Source :- SIRAJLIVE NEWS
ക്വലാലംപൂര്‍ | മലേഷ്യന്‍ ഭരണകൂടത്തിന്റെ കീഴില്‍ നടക്കുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തി സുന്നി യുവജന സംഘം പ്രസിഡന്റും മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. വിഖ്യാത ഹദീസ് ഗ്രന്ഥമായ ജാമിഉത്തിര്മിദിയും ശമാഇലു മുഹമ്മദിയ്യയും പൂര്‍ണ്ണമായി വായിക്കുകയും പ്രഗത്ഭ ആഗോള പണ്ഡിതര്‍ തങ്ങളുടെ വൈജ്ഞാനിക ശ്രേണി പരസ്പരം കൈമാറുകയും ചെയ്യുക എന്നതാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മതകാര്യ വകുപ്പ് നേരിട്ടു മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഗമം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പത് പ്രമുഖ ഹദീസ് പണ്ഡിതന്മാരില് ഒരാളായി ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഡോ. അസ്ഹരി അതിഥിയായി സംബന്ധിക്കുന്നത്.
ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയില്‍ ഈ മാസം 23 വരെ നടക്കുന്ന പാരായണ സമ്മേളനത്തിന്റെ ഇന്നലെ നടന്ന സദസ്സില്‍ ‘സോഷ്യല്‍ മീഡിയയിലെ മര്യാദകള്‍: ധാര്‍മ്മികത, ബഹുമാനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതിഫലനം’ എന്ന വിഷയത്തിലായിരുന്നു ഡോ. അസ്ഹരി പ്രഭാഷണം നടത്തിയത്. സമകാലിക സാഹചര്യത്തില്‍ സാമൂഹിക മാധ്യമ ഇടപെടലുകളില്‍ പാലിക്കേണ്ട ധാര്‍മ്മികതയും മൂല്യങ്ങളും അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിച്ചു. മലേഷ്യന്‍ പ്രധാന മന്ത്രി അന്‍വര്‍ ഇബ്റാഹീമും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സമാപന ചടങ്ങില്‍ അതിഥികളാകും. ഹദീസ് വിജ്ഞാന ശാഖയിലെ നിരവധി പണ്ഡിത പ്രതിഭകളും പരിപാടിയില്‍ സംബന്ധിക്കും.
Content Highlights: Dr. Muhammad Abdul Hakim Azhari addressed the Malaysia International Hadith Conference in Putrajaya, speaking on social media ethics and human values. Representing India among nine global scholars, he participated in the event overseen by the Malaysian Prime Minister’s religious affairs department. Prime Minister Anwar Ibrahim and Indian Grand Mufti Kanthapuram AP Aboobacker Musliyar will attend the closing ceremony.




