Home rss national malayalam പുതിയ വാർത്ത സഞ്ജീവ് ഭട്ടിന്റെ കുടുംബം ചോദിക്കുന്നു

സഞ്ജീവ് ഭട്ടിന്റെ കുടുംബം ചോദിക്കുന്നു

5
0

Source :- SIRAJLIVE NEWS

ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ എട്ട് വര്‍ഷം പിന്നിട്ട ജയില്‍ ജീവിതം. അദ്ദേഹത്തിന്റെ അറസ്റ്റിന് എട്ട് വര്‍ഷം തികഞ്ഞ സെപ്തംബര്‍ അഞ്ചിന് മക്കളായ ആകാശ് ഭട്ടും ശാന്തനു ഭട്ടും പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചതു പോലെ ‘അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും പൗരന്മാരെ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ നിരന്തരം പരാജയപ്പെടുകയും ചെയ്യു’ന്നതിന്റെ മികച്ച ഉദാഹരണമാണ് സഞ്ജീവ് ഭട്ട്.

തങ്ങളുടെ കുറിപ്പില്‍, ഭരണകൂടം പൗരന്മാരില്‍ സൃഷ്ടിക്കുന്ന ഭയത്തെയും ജുഡീഷ്യറി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ അധികാരി വര്‍ഗത്തിനു കീഴടങ്ങുന്ന ദുരവസ്ഥയെയും പരാമര്‍ശിക്കുന്നുണ്ട് ഇരുവരും. സത്യം തുറന്നു പറയുന്നവരെയും അധികാരി വര്‍ഗത്തെ വിമര്‍ശിക്കുന്നവരെയും രാജ്യദ്രോഹികളും ക്രിമിനലുകളുമായി ചിത്രീകരിച്ച് ജയിലില്‍ അടയ്ക്കുമ്പോള്‍ സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും അനീതിക്കെതിരെ മിണ്ടാതിരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണകൂടത്തിന്റെ അതിക്രമങ്ങളെയും അധികാര ദുര്‍വിനിയോഗത്തെയും പ്രതിരോധിക്കാനുമാണ് ജഡീഷ്യറിയും അന്വേഷണ ഏജന്‍സികളും നിയോഗിക്കപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ക്ക് വഴങ്ങുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുന്നു.

2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സംഭവത്തില്‍ മോദി സര്‍ക്കാറിനുള്ള പങ്ക് സഞ്ജീവ് ഭട്ട് തുറന്നു പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് മേത്ത കമ്മീഷന്‍ മുമ്പാകെയും അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം കള്ളക്കേസുകളില്‍ പ്രതിയാക്കപ്പെട്ടത്. 1990ലെ ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള ഭരണകൂടത്തിന്റെ ആദ്യപ്രതികാര നടപടി. എല്‍ കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ ജില്ലയിലുണ്ടായ കലാപത്തില്‍ 150 പേര്‍ അറസ്റ്റിലായിരുന്നു. സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കലാപകാരികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ പ്രഭുദാസ് വൈഷ്ണാനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കിഡ്നി രോഗത്തെ തുടര്‍ന്ന് മരിച്ചു. ഈ സംഭവത്തെ കസ്റ്റഡി മരണമാക്കി ചിത്രീകരിച്ച് ഭട്ടിനെ കുരുക്കാനുള്ള ആയുധമാക്കുകയായിരുന്നു.

