Source :- SIRAJLIVE NEWS
ഏകദേശം 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന സ്റ്റേഷന് മണിക്കൂറിൽ 19,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. എക്സ്പോ 2030 വേദിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചാണ് സ്റ്റേഷന്റെ നിർമ്മാണവും മുന്നോട്ട് പോകുന്നത്. പ്രദർശനം ആരംഭിക്കുന്നതിന് മുൻപ് തന്നെ നിർമ്മാണം പൂർത്തിയാക്കും. തലസ്ഥാന നഗരിയായ റിയാദിന്റെ തനതായ ഭൂപ്രകൃതിയിൽ നിന്നും, പ്രത്യേകിച്ച് ഇവിടുത്തെ താഴ്വരകളിൽ നിന്നും തദ്ദേശീയമായ അക്കേഷ്യ അഥവാ ‘തൽഹ്’ (Talh) മരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തൽഹ് മരത്തിന്റെ ശിഖരങ്ങൾ പോലെ പിരിയുന്ന എട്ട് തൂണുകളിൽ താങ്ങിനിർത്തുന്ന 134 മീറ്റർ വ്യാസമുള്ള കൂറ്റൻ സ്റ്റീൽ താഴികക്കുടമായിരിക്കും സ്റ്റേഷന്റെ പ്രധാന ആകർഷണം. ഇത് യാത്രക്കാർക്കും സന്ദർശകർക്കും മികച്ച തണൽ നൽകും. പദ്ധതിയുടെ ഭാഗമായി ഏകദേശം 44,000 ചതുരശ്ര മീറ്റർ ഹരിതസ്ഥലം (Green space) ഒരുക്കും. കൂടാതെ, സ്റ്റേഷന്റെ ഊർജ്ജ ആവശ്യങ്ങളുടെ 25 ശതമാനത്തോളം സൗരോർജ്ജ സംവിധാനങ്ങളിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സമീപപ്രദേശങ്ങളിലും റോഡുകളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രത്യേക ട്രാഫിക് പ്ലാനും ബദൽ റൂട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. എക്സ്പോ 2030 റിയാദ്, 2034ൽ സഊദി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് തുടങ്ങിയ വമ്പൻ ആഗോള ഇവന്റുകൾ മുന്നിൽക്കണ്ട് തലസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 94 പുതിയ ട്രെയിനുകൾ വാങ്ങാൻ കമ്മീഷൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.
Content Highlights: The Royal Commission for Riyadh City has officially started building the new Expo 2030 station on Riyadh Metro’s Yellow Line. Inspired by native Talh trees, the 70,000-sqm solar-powered station will handle 19,000 passengers per hour. It connects King Salman Road with the airport ahead of global events.




