Home LATEST NEWS malyalam പുതിയ വാർത്ത സംസ്ഥാനത്ത് ഭരണപരിഷ്‌കാരം; നാല് സുപ്രധാന തീരുമാനങ്ങൾക്ക് സർക്കാർ അംഗീകാരം

സംസ്ഥാനത്ത് ഭരണപരിഷ്‌കാരം; നാല് സുപ്രധാന തീരുമാനങ്ങൾക്ക് സർക്കാർ അംഗീകാരം

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്തെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവും നിക്ഷേപസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ട് നിയമപരവും സാങ്കേതികവുമായ നാല് സുപ്രധാന പരിഷ്‌കാരങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം. കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക, സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര രജിസ്ട്രി തയ്യാറാക്കുക, സർക്കാർ ആസ്തികളുടെയും വികസന പദ്ധതികളുടെയും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുക, സർക്കാർ സേവനങ്ങൾ ലളിതമാക്കുന്ന സംസ്ഥാനതല പ്രക്രിയാ പരിഷ്‌കാര പരിപാടി നടപ്പാക്കുക എന്നീ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾക്കാണ് ഉത്തരവിറക്കിയത്.

നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും പ്രസക്തി നഷ്ടപ്പെട്ടതും പരസ്പരവിരുദ്ധവുമായ വ്യവസ്ഥകൾ കണ്ടെത്തി ആവശ്യമായ ഭേദഗതി, ഏകീകരണം, അല്ലെങ്കിൽ റദ്ദാക്കൽ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഓരോ വകുപ്പും തങ്ങളുടെ നിയന്ത്രണത്തിലുള്ള നിയമങ്ങൾ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ നിർദേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ തയ്യാറാക്കി നിയമവകുപ്പിന്റെ പരിശോധനക്ക് ശേഷം മന്ത്രിസഭയുടെയും നിയമസഭയുടെയും പരിഗണനക്ക് സമർപ്പിക്കും. ഭരണനടപടികൾ ലളിതമാക്കുന്നതിനും വ്യവസായനിക്ഷേപ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും കോടതി വ്യവഹാരങ്ങളും ഭരണപരമായ കാലതാമസവും കുറയ്ക്കുന്നതിനുമാണ് നടപടി.

സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, മിഷനുകൾ, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര രജിസ്ട്രി വികസിപ്പിക്കാനും ഉത്തരവിറക്കി. ഓരോ സ്ഥാപനത്തിന്റെയും നിയമപരമായ പദവി, പ്രവർത്തനലക്ഷ്യം, വാർഷിക ബജറ്റ്, ധനസ്രോതസ്സുകൾ, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ രജിസ്ട്രിയിൽ ഉൾപ്പെടുത്തും. ഭരണതീരുമാനങ്ങൾ, വിഭവവിനിയോഗം, സ്ഥാപനങ്ങളുടെ പ്രവർത്തന അവലോകനം, പൊതുമേഖലാ ആസ്തികളുടെ നിരീക്ഷണം, ദീർഘകാല ആസൂത്രണം എന്നിവക്കായി രജിസ്ട്രി ഉപയോഗപ്പെടുത്തും.

സംസ്ഥാന സർക്കാറിന്റെ എല്ലാ ആസ്തികളുടെയും ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കുന്നതിനായി സമ്പത്ത് പോർട്ടലും സംസ്ഥാനത്തെ എല്ലാ സർക്കാർ വികസന പദ്ധതികളുടെയും ഏകീകൃത രജിസ്ട്രിയായ പ്ലാൻ സ്‌പെയ്‌സ് 2.0 സംവിധാനവും വികസിപ്പിക്കാനും അംഗീകാരം നൽകി. ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആസ്തികളുടെ വിവരങ്ങളും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെ സ്ഥലം, ചെലവ്, പുരോഗതി, ധനസ്രോതസ്സ് തുടങ്ങിയ വിവരങ്ങളും ഈ പ്ലാറ്റ്‌ഫോമുകളിൽ ഏകോപിപ്പിക്കും. പദ്ധതികളുടെ ആവർത്തനം ഒഴിവാക്കാനും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം.

ജനങ്ങളുടെ ജീവിതസൗകര്യവും സംസ്ഥാനത്തെ സംരംഭകത്വ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനതല പ്രക്രിയാ പരിഷ്‌കാര പരിപാടിക്കും സർക്കാർ ഉത്തരവായി. “ഡിജിലോക്കര്‍’ അധിഷ്ഠിത രേഖാ മാനേജ്‌മെന്റും ഏകതവണ സമർപ്പണതത്ത്വവും ഘട്ടംഘട്ടമായി നടപ്പാക്കി ഒരേ രേഖകളും വിവരങ്ങളും വിവിധ സർക്കാർ ഓഫീസുകളിൽ ആവർത്തിച്ച് സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കും. ഓൺലൈൻ അപേക്ഷ, ഡിജിറ്റൽ ആശയവിനിമയം, കടലാസ്‌ഹിത സേവനവിതരണം, സ്വയംസേവന സംവിധാനങ്ങൾ എന്നിവയും വ്യാപിപ്പിക്കും. കേരള ഡിജിറ്റൽ സർവകലാശാലക്കാണ് നാല് പദ്ധതികളുടെയും സാങ്കേതിക പിന്തുണയും വികസന ചുമതലയും സർക്കാർ നൽകിയിരിക്കുന്നത്.

Content Highlights: The Kerala government issued orders for four major legal and technological reforms aimed at enhancing transparency and investment friendliness. The initiative includes updating outdated laws, building a comprehensive registry of government institutions, and launching digital asset platforms. Digital University Kerala will provide technical support for these projects.