Source :- SIRAJLIVE NEWS
പാലക്കാട് | മാലിന്യ സംസ്‌കരണത്തിനൊപ്പം ഊര്‍ജോത്പാദനത്തിനും ഊന്നല്‍ നല്‍കി സംസ്ഥാനത്ത് വന്‍പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. കൊച്ചിയില്‍ പ്രതിദിനം 500 ടണ്‍ മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 മേഖലാ ഇന്ധനനിര്‍മാണ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിടുന്നത്. 2031 മാര്‍ച്ച് 30നകം കേരളത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “നിര്‍മലം നവയുഗം ശുചിത്വ കേരളം’ കര്‍മപദ്ധതിയുടെ ഭാഗമായാണിതെന്ന് തദ്ദേശവകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊച്ചിയിലെ വൈദ്യുതോത്പാദന പ്ലാന്റിനായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതിക- സാമ്പത്തിക സാധ്യതകള്‍ വിലയിരുത്താനും വിശദമായ പദ്ധതിരേഖ (ഡി പി ആര്‍) തയ്യാറാക്കാനും ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. വന്‍നിക്ഷേപം വേണ്ടിവരുന്നതിനാല്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലും പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലാണ്. നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ഏജന്‍സിയെ പിന്നീട് തിരഞ്ഞെടുക്കും.
മാലിന്യം ഇന്ധനമാക്കും
പുനരുപയോഗത്തിന് അനുയോജ്യമല്ലാത്തതും മറ്റ് രീതികളിലൂടെ ഫലപ്രദമായി സംസ്‌കരിക്കാനാകാത്തതുമായ മാലിന്യങ്ങളെ ഇന്ധനമാക്കി മാറ്റുകയാണ് മേഖലാ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇതുവഴി മാലിന്യം സംസ്‌കരിക്കാന്‍ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഗതാഗതച്ചെലവ് നിയന്ത്രിക്കാനും കഴിയും.
നിലവില്‍ ക്ലീന്‍ കേരള കമ്പനി വഴി പ്രതിമാസം 4,500 മുതല്‍ 5,000 ടണ്‍ വരെ അജൈവമാലിന്യം ഇതരസംസ്ഥാനങ്ങളിലെ സിമന്റ് നിര്‍മാണശാലകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്ന 12 മേഖലാ ഇന്ധനനിര്‍മാണ കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം സ്വകാര്യ മേഖലയില്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ശേഷിക്കുന്നവ വിവിധ ഘട്ടങ്ങളിലാണ്. കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മാലിന്യം ഉത്ഭവസ്ഥലത്തിന് സമീപത്തുതന്നെ സംസ്‌കരിച്ച് ഇന്ധനമാക്കാനാകും.
മാലിന്യ സംസ്‌കരണത്തിന് പ്രത്യേക അതോറിറ്റി
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, ഇംപാക്ട് കേരള എന്നിവയെ ഏകോപിത സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനാണ് ആലോചന. സാങ്കേതികവിദ്യ, വിപണനം, പരിശീലനം, വരുമാനമാര്‍ഗങ്ങള്‍ എന്നിവക്കായി പ്രത്യേക വിഭാഗങ്ങളുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്.
ഖര-ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യത്തിന്റെ അളവ് കുറയ്ക്കല്‍, പുനരുപയോഗം പ്രോത്സാഹിപ്പിക്കല്‍, മൂല്യമുള്ള വിഭവങ്ങള്‍ വീണ്ടെടുക്കല്‍ എന്നിവക്കും കര്‍മപദ്ധതി മുന്‍ഗണന നല്‍കും. എന്നാല്‍ പദ്ധതികളുടെ വിജയത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം ഉറവിടത്തില്‍ത്തന്നെയുള്ള മാലിന്യം തരംതിരിക്കലും ജനപങ്കാളിത്തവും പരിസ്ഥിതി മാനദണ്ഡങ്ങളുടെ കര്‍ശനമായ പാലനവും നിര്‍ണായകമാണെന്ന് തദ്ദേശവകുപ്പ് അധികൃതര്‍ അറിയിച്ചു.
Content Highlights:
Kerala has introduced major waste management initiatives under the Nirmalam Navayugam Shuchithwa Keralam action plan aiming for a waste-free state by March 2031. Key proposals include a 500-tonne waste-to-energy plant in Kochi and 12 regional fuel manufacturing centers across the state. A special authority is also being considered to coordinate waste management operations and promote scientific disposal.




