Source :- SIRAJLIVE NEWS
കണ്ണൂര്‍ | പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍. നഗരത്തിലെ താളിക്കാവിലുള്ള അഭിഭാഷകയുടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു അറസ്റ്റ്. സാഹസികമായാണ് പോലീസ് ആയങ്കിയെ പിടികൂടിയത്. ഫോണ്‍ ട്രാക്ക് ചെയ്താണ് ഇയാളിലേക്കെത്തിയത്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെ ഫ്‌ളാറ്റില്‍ എത്തിയത്. തളിപ്പറമ്പിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ ശേഷം ഒരു ഓട്ടോയില്‍ ഫ്‌ളാറ്റിലേക്ക് പോവുകയായിരുന്നു. യാത്രക്കാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പ്രദേശം കേന്ദ്രീകരിച്ച് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അര്‍ജുന്‍ ആയങ്കി തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ അഭിഭാഷകയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇത്രയും ദിവസം പോലീസിന് തലവേദന സൃഷ്ടിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ വലയിലാക്കാന്‍ സാധിച്ചത് അന്വേഷണസംഘത്തിന് ആശ്വാസമായി. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ആയങ്കിയുള്ളത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ എറണാകുളം പോലീസിന് കൈമാറാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയാണ്. ഇതിനായി എറണാകുളത്ത് നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. ആയങ്കിക്കെതിരെ കണ്ണൂരിലും കേസുകളുണ്ട്.
Arjun Ayanki was arrested by Kerala Police from a lawyer’s flat in Kannur. An auto driver provided crucial information to the police after suspecting his identity. CCTV footage confirmed his presence before the arrest. He is now at Kannur Town Police Station awaiting transfer to Ernakulam Police.



