Home rss business malayalam സെൻസസിനൊപ്പം എൻപിആർ വിവരശേഖരണം; കേന്ദ്രനീക്കത്തിനെതിരെ പിണറായി വിജയൻ

സെൻസസിനൊപ്പം എൻപിആർ വിവരശേഖരണം; കേന്ദ്രനീക്കത്തിനെതിരെ പിണറായി വിജയൻ

6
0

Source :- EVARTHA NEWS

സെൻസസ് നടപടികൾക്കൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്ററിനായുള്ള (എൻപിആർ) വിവരങ്ങളും ശേഖരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അത്യന്തം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.

സെൻസസും എൻപിആറും രണ്ടാണെങ്കിലും സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. എൻപിആറിലെ വിവരങ്ങൾ പരിശോധിച്ചാണ് എൻആർസി പട്ടിക തയ്യാറാക്കുന്നതെന്നും എൻപിആർ എൻആർസിയിലേക്കുള്ള ആദ്യപടിയാണെന്നും 2018-19ലെ ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ സെൻസസിൽ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാനാകില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങൾ സെൻസസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും പിണറായി ആഹ്വാനം ചെയ്തു.

അതേസമയം, വിഷയത്തിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കാജനകമാണെന്നും അദ്ദേഹം വിമർശിച്ചു. എൻപിആർ വിഷയത്തിൽ കോൺഗ്രസിന്റെ മുൻ നിലപാടുകൾ തന്നെയാണ് ഇതിന് കാരണമെന്നും പിണറായി ആരോപിച്ചു.

2003ലെ വാജ്‌പേയ് സർക്കാരിന്റെ കാലത്ത് പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് എൻആർസിക്കും എൻപിആറിനും വഴിയൊരുങ്ങിയതെന്നും 2010ൽ യുപിഎ സർക്കാരാണ് എൻപിആർ ആദ്യമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എൻആർസിയിലേക്ക് നയിക്കുന്ന എൻപിആർ, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസാണെന്നും പിണറായി ആരോപിച്ചു.

കേരളത്തിൽ എൻപിആർ നടപടികൾ നടപ്പാക്കില്ലെന്ന് 2019ൽ എൽഡിഎഫ് സർക്കാർ ഉത്തരവിലൂടെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2027ലെ സെൻസസ് നടപടികൾ പുനരാരംഭിക്കുമ്പോഴും സംസ്ഥാനത്ത് എൻപിആർ നടപ്പാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായി മുൻ എൽഡിഎഫ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി.

ഭരണ മാറ്റത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും ഈ വിഷയത്തിലും അതേ നിലപാട് തുടരുമോയെന്ന കാര്യത്തിൽ ജാഗ്രത വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.