Home rss national malayalam പുതിയ വാർത്ത അബൂദബി; റസ്റ്റോറന്റുകളിൽ ആരോഗ്യകരമായ ഭക്ഷണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ

അബൂദബി; റസ്റ്റോറന്റുകളിൽ ആരോഗ്യകരമായ ഭക്ഷണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ

4
0

Source :- SIRAJLIVE NEWS

അബൂദബി| അബൂദബിയിലെ ഹോട്ടലിലെ ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പൂർണമായി നടപ്പിലാക്കുന്നു. മുതിർന്നവർക്കായുള്ള മെനുവിലെ ഓരോ ഭക്ഷണ വിഭാഗത്തിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ വിഭവമെങ്കിലും നിർബന്ധമായും ഉൾപ്പെടുത്തണം. കുട്ടികളുടെ മെനുവിലെ പകുതിയോളം വിഭവങ്ങൾ അംഗീകൃത പോഷക മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണമെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.

ഭക്ഷണ മേശകളിൽ സാധാരണ ഉപ്പിന് പകരം കുറഞ്ഞ സോഡിയം അടങ്ങിയ ഉപ്പ് ലഭ്യമാക്കണമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. ജൂലൈ ഒന്നിന് നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഹോട്ടലുകൾക്കും അനുബന്ധ റസ്റ്റോറന്റുകൾക്കും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് ഇന്ന് മുതൽ കർശന പരിശോധനകളിലേക്കും തുടർനടപടികളിലേക്കും അധികൃതർ കടക്കുന്നത്.

ഭക്ഷണശാലകളിൽ എത്തുന്നവർക്ക് കൂടുതൽ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കുക, അമിതമായ ഉപ്പിന്റെ ഉപയോഗവും അനാരോഗ്യകരമായ ഭക്ഷണരീതികളും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ തടയുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അബൂദബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പും അബൂദബി പൊതുജനാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Content Highlights:
Abu Dhabi has fully implemented new healthy food standards for hotel restaurants starting today. Establishments must offer nutritious options on adult menus, mandate healthy dishes on children menus, and provide low-sodium salt. The rules aim to promote healthy eating habits across the emirate.