Home LATEST NEWS malyalam പുതിയ വാർത്ത ലഹരിയുടെ തായ്്വേരറുക്കാൻ എത്ര കൊടുങ്കാറ്റടിക്കണം?

ലഹരിയുടെ തായ്്വേരറുക്കാൻ എത്ര കൊടുങ്കാറ്റടിക്കണം?

5
0

Source :- SIRAJLIVE NEWS

കേരളപ്പിറവിക്ക് ശേഷം നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് ലഹരിയുടെ സാമൂഹിക വ്യാപനം. അതിന്റെ പ്രത്യാഘാതങ്ങള്‍ വ്യക്തികളില്‍ നിന്ന് കുടുംബത്തിലേക്കും പിന്നെ സമൂഹത്തിലേക്കും വ്യാപിച്ചു കഴിഞ്ഞു. കേരളം നേടിയെടുത്ത മുഴുവന്‍ സാമൂഹിക മൂല്യബോധങ്ങളെയും റദ്ദ് ചെയ്യുന്ന രീതിയിലേക്ക് ലഹരി ഉപയോഗവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മനുഷ്യരെ ബാധിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളെയോ നഗരങ്ങളെയോ മനുഷ്യരെയോ ബാധിക്കുന്ന വിഷയമല്ല ഇന്നത്.

കുടിലിലും കൊട്ടാരത്തിലും നഗരത്തിലും ഗ്രാമങ്ങളിലും ധനികരിലും ദരിദ്ര്യരിലും സ്ത്രീയിലും പുരുഷനിലും കുട്ടികളിലും മുതിര്‍ന്നവരിലും എന്ന് വേണ്ട സർവമേഖലകളിലും ലഹരിയുടെ വേരുകള്‍ വ്യാപിച്ചു കഴിഞ്ഞു. നിയമം കൊണ്ടും നിരീക്ഷണം കൊണ്ടും മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ വിപത്ത്. എന്നാല്‍ നിയമസംവിധാനങ്ങളുടെ നിതാന്ത ജാഗ്രത ലഹരിക്കെതിരെയുള്ള പ്രധാന പ്രതിരോധ മാർഗമാണ്. അതില്‍ പൊതുസമൂഹത്തിന് പ്രധാനപ്പെട്ട പങ്കാണ് വഹിക്കാനുള്ളത്. നിലവില്‍ പുരോഗമിക്കുന്ന ഓപറേഷന്‍ തൂഫാന്‍ എന്ന പ്രതിരോധപദ്ധതിയില്‍ മുഴുവന്‍ മനുഷ്യരുടെയും സഹകരണവും ആവശ്യമുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം പൊതുസമൂഹം കൂടി പങ്കാളികളാകുമ്പോള്‍ കേരളത്തിലെ ലഹരി വ്യാപനത്തെ ഒരു പരിധിവരെ ഒതുക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കേണ്ടത് പൗരധർമമാണ്.

ഏതൊരു സര്‍ക്കാറും ജനപ്രിയമാകുന്നത് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള നയ നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോഴാണ്. അത് കേവലം സാമ്പത്തിക സുരക്ഷിതത്വത്തിലോ വികസന പ്രവര്‍ത്തനങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതിനപ്പുറം അതില്‍ സാമൂഹിക സാഹചര്യങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അവിടെ സാമൂഹിക സുരക്ഷിതത്വവും രാഷ്ട്രീയ തിരിച്ചറിവും സമൂഹത്തിന്റെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. ഇതിൽ ഏറ്റവും കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നത് യുവതലമുറയാണ്. അവരുടെ വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയനിരീക്ഷണം, ജീവിതത്തോടുള്ള സമീപനം, സാമൂഹിക വീക്ഷണം ഇതൊക്കെ രൂപപ്പെടുന്നതിന് പിന്നില്‍ നാം ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇതിനെ രൂപപ്പെടുത്തുന്നതില്‍ ഭരണകൂടങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങള്‍ ചെറുതല്ല.

