Home rss national malayalam പുതിയ വാർത്ത ഹൃദ്രോഗ ചികിത്സയും മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലും

ഹൃദ്രോഗ ചികിത്സയും മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലും

6
0

Source :- SIRAJLIVE NEWS

കേരള ഹാര്‍ട്ട് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പ്രസ്താവന ആരോഗ്യ മേഖലയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിയുടെ എണ്ണം വര്‍ധിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരോഗ്യവിദഗ്ധര്‍ രംഗത്തു വന്നിട്ടുണ്ട്.

പത്ത് ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ രണ്ടെണ്ണത്തിന്റെ കമ്മീഷന്‍ തുക ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന രീതി ചിലയിടങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി തുറന്നു പറയുകയുണ്ടായി. “ആരോഗ്യ രംഗത്തെ മാഫിയകളെ തുറന്നുകാട്ടുകയാണ് മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമാണെ’ന്ന പക്ഷക്കാരാണ് കാര്‍ഡിയോളജി വിദഗ്ധരില്‍ തന്നെ പലരും. അതേസമയം ഹൃദ്രോഗത്തിന് അടിയന്തര ചികിത്സ ആവശ്യമായ ഘട്ടത്തില്‍ അനാവശ്യ സംശയങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇതിടയാക്കുമെന്നും ഡോക്ടര്‍മാരെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലിലാക്കുമെന്നും ആശങ്കപ്പെടുന്നു മറ്റൊരു വിഭാഗം.

ഹൃദ്രോഗ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച സാങ്കേതിക വിദ്യയാണ് ആന്‍ജിയോപ്ലാസ്റ്റി. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പ്രയോഗിക്കുന്ന ഈ ചികിത്സാരീതി രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. അത്തരം ഘട്ടങ്ങളില്‍ ചികിത്സ വൈകുന്നത് ഹൃദയപേശികള്‍ക്ക് ക്ഷയം സംഭവിക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കും.

അതേസമയം, രക്തപ്രവാഹ തടസ്സം അത്ര ഗുരുതരമല്ലാത്ത, മരുന്ന് കൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന കേസുകളിലും സ്വകാര്യ ആശുപത്രികള്‍ ആന്‍ജിയോപ്ലാസ്റ്റി അടിച്ചേല്‍പ്പിക്കുന്നതായി പരാതി വ്യാപകമാണ്. ചെറിയ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ ചെന്നാല്‍ പോലും സ്റ്റെന്റ് (ഹൃദ്രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ചെറിയ മെറ്റള്‍മെന്റ് ട്യൂബ്) ഇടാന്‍ നിര്‍ദേശിക്കും. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഇതേക്കുറിച്ച് പിടിപാടില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ അവര്‍ സന്നദ്ധരാകുകയും ചെയ്യുന്നു.

സംസ്ഥാനത്ത് ഒരു വര്‍ഷം അര ലക്ഷത്തിലധികം പേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നുണ്ടെന്നാണ് ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ കണക്ക്. 2026ല്‍ 52,621 ആന്‍ജിയോപ്ലാസ്റ്റി നടന്നു. ഇതില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ 32,722 ആണ്.

ബാക്കിയുള്ളത് മരുന്നുകൊണ്ട് ചികിത്സിക്കാവുന്നതായിരുന്നു. സംസ്ഥാനത്തെ 150ഓളം കാത്ത് ലാബുകളില്‍ 88 എണ്ണത്തില്‍ നിന്നുള്ള കണക്കാണിത്. മൊത്തം കണക്കെടുത്താല്‍ എണ്ണം ഇനിയും കുത്തനെ വര്‍ധിക്കും. നാല്‍പ്പത് ശതമാനത്തോളം ആന്‍ജിയോപ്ലാസ്റ്റിയും അനാവശ്യമാണെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ആശുപത്രികള്‍ കാര്‍ഡിയോളജിസ്റ്റുകള്‍ക്ക് നിശ്ചയിച്ച പ്രതിമാസ ആന്‍ജിയോപ്ലാസ്റ്റി ക്വാട്ടയും സ്റ്റെന്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന കമ്മീഷനുകളുമാണ് അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കു പിന്നില്‍. ഈ ലാഭക്കൊതിയില്‍ ബലിയാടാകുന്നത് പാവപ്പെട്ട രോഗികളും കുടുംബങ്ങളുമാണ്. ഈ യാഥാര്‍ഥ്യത്തിലേക്കാണ് മുഖ്യമന്ത്രി വിരല്‍ ചൂണ്ടിയത്. “ഏതെങ്കിലും മെഡിക്കല്‍ സ്‌പെഷ്യാലിറ്റി വല്ലാതെ തരംതാഴ്ന്നിട്ടുണ്ടെങ്കില്‍ അത് കാര്‍ഡിയോളജിയാണെ’ന്ന പ്രസ്താവനയിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജി രാജേഷ് മുഖ്യമന്ത്രിയെ പിന്തുണക്കുകയും ചെയ്തു.

