Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

അമേരിക്കയുടെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ), നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് (ഒഡിഎൻഐ) എന്നിവയുടെ ഡിജിറ്റൽ ശൃംഖലയിൽ സൈബർ സുരക്ഷാ ലംഘനം നടന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും ഉപയോഗിക്കുന്ന ഓപ്പൺ സോഴ്സ് ഇന്റലിജൻസ് സംവിധാനമാണ് നുഴഞ്ഞുകയറ്റത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. വാർത്തകൾ, സാമൂഹിക മാധ്യമങ്ങൾ, പൊതുരേഖകൾ തുടങ്ങിയ സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതാണ് ഈ സംവിധാനം.
സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എത്രത്തോളം വിവരങ്ങൾ ചോർന്നെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ ചോർന്നതായും സ്ഥിരീകരണമില്ല. സുരക്ഷാ ലംഘനത്തിന്റെ വ്യാപ്തിയും ദേശീയ സുരക്ഷയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അമേരിക്കയുടെ നിർണായക രഹസ്യാന്വേഷണ സംവിധാനങ്ങളെ ബാധിച്ചെന്ന റിപ്പോർട്ട് രാജ്യത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.


