Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | പ്രിയങ്ക ഗാന്ധിയുടെ മകന് റെയ്ഹാന് വാദ്രയുടെ ഫോട്ടോ പ്രദര്‍ശനത്തിന് ഡല്‍ഹിയില്‍ വിലക്ക്. ഡല്‍ഹി പ്രക്ഷോഭത്തിന്റെ ഫോട്ടോകള്‍ ഉള്‍പ്പെട്ടതിനാലാണ് ബിക്കാനീര്‍ ഹൗസ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണു വിവരം. പ്രദര്‍ശനത്തിനായി എത്തിച്ച സമര ഫോട്ടോകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് റെയ്ഹാന് വാദ്രയോട് അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ അനുചിതമാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയതായും ദേശീയ പതാകയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും റെയ്ഹാന് വാദ്ര പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഏതാനും ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് പ്രദര്‍ശനം വിലക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിക്കാനീര്‍ ഹൗസില്‍ നിശ്ചയിച്ച പ്രദര്‍ശനം ഭാഗികമായിരിക്കുമെന്നും ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത മുഴുവന്‍ ഫോട്ടോകളുടെയും പ്രദര്‍ശനം മറ്റൊരു വേദിയില്‍ നടത്തുമെന്നും റെയ്ഹാന് വാദ്ര അറിയിച്ചു.
Content Highlights: An exhibition featuring photographs by Priyanka Gandhi’s son Raihan Vadra was barred at Bikaner House in Delhi due to controversial protest imagery. Delhi Police cited national flag concerns and ongoing election commission protest photos. Vadra plans to host the full exhibition at another venue.



