Home rss national malayalam പുതിയ വാർത്ത ബെംഗളുരുവില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; കാലാവധി കഴിഞ്ഞ 1.38 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍...

ബെംഗളുരുവില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; കാലാവധി കഴിഞ്ഞ 1.38 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

6
0

Source :- SIRAJLIVE NEWS

ബെംഗളൂരു |  കാലാവധി കഴിഞ്ഞതും തെറ്റായ ലേബലുകളോടെ വിപണിയിലെത്തിച്ചതുമായ ഭക്ഷ്യവസ്തുക്കളും അനധികൃതമായി സൂക്ഷിച്ച മരുന്നുകളും ബെംഗളൂരുവില്‍ കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. ആമസോണ്‍, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എന്നിവയുടെ പ്രധാന വിതരണ കേന്ദ്രങ്ങളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും നടത്തിയ പ്രത്യേക മിന്നല്‍ പരിശോധനയിലാണ് 1.38 കോടി രൂപ മൂല്യമുള്ള ഭക്ഷ്യവസ്തുക്കളും 4.02 ലക്ഷം രൂപയുടെ മരുന്നുകളും ഉള്‍പ്പെടെ ആകെ 1.43 കോടി രൂപയുടെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ദേവനഹള്ളിയിലെയും ആനേക്കലിലെയും ആമസോണ്‍ ഫെസിലിറ്റികളില്‍ നിന്ന് തെറ്റായ ലേബലിംഗും കാലാവധി കഴിഞ്ഞതുമായ 56 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും ലൈസന്‍സില്ലാതെ സൂക്ഷിച്ച 4.02 ലക്ഷം രൂപയുടെ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ അവസ്ഥ നിലനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹൊസ്‌കോട്ടെയിലെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രം ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവെച്ചു. ഇവിടെ നിന്ന് മാത്രം 42 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിലെ സപ്ത ബസാര്‍, ലിയോ 7 എന്റര്‍പ്രൈസസ് തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധനയില്‍ കാലാവധി കഴിഞ്ഞ ബിസ്‌കറ്റ്, റാഗി മാവ്, പനീര്‍, മുട്ട, അണ്ടിപ്പരിപ്പ്, പോഷകാഹാര ഉത്പന്നങ്ങള്‍ എന്നിവ കണ്ടെടുത്തു. ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ വിതരണം ചെയ്ത ഭക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ വന്‍ റെയ്ഡിലേക്ക് നയിച്ചത്. വരും ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലുകള്‍, ക്ലബ്ബുകള്‍, ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: The Karnataka Food Safety Department seized expired food products and illegal drugs worth Rs 1.43 crore during raids on Amazon and Swiggy Instamart hubs in Bengaluru. A Swiggy Instamart facility in Hoskote was sealed due to unsanitary conditions. Officials warned of continued raids across the city.