലെ വിശ്വാസപ്രതിസന്ധി അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയാണ്.

