Source :- SIRAJLIVE NEWS
ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ് വിദേശ പ്രൊഫഷനലുകളെ അധിക്ഷേപിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നടത്തിയ പരാമര്‍ശങ്ങള്‍. വിസ തട്ടിപ്പുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, എച്ച്-1 ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷനലുകളെ അടിമത്തൊഴിലാളികളെന്നു വിശേഷിപ്പിച്ച വാന്‍സ്, അമേരിക്കന്‍ പൗരന്മാര്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ കുറഞ്ഞ വേതനത്തിന് വിദേശീയരായ തൊഴിലാളികള്‍ തട്ടിയെടുക്കുകയാണെന്നും കുറ്റപ്പെടുത്തി.
അമേരിക്കന്‍ കമ്പനികള്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വാന്‍സിന്റെ ഈ പരാമര്‍ശം. “കരാര്‍ അടിമകള്‍’ എന്ന പദമാണ് വാന്‍സ് ഉപയോഗിച്ചത്. കടബാധ്യതയുടെയോ നിര്‍ബന്ധിത തൊഴില്‍ സമ്പ്രദായത്തിന്റെയോ ഭാഗമായി വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തി തൊഴില്‍ ചെയ്യുന്നവരെക്കുറിച്ച് പ്രയോഗിക്കുന്ന പദമാണിത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വാന്‍സ് നടത്തിയ അമാന്യമായ ഈ പ്രസ്താവന നയതന്ത്രതലത്തിലും ആഗോള പ്രൊഫഷനലുകള്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രത്യേക വൈദഗ്ധ്യം ആവശ്യമായ തസ്തികകളില്‍ അമേരിക്കയിലെ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അവസരം നല്‍കുന്ന തൊഴില്‍ വിസ സംവിധാനമാണ് എച്ച്-1 ബി. സാങ്കോതിക വിദ്യ, എന്‍ജിനീയറിംഗ്, ശാസ്ത്രം, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് മുഖ്യമായും ഇത് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ പൗരന്മാരാണ് എച്ച്-1 ബി വിസയുടെ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം. അമേരിക്കയിലെ പ്രമുഖ സാങ്കേതിക കമ്പനികളിലും ഗവേഷണ സ്ഥാപനങ്ങളിലും നിരവധി ഇന്ത്യന്‍ പ്രൊഫഷനലുകള്‍ ജോലി ചെയ്യുന്നുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളുടെ വളര്‍ച്ചയിലും പുരോഗതിയിലും നിര്‍ണായക പങ്കുവഹിക്കുന്നവരാണ് വിദേശ തൊഴിലാളികള്‍. വ്യവസായ, സാങ്കേതിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഗവേഷകരും സംരംഭകരും തൊഴിലാളികളും വഹിച്ച പങ്ക് നിസ്സീമമാണ്. ഇന്ത്യന്‍ വംശജരായ പ്രൊഫഷനലുകള്‍ ഈ മുന്നേറ്റത്തിന്റെ ഒരു പ്രധാന ഭാഗമാണ്. “സിലിക്കന്‍ വാലി’യുള്‍പ്പെടെ അമേരിക്കന്‍ സാങ്കേതിക വിപ്ലവത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യന്‍ പ്രൊഫഷനലുകളുടെ പങ്ക് അതില്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്നു ബോധ്യമാകും. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ മാത്രമല്ല; മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, അഡോബ് തുടങ്ങിയ ആഗോള ഭീമന്മാരും ഗവേഷണ- വികസന മേഖലകളില്‍ പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യന്‍ പ്രൊഫഷനലുകളെയാണ്.
കേവലം തൊഴിലാളികള്‍ മാത്രമല്ല അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കുടിയേറ്റക്കാര്‍. രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്്വ്യവസ്ഥയിലേക്ക് വലിയതോതില്‍ നികുതിപ്പണം നല്‍കുകയും ചെയ്യുന്ന സംരംഭകര്‍ കൂടിയാണ്. ഗവേഷണം, കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ബഹിരാകാശ ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷനലുകള്‍ നല്‍കിയ സംഭാവനകള്‍ അമേരിക്കയെ ഏറ്റവും വലിയ സാമ്പത്തിക- സാങ്കേതിക ശക്തിയായി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഇന്ത്യന്‍ കുടിയേറ്റക്കാരെ അടിമ ത്തൊഴിലാളികളായി ചിത്രീകരിക്കുന്നത് അനാദരവും നന്ദികേടുമാണ്.
