Home rss national malayalam പുതിയ വാർത്ത അധികാരബലത്തിൽ അടിച്ചമർത്താനാകില്ല

അധികാരബലത്തിൽ അടിച്ചമർത്താനാകില്ല

2
0

Source :- SIRAJLIVE NEWS

അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി)യും പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്ന പ്രക്ഷോഭത്തെ നേരിടാന്‍ തലസ്ഥാന നഗരി ഇന്നുവരെ കണ്ടിട്ടില്ലാത്ത സുരക്ഷാ സന്നാഹങ്ങളാണ് മോദി ഭരണകൂടം സജ്ജമാക്കിയത്. നിലവിലുള്ള ഡല്‍ഹി പോലീസിനു പുറമെ കേന്ദ്ര സായുധ പോലീസ് വിഭാഗത്തിലെ 23,000 പേരെ പുതുതായി വിന്യസിച്ചു. ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ സ്റ്റേഷനുകളിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. 45 മെട്രോ സ്റ്റേഷനുകളും അടച്ചു. സി ജെ പി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക തുടങ്ങിയ നേതാക്കളെ ഡല്‍ഹിയില്‍ ഇറങ്ങാന്‍ പോലും അനുവദിക്കാതെ വിമാനത്തില്‍ വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.

മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, കേരളത്തില്‍ നിന്ന് സമരത്തിനെത്തിയ സി പി എം നേതാക്കളായ പിണറായി വിജയന്‍, എം എ ബേബി, കെ കെ ശൈലജ, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. സി ജെ പി നേതാക്കളെ പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിഷേധ സമരക്കാരെ മനുഷ്യത്വരഹിതമായാണ് ഡല്‍ഹി പോലീസും കേന്ദ്ര സായുധ സേനയും നേരിട്ടത്. ക്രൂരമായി മര്‍ദിക്കുകയും വനിതാ വിദ്യാര്‍ഥി നേതാക്കളെയടക്കം വലിച്ചിഴക്കുകയും ചെയ്തു. പിണറായി വിജയനെ രണ്ടര മണിക്കൂറോളം വാഹനത്തില്‍ കറക്കിയ ശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്. കടുത്ത ചൂടായിട്ടും കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ നല്‍കിയില്ല.

സമാധാനപരമായി പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ അധികാരത്തിന്റെ ബലത്തില്‍ തടയിടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഒട്ടും യോജിച്ചതല്ല. പ്രതിഷേധം ശക്തമാകുമ്പോള്‍ സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹാരം കാണുന്നതിനു പകരം ജനജീവിതം സ്തംഭിപ്പിക്കുകയും പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ പരിഭ്രാന്തിയും വെപ്രാളവുമാണ് വെളിപ്പെടുത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശ്വാസ്യതയും നിഷ്പക്ഷതയും സംബന്ധിച്ച് പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കേണ്ടത് കമ്മീഷണറുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തരവാദിത്വമാണ്. ജനാധിപത്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത അധികാരികളുടെ അവകാശവാദങ്ങള്‍ കൊണ്ട് മാത്രം സ്ഥാപിക്കപ്പെടുന്നതല്ല. അവയുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും നിഷ്പക്ഷതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് വിശ്വാസ്യത കൈവരുന്നത്.

പ്രക്ഷോഭത്തെ രാഷ്ട്രീയ നാടകമെന്നു പറഞ്ഞ് വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ച സംശയങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ്. വോട്ടര്‍പ്പട്ടികയുടെ കൃത്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇവയിലേതെങ്കിലുമൊന്നിനെ കുറിച്ച് സംശയം ഉണര്‍ന്നാല്‍ അത് പരിഹരിക്കപ്പെടണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന ധാരണ ജനങ്ങളില്‍ വളര്‍ന്നാല്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം തകരും. ജനങ്ങളുടെ സമ്മതിദാനാവകാശത്തിലൂടെ ലഭിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള അനുമതിപത്രമല്ല. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനുമുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.

പ്രതിഷേധത്തിന്റെ മുന്നണിപ്പോരാളികളായ നേതാക്കളെ കസ്റ്റഡിയിലെടുത്ത് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനും എതിരെ ഉയരുന്ന ജനവികാരം തല്ലിക്കെടുത്താമെന്ന ചിന്ത ബുദ്ധിശൂന്യമാണ്. അടിച്ചമര്‍ത്തല്‍ കൊണ്ട് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കിയത് ചരിത്രത്തില്‍ എവിടെയുമില്ല. ഒരു നേതാവിനെ തടവറയിലാക്കുമ്പോള്‍ പകരക്കാരായി നൂറുകണക്കിനു നേതാക്കള്‍ തെരുവിലിറങ്ങുന്നതാണ് ഏത് ജനകീയ സമരത്തിലും കാണാവുന്നത്. അറസ്റ്റിലായ അഭിജീത് ദിപ്‌കെക്കു പകരം സമരം നയിക്കാന്‍ സി ജെ പി, സംഘടനയുടെ ഓര്‍ഗനൈസിംഗ് ഇന്‍ചാര്‍ജ് അജിങ്ക്യ ഷിന്‍ഡെയെ പുതിയ നേതാവായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ സമരം തണുപ്പിക്കാനല്ല, പ്രതിഷേധത്തിന്റെ തീജ്വാലകള്‍ കൂടുതല്‍ ആളിപ്പടരാനാണ് വഴിയൊരുക്കുക. രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. അധികാരബലം കൊണ്ട് ഇത് അണച്ചുകളയാമെന്നത് വ്യാമോഹം മാത്രം. ഡല്‍ഹിയില്‍ ആരംഭിച്ച സമരം ഇപ്പോള്‍ രാജ്യത്താകമാനം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കശ്മീരിലെ ശ്രീനഗറില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ സമരം ആരംഭിച്ചിട്ടുണ്ട്.

ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ചരിത്രത്തിലെ ചില വൈരുധ്യങ്ങളെ ഓര്‍മിപ്പിക്കുന്നു. 1977ല്‍ ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, പൗരാവകാശങ്ങള്‍ക്കു മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തിനെതിരെയും മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെയും ശക്തമായി രംഗത്തുവന്നവരാണ് ബി ജെ പിയുടെ ആദ്യപതിപ്പായ ജനസംഘം. അടിയന്തരാവസ്ഥയുടെ ഭീകര ദിനങ്ങളെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇന്നും അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. അന്ന് ഏകാധിപത്യത്തിനെതിരെ പോരാടിയവര്‍ ഇന്ന് ഡല്‍ഹിയുടെ തെരുവുകളില്‍ അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് കടുത്ത വിരോധാഭാസമാണ്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ നേതാക്കളെ വിമാനത്തില്‍ വെച്ച് തടയുന്നതും കസ്റ്റഡിയിലെടുക്കുന്നതും ഏതുതരം പൗരവാകാശമാണെന്ന് കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വവും വ്യക്തമാക്കേണ്ടതുണ്ട്.