Source :- SIRAJLIVE NEWS
അജ്മാൻ| അജ്മാൻ സർക്കാർ സ്ഥാപനങ്ങളിലെ സിവിൽ ജീവനക്കാർക്ക് ബാധകമായ 2026 ലെ നാലാം നമ്പർ മനുഷ്യവിഭവ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് ജീവനക്കാരുടെ തൊഴിൽ-കുടുംബ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന പുതിയ നിയമം നടപ്പാക്കുന്നത്.
സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ സിവിൽ ജീവനക്കാർക്കും മുതിർന്ന മാനേജ്മെന്റ് വിഭാഗത്തിനും ബാധകമാകുന്ന രീതിയിലാണ് വ്യവസ്ഥകൾ ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ (നിശ്ചയദാർഢ്യക്കാർ) ജീവനക്കാർക്ക് പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് അനുവദിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ ക്ഷീണമോ തളർച്ചയോ അനുഭവിക്കുന്ന ഗർഭിണികൾക്ക് അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദിവസേന രണ്ട് മണിക്കൂർ ജോലി സമയം കുറച്ച് നൽകും. കൂടാതെ, 18 വയസ്സിന് താഴെയുള്ള അഞ്ചോ അതിലധികമോ കുട്ടികളെ പരിപാലിക്കുന്ന ജീവനക്കാർക്ക് ദിവസവും ഒരു മണിക്കൂർ ജോലി സമയത്തിലും ഇളവ് ലഭിക്കും.
കുടുംബപരിചരണ അവധി, വിവാഹ അവധി, സംരംഭകത്വ അല്ലെങ്കിൽ സ്വയംതൊഴിൽ അവധി, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക അവധികൾ എന്നിവയും നിയമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങളും സ്വദേശി ജീവനക്കാർക്കായി “ഗുഡ് സർവീസ് അവാർഡും’ പുതിയ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.
Content Highlights:
Ajman Law No. 4 of 2026 on Human Resources officially comes into effect for civil employees under directives of Sheikh Humaid bin Rashid Al Nuaimi. It provides work-life balance benefits including reduced hours for pregnant women, determination members, and parents of five. Promotions are also included.



