Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപര്യങ്ങളിലല്ലെന്ന് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുൺ കുമാറിൻ്റെ പ്രതികരണം. തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ് സിപിഐഎം കെട്ടിപ്പടുത്തത്. പ്രതിസന്ധിഘട്ടത്തിൽ ഈ അടിസ്ഥാനതത്വം ഓർക്കണമെന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.
സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചരണങ്ങളും സാധാരണ പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടാകാം. പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറൽ ഏൽക്കാതിരിക്കാനുള്ള ജാഗ്രത നേതൃത്വം എടുക്കണം. തെറ്റുകൾ ഉണ്ടാകാതെ നോക്കാനും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് പ്രസ്ഥാനം കൂടുതൽ കരുത്താർജിക്കുന്നത്. ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ എന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞത് വി എ അരുൺ കുമാർ ഓർമ്മിപ്പിച്ചു. സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ചില ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടാകാം.
അത്തരം സന്ദർഭങ്ങളിൽ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാനും രാഷ്ട്രീയമായി പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയാണ്. എന്നാൽ, ഏതൊരു പ്രതിസന്ധിഘട്ടത്തിലും നാം ഓർക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ്. കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോൾ തന്നെ, സാധാരണക്കാരുടെ കണ്ണിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണം.
തെറ്റുകൾ ഉണ്ടാകാതെ നോക്കാനും, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് സുതാര്യമായി മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് ഏതൊരു ഇടതുപക്ഷ പ്രസ്ഥാനവും കൂടുതൽ കരുത്താർജ്ജിക്കുന്നത്. അച്ഛൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നതുപോലെ ‘ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം.’
ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച്, കൂടുതൽ ജനകീയമായി പ്രസ്ഥാനം മുന്നോട്ടുപോകുക തന്നെ ചെയ്യും.