ഈ കേസില്‍ ഭട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിനെതിരെ മറ്റൊരു കേസ് കൂടി കുത്തിപ്പൊക്കി. സഞ്ജീവ ഭട്ട്, ഭനസ്‌കന്തയില്‍ എസ് പിയായി സേവനമനുഷ്ഠിക്കവെ മയക്കുമരുന്ന് കേസില്‍ ഒരു അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു രണ്ടാമത് കേസ്. ഈ കേസില്‍ നേരിട്ടൊരു ഇടപെടലും നടത്തിയിട്ടില്ലാത്ത ഭട്ടിന് 20 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ചുമത്തിയത്. ഈ രണ്ട് കേസുകളും ശിക്ഷാവിധികളും കൃത്യമായ നിയമ നടപടികളല്ല, ഭരണകൂടത്തിന്റെ അനീതിയെയും കൊള്ളരുതായ്മകളെയും തുറന്നു പറയുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ ഭരണഘടനാപരമായ കടമ നിര്‍വഹിക്കുന്നതിനു പകരം ഭരണാധികാരികളുടെ സ്തുതിപാഠകരും അവരുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്നവരുമായി മാറണമെന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ അധികാരി വര്‍ഗവും ചില ജഡ്ജിമാരും നല്‍കുന്നത്. നിയമവാഴ്ചയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഭട്ടിനെ പോലുള്ള ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലം വിചാരണ തടവുകാരായും ശിക്ഷിക്കപ്പെട്ടും തടവറയില്‍ അടയ്ക്കപ്പെടുന്നത് മുഴുവന്‍ സിവില്‍ സര്‍വീസുകാരുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ആത്മവീര്യം കെടുത്തിക്കളയും.

ഒരു പക്ഷേ കോടതിയില്‍ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാതെ പോയതു കൊണ്ടാകാം സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. കേസ് വിചാരണാവേളയില്‍ സുപ്രധാന സാക്ഷികളെ വിസ്തരിക്കാനോ പ്രതിഭാഗം തെളിവുകള്‍ ഹാജരാക്കാനോ വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപണം ഉന്നയിച്ചിരുന്നു. കേസുകളിലെ മുന്നൂറോളം സാക്ഷികളില്‍ മുപ്പതോളം പേരെ മാത്രമാണ് വിസ്തരിച്ചത്. കസ്റ്റഡി മരണക്കേസ് വിചാരണാവേളയില്‍ 11 അധിക സാക്ഷികളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് വിചാരണാ കോടതിയെയും ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമെന്നു പറഞ്ഞു ഈ ഹരജികള്‍ നിരസിക്കപ്പെടുകയായിരുന്നു. വിചാരണ അനന്തമായി നീളുന്നത് നീതിയല്ലെന്നത് ശരിതന്നെ. അതേസമയം പ്രധാന സാക്ഷികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും കുറ്റാരോപിതര്‍ക്ക് സ്വന്തം പ്രതിരോധം അവതരിപ്പിക്കാനും മതിയായ അവസരം നിഷേധിക്കപ്പെടുന്നതും നീതിയല്ല. വേഗത്തിലുള്ള നീതിയെന്നത് എത്രയും വേഗം ശിക്ഷിക്കലല്ല; കുറ്റാരോപിതനും പ്രോസിക്യൂഷനും തുല്യ അവസരം ലഭിക്കുന്ന, തെളിവുകള്‍ സമഗ്രമായി പരിശോധിക്കുന്ന വിചാരണ കൂടിയാണ്. ഒരാള്‍ കുറ്റക്കാരനോ അല്ലയോ എന്നതിനപ്പുറം അയാള്‍ക്ക് നീതിപൂര്‍വമായ വിചാരണ ലഭിച്ചോ എന്നതും ജനാധിപത്യ നിയമവ്യവസ്ഥയുടെ വിശ്വാസ്യത നിര്‍ണയിക്കുന്ന അളവുകോലാണ്.

വര്‍ഗീയ സ്ഫോടനങ്ങള്‍ നടത്തി ആളുകളെ ക്രൂരമായി കൊലപ്പെടുത്തിയവരും ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പാര്‍ലിമെന്റിലും നിയമസഭകളിലും മന്ത്രിമാരായും എം എല്‍ എമാരായും വിരാജിക്കുന്ന ദുരവസ്ഥയാണ് ഇന്ന് രാജ്യത്ത്. ഇത്തരക്കാര്‍ നിയമപരിരക്ഷ അനുഭവിച്ച് സ്വതന്ത്രരായി വിഹരിക്കുമ്പോള്‍, നിയമ വ്യവസ്ഥയെയും ഭരണഘടനയെയും ഉയര്‍ത്തിപ്പിടിച്ച് സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിച്ച നിരപരാധികളായ പൗരന്മാര്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടിക്ക് ഇരയാകുന്നത് എത്രമാത്രം വിരോധാഭാസമാണ്.