എന്നാല്‍ ഭരണകൂടങ്ങള്‍ പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ അത്രമാത്രം ജാഗ്രത കാണിക്കാറില്ല. അതാണ് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. അത്തരമൊരവസ്ഥയാണ് ലഹരിയുടെ അമിതമായ ഉപയോഗം കേരളത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ഏതൊരു സമൂഹത്തിലും ക്രമസമാധാനം നിലനിര്‍ത്താന്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍വഹിക്കുന്നത്. അതേ ജാഗ്രത ആവശ്യമുള്ള ഒരു മേഖലയായി മാറിയിട്ടുണ്ട് കേരളത്തിലെ ലഹരിയുമായി ബന്ധപ്പെട്ട മേഖലകള്‍.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗ വർധന ഭയപ്പെടുത്തുന്നതാണ്. അതിലൊക്കെ അതാത് കാലത്തെ സര്‍ക്കാര്‍ നയനിലപാടുകള്‍ക്ക് നിർണായക പങ്കുണ്ട്. സര്‍ക്കാറിന്റെ വരുമാനമാര്‍ഗം എന്ന രീതിയില്‍ അടിക്കടിയുള്ള മദ്യനയത്തിലെ മാറ്റങ്ങള്‍, അതിന്റെ ലഭ്യത, ഉപയോഗം കൂട്ടാനുള്ള സൗകര്യങ്ങള്‍ എന്നിവ തന്നെ മദ്യ ഉപയോക്താക്കളുടെ വർധനവിനെ സ്വാധീനിച്ച ഘടകങ്ങളാണ്. എന്നാല്‍ ഇതിനെ നിയമപരമായി നിയന്ത്രിക്കാനുള്ള സാഹചര്യങ്ങളുണ്ട്. അമിതമായ മദ്യ ഉത്പാദനം കുറച്ച് ഉപഭോഗം കുറക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങേണ്ടതുണ്ട്. അതേസമയം, മയക്കുമരുന്നിന്റെ വിൽപ്പനയും ഉപഭോഗവും ഇതേ രീതിയില്‍ കൈകാര്യം ചെയ്യേണ്ട സാമൂഹിക വിഷയമല്ല. അത് നൂറ് ശതമാനവും നിയമവിരുദ്ധവും കുറ്റകരവുമാണ്. വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ എല്ലാ സര്‍ക്കാറുകളും പരാജയമാണ്. ഈ യാഥാർഥ്യത്തില്‍ നിന്നു വേണം നിലവിലെ സര്‍ക്കാര്‍ നടപ്പാക്കിയ ഓപറേഷന്‍ തൂഫാന്‍ എന്ന പദ്ധതിയെ ഗൗരവത്തില്‍ കാണാൻ.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത്തരമൊരു ഓപറേഷന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതാകട്ടെ പൊതു സമൂഹം നിരന്തരമായി ആവശ്യപ്പെട്ടതുമാണ്. ഇപ്പോള്‍ നടക്കുന്ന പരിശോധനയും തുടര്‍ന്ന് പിടിക്കപ്പെട്ട നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും ഒരു കാര്യം വ്യക്തമാക്കുന്നു. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ ഇതിന്റെ അപകടകരമായ വർധനവിനെ പ്രതിരോധിക്കാമായിരുന്നു. കൊച്ചുകേരളത്തില്‍ എന്തുമാത്രം മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പിടിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ ശേഖരം അതാണ് ബോധ്യപ്പെടുത്തുന്നത്. ഈ അവസരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന് മാത്രം ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. അതിന് പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ സഹായം ആവശ്യമുണ്ട്. പ്രത്യേകിച്ച് മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗങ്ങളും നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളില്‍ വ്യാപിച്ച അവസ്ഥയില്‍.
പൊതുസമൂഹത്തിന്റെ സഹകരണം
നിലവില്‍ ദിനംപ്രതി ലഹരി ഉത്പന്നങ്ങള്‍ പിടിക്കപ്പെടുന്നത് വന്‍കിട നഗരങ്ങളില്‍ നിന്ന് മാത്രമല്ല ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കൂടിയാണ്. ഇവരില്‍ വലിയ ശതമാനം വിൽപ്പനക്കാരെയും അതാത് നാട്ടിലെ മനുഷ്യര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ ചില വ്യക്തി ബന്ധങ്ങള്‍കൊണ്ടും ചിലര്‍ക്ക് ഭയം കൊണ്ടും ഇത്തരം വിവരങ്ങള്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. ഇത് മനസ്സിലാക്കി നിലവില്‍ രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഇനി നാട്ടുകാരനെന്നോ, ബന്ധു എന്നോ പരിഗണന നല്‍കാതെ കണ്‍മുമ്പില്‍ കണ്ട ലഹരി ഉപയോഗത്തെയും വിൽപ്പനയെയും സര്‍ക്കാര്‍ ഏജന്‍സികളില്‍ എത്തിക്കണം. അത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതില്‍ ജാഗ്രതാ കുറവുണ്ടായാല്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതല്ല. സ്വന്തം വീട്ടില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അതുപോലും ബന്ധപ്പെട്ടവരെ അറിയിച്ച് അവരെ അതില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. കാരണം, ഇപ്പോള്‍ നടക്കുന്ന ഓപറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനവുമായി പൊതുസമൂഹം ചേരുമ്പോഴാണ് സര്‍ക്കാറിനൊപ്പം ജനങ്ങളുണ്ട് എന്ന സന്ദേശം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്‍കുന്നത്.

ഇങ്ങനെയുള്ള ഇടപടല്‍ ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കും. തനിക്ക് ചുറ്റും തന്നെ അറിയുന്നവര്‍ നിരീക്ഷിക്കുന്നുണ്ട് എന്ന് ലഹരി വിൽപ്പനക്കാര്‍ മനസ്സിലാക്കുന്നതോടുകൂടി അവര്‍ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകേണ്ടതായി വരും. അങ്ങനെ എവിടെയെത്തിയാലും ജനം തന്റെ പിന്നിലുണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ വില്‍പ്പന അവസാനിപ്പിക്കേണ്ടി വരും. ഇത് ഉപഭോഗത്തെയാണ് ബാധിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗ്രാമീണ മേഖലകളില്‍ സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. അങ്ങനെ ലഹരിയുടെ വ്യാപനം പടിപടിയായി പ്രതിരോധിക്ക
ണം.
നല്ല രീതിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും ആവശ്യമായ മേഖലകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും ഈ ഉദ്യമത്തിന്റെ ഭാഗമാകേണ്ടതുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ അപരിചിതരായവരുടെ നിത്യസന്ദര്‍ശനവും വിദ്യാർഥികള്‍ പ്രവൃത്തി സമയങ്ങളിലും ഒഴിവു ദിവസങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടികളും അധ്യാപകര്‍ നിരീക്ഷിക്കേണ്ടതാണ്. ഇത്തരം വിവരങ്ങള്‍ ബന്ധപ്പെട്ട നിയമപാലകരെ അറിയിക്കുന്നതില്‍ താമസമുണ്ടാകുന്നത് ലഹരി വ്യാപനം വേഗത്തിലാക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
സ്‌കൂള്‍ പരിസരങ്ങളില്‍ അതിഥി തൊഴിലാളികളുടെ സാന്നിധ്യവും നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, അതിഥി തൊഴിലാളികള്‍ വഴി കേരളത്തില്‍ എത്തുന്ന ലഹരി ഉത്പന്നങ്ങള്‍ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
(തുടരും)