Home rss national malayalam പുതിയ വാർത്ത ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയെ ഓര്‍മിപ്പിക്കുന്ന നരനായാട്ട്; ഡല്‍ഹിയിലേത് ഭരണകൂട ഭീകരതയെന്ന് പിണറായി

ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയെ ഓര്‍മിപ്പിക്കുന്ന നരനായാട്ട്; ഡല്‍ഹിയിലേത് ഭരണകൂട ഭീകരതയെന്ന് പിണറായി

8
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ഡല്‍ഹിയിലെ പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമാധാനപരമായി സംഘടിച്ചവര്‍ക്കെതിരെ കിരാതമായ ഭരണകൂട ഭീകരതയാണ് അരങ്ങേറിയത്. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയെ ഓര്‍മ്മിപ്പിക്കുന്ന നരനായാട്ടാണ് ഡല്‍ഹിയില്‍ നടന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അരലക്ഷത്തോളം പോലീസിനെയും അര്‍ധസൈനികരെയുമാണ് തെരുവില്‍ വിന്യസിച്ചത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് എംപിയെ പൊലീസ് വാഹനത്തിലിട്ട് ശ്വാസംമുട്ടിച്ച് മര്‍ദ്ദിക്കുകയും തെരുവില്‍ വലിച്ചെറിയുകയും ചെയ്തു. ഒരു പാര്‍ലമെന്റ് അംഗത്തിന് പോലും സുരക്ഷ നല്‍കാത്ത ഡല്‍ഹി പോലീസ് വെറും ക്രിമിനല്‍ സംഘമായി അധഃപതിച്ചിരിക്കുകയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

തെരുവുകളില്‍ വീണ ഓരോ തുള്ളി ചോരയ്ക്കും ബിജെപി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ഈ അടിച്ചമര്‍ത്തലിനെതിരെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണഘടനാ സ്ഥാപനങ്ങളെയും പൂർണ്ണമായി കാൽക്കീഴിലാക്കാനുള്ള ഏകാധിപത്യ നീക്കങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. സമാധാനപരമായി സംഘടിച്ചവർക്കെതിരെ ഇന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത് അങ്ങേയറ്റം കിരാതമായ ഭരണകൂട ഭീകരതയാണ്.

പ്രതിഷേധത്തെ അമർച്ച ചെയ്യാൻ അരലക്ഷത്തോളം പൊലീസിനെയും അർധസൈനികരെയുമാണ് തെരുവിൽ വിന്യസിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണങ്ങളാണ് അവർ ഇന്ന് അഴിച്ചുവിട്ടത്. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എംപിയെ പോലീസ് വാഹനത്തിലിട്ട് ശ്വാസംമുട്ടിച്ച് ക്രൂരമായി മർദിക്കുകയും തെരുവിൽ വലിച്ചെറിയുകയും ചെയ്തു. ഒരു പാർലമെന്റ് അംഗത്തിനെ പോലും വിലകൽപ്പിക്കാത്ത ഡൽഹി പൊലീസ് വെറും ക്രിമിനൽ സംഘമായി അധഃപതിച്ചിരിക്കുന്നു.

സമാനതകളില്ലാത്ത ക്രൂരതയാണ് വിദ്യാർഥി-യുവജന നേതാക്കൾക്ക് നേരെ നടന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയുടെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസിനെ നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു. സമരമുഖത്തുണ്ടായിരുന്ന എസ് എഫ് ഐയുടെ വനിതാ നേതാക്കളായ സിമ്രനെയും ശരണ്യയെയും കഴുത്തിന് കുത്തിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത പോലീസ്, കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വാഹനത്തിനകത്ത് ചവിട്ടിമെതിക്കുകയായിരുന്നു. ധ്രുവ് റാഠി, അഭിജിത് ദീപ്കെ തുടങ്ങി പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന നിരവധി പേർ പോലീസിന്റെ അതിക്രമത്തിന് ഇരയായി.

ആയിരക്കണക്കിന് പേരെയാണ് മൃഗീയമായാണ് തല്ലിച്ചതച്ചത്. ഹിറ്റ്ലറുടെ നാസി ജർമ്മനിയെ ഓർമ്മിപ്പിച്ചു കൊണ്ട് അറസ്റ്റിലായവരെ പാർപ്പിക്കാൻ സ്റ്റേഡിയങ്ങളെ താൽക്കാലിക തടങ്കൽ പാളയങ്ങൾ ആക്കി മാറ്റുകയാണ്. നേതാക്കളെ ഇരുമ്പഴികൾ കൊണ്ടു മറച്ച ബസ്സുകളിൽ കേറ്റി അതിർത്തികളിലേക്ക് നാടുകടത്താൻ നോക്കുകയാണ്.

ചോദ്യങ്ങൾ ചോദിക്കുന്നവരെയും വിയോജിക്കുന്നവരെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് സംഘപരിവാറിന്റെ അതിമോഹം മാത്രമാണ്. അധികാരത്തിന്റെ ഹുങ്കിൽ അവർ അഴിച്ചുവിടുന്ന ഈ ഭരണകൂട ഭീകരതയ്ക്കുമുന്നിൽ മുട്ടുമടക്കുന്നവരല്ല ഈ നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. ഡൽഹിയിലെ തെരുവുകളിൽ വീണ ഓരോ തുള്ളി ചോരക്കും ബിജെപി സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഈ ക്രൂരമായ നരനായാട്ടിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിർഭയത്വത്തോടെ അണിനിരക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ

Content Highlights: Opposition leader Pinarayi Vijayan condemned the Central government for unleashing police brutality on peaceful protesters in Delhi. He alleged that MP John Brittas was physically assaulted inside a police vehicle and thrown onto the street. Vijayan urged democratic forces across the nation to unite against state-sponsored violence