2017ല്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ പട്ടികയില്‍പ്പെടുത്തി സ്റ്റെന്റിന്റെ വിലക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആന്‍ജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട ചെലവുകള്‍ അതില്‍ മാത്രം പരിമിതപ്പെടുന്നില്ല. പരിശോധനാ ഫീസ്, ടെസ്റ്റുകള്‍, കാത്ത് ലാബ് ഫീസ്, റൂംവാടക തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ട പലതിനും ഉയര്‍ന്ന നിരക്കാണ് പല ആശുപത്രികളും ഈടാക്കി വരുന്നത്. ഹൃദയ ചികിത്സക്കായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ വായ്പയെടുക്കുകയും സ്വത്ത് പണയം വെക്കേണ്ടി വരികയും ചെയ്യേണ്ടി വന്നവരുണ്ട്.

ഗുരുതരമായ ഈ പ്രശ്‌നത്തിനു പരിഹാരം കാണാനും ആരോഗ്യ മേഖലയിലെ മാഫിയകളുടെ ചൂഷണത്തില്‍ നിന്ന് രോഗികളെ രക്ഷിക്കാനും സര്‍ക്കാര്‍ ശക്തായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നടക്കുന്ന ആന്‍ജിയോപ്ലാസ്റ്റി പോലെയുള്ള പ്രധാന ചികിത്സകളുടെ അനിവാര്യത പരിശോധിക്കാന്‍ വിദഗ്ധരടങ്ങുന്ന, തികച്ചും സ്വതന്ത്രമായ പ്രത്യേക മെഡിക്കല്‍ ഓഡിറ്റ് പാനല്‍ രൂപവത്കരിക്കേണ്ടതാണ്. ഏതെങ്കിലും ചികിത്സയുടെ അനിവാര്യത സംബന്ധിച്ച് സംശയമുണര്‍ന്നാല്‍ വിദഗ്ധരുടെ സഹായത്തോടെ അത് വിലയിരുത്തുകയും ആന്‍ജിയോപ്ലാസ്റ്റി അനിവാര്യമായിരുന്നില്ല; അതിനു പിന്നില്‍ സാമ്പത്തിക താത്പര്യമായിരുന്നുവെന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും വേണം.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച ഡോക്ടര്‍മാരുടെ ആശങ്കയും പൂര്‍ണമായി അവഗണിക്കാവുന്നതല്ല. ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് രോഗികളിലും സമൂഹത്തിലും വ്യാപകമായ സംശയം വളര്‍ന്നാല്‍ അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ പോലും ആശുപത്രികളെ സമീപിക്കാന്‍ മടിച്ചേക്കും. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം വിശ്വാസമാണെന്നിരിക്കെ തെളിവില്ലാത്ത പൊതുവായ ആരോപണങ്ങള്‍ ആ വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനിടയുണ്ട്. എങ്കിലും ഡോ. ജി രാജേഷ് പറഞ്ഞതു പോലെ “ആരെങ്കിലുമൊരാള്‍ ഒരു നാള്‍ സത്യം വിളിച്ചു പറയേണ്ടതല്ലേ’ എന്ന ചോദ്യവും പ്രസക്തമാണ്. അതുകൊണ്ട് ഇത്തരം തുറന്നു പറച്ചിലുകള്‍ മൊത്തം വൈദ്യസമൂഹത്തിനെതിരായ ആക്രമണമായി വിലയിരുത്തരുത്. മെഡിക്കല്‍ മേഖലയിലെ ചൂഷണങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരു തിരുത്തല്‍ പ്രക്രിയയായി ഇതിനെ കാണുകയാണ് വേണ്ടത്.

Content Highlights:
A major controversy erupted after Chief Minister V D Satheesan highlighted unnecessary angioplasties and doctor commissions in Kerala. Statistics show nearly 40 percent of annual procedures may be medically unnecessary. Experts are demanding an independent medical audit panel to stop exploitation.