Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിയിൽ നിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ട് പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ സംഘടിപ്പിച്ച ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ വേദിയിൽ നിന്നാണ് ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. വൈകിട്ട് പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു.
കസ്റ്റഡിയിലായവരിൽ ഒരാൾ 24കാരനായ രോഹൻ പരേഖാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടെ താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് ഇയാൾ അവകാശപ്പെട്ടതായാണ് വിവരം. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത രണ്ടാമത്തെയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും മറ്റ് രേഖകളും സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും മറ്റ് വസ്തുക്കളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തി പരിപാടി നടക്കുന്ന വേദിയിലും സമീപപ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

