Home rss national malayalam പുതിയ വാർത്ത തോറ്റുപോകാതിരിക്കാന്‍ മദീനയെ വായിക്കാം

തോറ്റുപോകാതിരിക്കാന്‍ മദീനയെ വായിക്കാം

6
0

Source :- SIRAJLIVE NEWS

മൊറോക്കയില്‍ നിന്ന് സ്പെയിനിലേക്ക് പലായനം ചെയ്തവരെ കുറിച്ചുള്ള യാഥാര്‍ഥ്യവും വ്യാജവുമായ വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ചയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു. മ്യാന്മര്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് അഞ്ഞൂറോളം പേര്‍ മുങ്ങി മരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. യുദ്ധവും ദാരിദ്ര്യവും ജീവിതം ദുസ്സഹമാക്കിയതിന്റെ പേരില്‍ ജനിച്ച നാട് വിട്ട് പലായനം ചെയ്യുന്നവര്‍ ലോകത്ത് ധാരാളമുണ്ട്. ജോലിയും പഠനവും ലക്ഷ്യമിട്ട് താത്കാലികമായി മറ്റു നാടുകളിലേക്ക് കുടിയേറുന്നവര്‍ അതിനേക്കാള്‍ അധികമുണ്ട്. അറേബ്യന്‍ നാടുകളിലേക്ക് യാത്ര ചെയ്ത് നാടിനെ നിര്‍മിച്ചവരാണ് മലയാളികള്‍. ഉത്തരേന്ത്യന്‍ തൊഴിലാളികളെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയ അനുഭവവും നമുക്കുണ്ട്.

തീര്‍ച്ചയായും രാഷ്ട്രങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിയമവും നിലപാടുകളുമുണ്ടാകും. അത് രാഷ്ട്ര സുരക്ഷയെയും തദ്ദേശവാസികളുടെ സൈ്വരജീവിതത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും. എന്നാല്‍ അതിരുകള്‍ ആദ്യമില്ലായിരുന്നെന്നും അത് മനുഷ്യനുണ്ടാക്കിയതാണെന്നും നമുക്കോര്‍മയുണ്ടാകണം. അതിര്‍ത്തിക്കപ്പുറത്തുള്ളവരെല്ലാം അന്യരാണെന്ന മാനസികാവസ്ഥ മാറണം. അപരനോട് ഗുണകാംക്ഷ കാണിക്കലാണ് മനുഷ്യന്റെ മഹത്വമെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തണം.

ഇസ്ലാം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് മുന്നോട്ടുവെക്കുന്നുണ്ട്. മക്കയില്‍ നിന്ന് പലായനം ചെയ്തുവന്നരോട് മദീന സ്വീകരിച്ച നിലപാടില്‍ പുതിയ കാലത്തെ അഭയാര്‍ഥി പ്രശ്നങ്ങളില്‍ ഇടപെടുന്നവര്‍ക്ക് വലിയ പാഠങ്ങളുണ്ട്. യാത്ര ചെയ്തുവന്ന മുഹാജിറുകള്‍ക്കും മദീനക്കാരായ അന്‍സ്വാറുകള്‍ക്കുമിടയില്‍ മുആഖാത്ത് എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു ‘സാഹോദര്യ ബന്ധം’ സ്ഥാപിക്കപ്പെട്ടു. അതോടെ അവര്‍ ജ്യേഷ്ഠാനുജന്മാരെപ്പോലെയായി. ഈ സാഹോദര്യ ബന്ധത്തെ നിറഞ്ഞ മനസ്സോടെ മദീനാ നിവാസികള്‍ സ്വീകരിച്ചു. സ്വന്തം സമ്പത്ത് അവര്‍ക്കും ഓഹരി ചെയ്തുകൊടുക്കാന്‍ അവര്‍ ധൃതികൂട്ടി. തിരുനബി(സ)യുടെ അടുത്തുവന്ന് തങ്ങളുടെ ഈന്തപ്പനകള്‍ പുതുതായി ലഭിച്ച സഹോദരങ്ങള്‍ക്ക് വീതംവെക്കാന്‍ പറഞ്ഞവരുടെ സംഭവങ്ങള്‍ ചരിത്ര പുസ്തകങ്ങളിലുണ്ട്.

സഅ്ദ്ബ്നു റബീഅ (റ)വിന് ഈ സംവിധാനം വഴി സഹോദരനായി കിട്ടിയത് അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)വിനെ ആയിരുന്നു. സഅ്ദ്(റ) അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)വിനോടു പറഞ്ഞു: ‘മദീനയില്‍ ഏറ്റവും വലിയ സമ്പന്നനാണ് ഞാന്‍. എന്റെ സമ്പത്തിന്റെ പകുതി നിങ്ങള്‍ എടുത്തുകൊള്ളുക. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവളെ ഞാന്‍ വിവാഹമോചനം നടത്താം. എന്നിട്ട് നിങ്ങള്‍ക്കവളെ വിവാഹം ചെയ്യാം.’ എന്നാല്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) ആ ഓഫര്‍ സ്നേഹപൂര്‍വം നിരസിച്ചു.

ഈ സംവിധാനത്തിന്റെ തണലില്‍ മുഹാജിറുകള്‍ നന്നായി അധ്വാനിക്കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിനേടുകയും ചെയ്തു. ഈ ഘട്ടമെത്തിയപ്പോള്‍ ഖുര്‍ആന്‍ ഈ സാഹോദര്യത്തിന്റെ പേരില്‍ ലഭിച്ച അവകാശങ്ങള്‍ റദ്ദ് ചെയ്തു. എന്നാല്‍ ഹൃദയബന്ധം നിലനിന്നു. സുബൈറും ഇബ്നുമസ്ഊദും, സല്‍മാനുല്‍ഫാരിസിയും അബുദ്ദര്‍ദാഉം, അബൂ ഉബൈദയും അബൂത്വല്‍ഹയും, ഉമറുബ്‌നുല്‍ഖത്വാബും ഇത്ബാനുബിനു മാലിക്കും, അബൂബക്കര്‍ സിദ്ദീഖും ഖാരിജ ബിന്‍ സൈദും ഇവ്വിധം കൂട്ടിയിണക്കപ്പെട്ട മുഹാജിര്‍- അന്‍സ്വാര്‍ സഹോദരങ്ങളാണ്.

ഇങ്ങനെ സാമ്പത്തികവും വൈജ്ഞാനികവും സാംസ്‌കാരികവുമായ പങ്കുവെക്കലുകള്‍ ലോകത്ത് നടക്കണം. അതിരുകള്‍ അടയാളങ്ങളായും നിയമങ്ങള്‍ സംവിധാനങ്ങളായും നിലനില്‍ക്കട്ടെ. അപ്പോഴും നാം മനുഷ്യരായി തുടരണം.