വാന്‍സിന്റെ പ്രസ്താവനക്കു പിന്നാലെ തൊഴിലധിഷ്ഠിത ഗ്രീന്‍കാര്‍ഡ് നടപടികളിലെ ഏറ്റവും നിര്‍ണായകമായ പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ സാങ്കേതിക കമ്പനികളെയും ഐ ടി കമ്പനികളെയും അമേരിക്കന്‍ ഭരണകൂടം ഒഴിവാക്കുകയുമുണ്ടായി. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ഐ ടി ഭീമന്മാര്‍ക്കു പുറമെ ഫ്രഞ്ച് കമ്പനിയായ കാപ്‌ജെമിനി, പ്രമുഖ അമേരിക്കന്‍ സാങ്കേതിക സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയും ഈ നിരോധനത്തിന്റെ പരിധിയില്‍ വരുന്നു. അമേരിക്കയില്‍ സ്ഥിരതാമസം സ്വപ്‌നം കാണുന്ന ആയിരക്കണക്കിനു ഇന്ത്യന്‍ പ്രൊഫഷനലുകളുടെ ഭാവി ഇത് അനിശ്ചിതത്വത്തിലാക്കും. വന്‍കിട കമ്പനികള്‍ കുറഞ്ഞ വേതനത്തില്‍ വിദേശ തൊഴിലാളികളെ എത്തിക്കുന്നത് തടയുകയും അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം.
ഒരു രാഷ്ട്രത്തിന്റെ വൈസ് പ്രസിഡന്റ് എന്നത് കേവലം രാഷ്ട്രീയ പദവിയല്ല. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഉത്തരവാദപ്പെട്ട സ്ഥാനമാണ്. ഈ പദവിയിലിരിക്കുന്ന ഒരാളുടെ ഭരണപരമായ കാര്യങ്ങളിലുള്ള സംസാരങ്ങള്‍ക്ക് സാധാരണ രാഷ്ട്രീയ പ്രസ്താവനകളേക്കാള്‍ പ്രാധാന്യമുണ്ട്. അവ നയതന്ത്ര ബന്ധങ്ങളെയും കുടിയേറ്റക്കാരുടെ സുരക്ഷിത ബോധത്തെയും വിദേശീയരുടെ അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും ബാധിച്ചേക്കാം. പൊതുവേദിയിലെ സംസാരത്തില്‍ കൂടുതല്‍ ജാഗ്രതയും പക്വതയും പാലിക്കേണ്ടതായിരുന്നു വാന്‍സ്. കൊളോണിയല്‍ കാലഘട്ടത്തിലെ നിര്‍ബന്ധിത തൊഴില്‍ സമ്പ്രദായങ്ങളെയും തൊഴില്‍ ചൂഷണങ്ങളെയും ഓര്‍മിപ്പിക്കുന്നതായിപ്പോയി അദ്ദേഹത്തിന്റെ വാക്കുകള്‍.
അമേരിക്കന്‍ ജനതയുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള വാന്‍സിന്റെ താത്പര്യം മനസ്സിലാക്കാം. ആ ലക്ഷ്യത്തില്‍ അദ്ദേഹം പ്രയോഗിച്ച വിദേശ തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍, യു എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗവും ഇമിഗ്രേഷന്‍ സബ്കമ്മിറ്റി അംഗവുമായ പ്രമീളാ ജയപാല്‍ ചൂണ്ടിക്കാട്ടിയതു പോലെ, അമേരിക്കക്ക് തന്നെ തിരിച്ചടിയാകും. വികസന രംഗത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ അമേരിക്കയെ മുന്നിലെത്തിക്കുന്നത് വിദേശ പ്രൊഫഷനലുകളുടെ സാന്നിധ്യമാണ്.
അവര്‍ക്കു മുമ്പില്‍ വാതില്‍ കൊട്ടിയടക്കുന്നത് അമേരിക്കയുടെ തദ്ദേശീയ സാങ്കേതിക വളര്‍ച്ചയെ മന്ദഗതിയിലാക്കും. ആഗോള പ്രതിഭകള്‍ യു കെ, യൂറോപ്യന്‍ യൂനിയന്‍, കാനഡ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുകയും ഇത് അമേരിക്കയുടെ ആഗോള മേധാവിത്വം നഷ്ടപ്പെടാനിടയാക്കുകയും ചെയ്യും.
Content Highlights:
US Vice President JD Vance sparked strong global criticism after labeling foreign professionals on H-1B visas as indentured servants. The US administration subsequently excluded major IT giants from the PERM labor certification program for employment green cards. Experts warn these decisions could hurt US technological growth and prompt global talent to move to other countries.




