Source :- SIRAJLIVE NEWS
സിംഗപൂര്‍ | പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യു എസ്-ഇറാന്‍ പൊതു ധാരണാപത്ര (എം ഒ യു) പ്രകാരമുള്ള അറുപത് ദിവസത്തെ ചര്‍ച്ചാ സമയം അവസാനിക്കുകയും, ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളയുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ബാരലിന് 2.4 ശതമാനം ഉയര്‍ന്ന് 90.60 ഡോളറിലും, യു എസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 2.2 ശതമാനം ഉയര്‍ന്ന് 84.20 ഡോളറിലുമെത്തി. ജൂലൈ 31 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇറാന്‍ കൂടുതല്‍ ആക്രമണാത്മക നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞതും വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നത് അമേരിക്ക തള്ളിക്കളഞ്ഞതുമാണ് ഊര്‍ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കാന്‍ കാരണമായത്. ഹോര്‍മുസിലൂടെയുള്ള ചരക്ക് കടത്തിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ നാലാം പാദത്തിലും 2027 ലും എണ്ണവില പ്രതീക്ഷകളെ ബാധിക്കുമെന്നും, അനിശ്ചിതത്വം അവസാനിച്ചില്ലെങ്കില്‍ വില ബാരലിന് 80 ഡോളറിനും 100 ഡോളറിനും ഇടയില്‍ ആയിരിക്കുമെന്നും ഡി ബി എസ് ബേങ്കിന്റെ ഊര്‍ജ ഗവേഷണ മേധാവി സുവ്രോ സര്‍ക്കാര്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ഒമാനുമായി പ്രത്യേകമായി കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തിവരികയും അവര്‍ ഒരു കരാറിനടുത്തെത്തിയെന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍, യു എസ് സുരക്ഷാ പങ്കാളിയായ ഒമാനെ ഇല്ലാതാക്കുമെന്ന ഭീഷണിയാണ് ഇറാന്‍-ഒമാന്‍ ചര്‍ച്ചകളോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, യു എസുമായി ചര്‍ച്ച പുനരാരംഭിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
Content Highlights: The temporary ceasefire between the US and Iran has expired, triggering a immediate surge in global crude oil prices. Brent crude and WTI futures climbed significantly as market fears returned regarding potential energy supply disruptions. Tensions in the Middle East continue to impact international oil trade routes and economic stability.




