Home rss national malayalam പുതിയ വാർത്ത അഴിമതിമുക്തമാകില്ലേ ഇന്ത്യ?

അഴിമതിമുക്തമാകില്ലേ ഇന്ത്യ?

4
0

Source :- SIRAJLIVE NEWS

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിവില്‍ സര്‍വീസ്, രാജ്യത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന “സ്റ്റീല്‍ ഫ്രെയിം’ ആണെന്നാണ് സ്വാതന്ത്ര്യാനന്തരം സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ഈ സംവിധാനം രാജ്യത്തിന്റെ പുരോഗതിയെ തളച്ചിടുന്ന ഒരു “സ്റ്റീല്‍ കേജ്’ ആയി മാറിയിരിക്കുന്നുവെന്ന് നിഷ്പക്ഷമായി പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്ത്യയെന്ന സ്വര്‍ണച്ചിറകുള്ള പക്ഷിയെ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കാതെ, ഉദ്യോഗസ്ഥവൃന്ദത്തിന്റെ പിടിപ്പുകേടും അഴിമതിയും ചേര്‍ന്ന ഇരുമ്പുകൂട്ടില്‍ അടച്ചിട്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യാനും 1857ലേത് പോലെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുമായി നിര്‍മിച്ച അതേ അടിച്ചമര്‍ത്തല്‍ ഉദ്യോഗസ്ഥ ചട്ടക്കൂടിനെയാണ് സ്വതന്ത്ര ഭാരതവും മാറ്റങ്ങളില്ലാതെ പിന്തുടരുന്നത്.

ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരിലെ അഴിമതി ആരംഭിക്കുന്നത് അവര്‍ ചുമതലയേറ്റ ശേഷമല്ല, മറിച്ച് യു പി എസ് സി ഫലം പുറത്തുവരുന്ന നിമിഷം മുതലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. വര്‍ഷങ്ങളോളം പ്രതിമാസം എണ്ണായിരം രൂപയോളം വരുന്ന ചെറിയ മുറികളില്‍ തുച്ഛമായ സൗകര്യങ്ങളില്‍ കഠിനാധ്വാനം ചെയ്ത് പഠിച്ച് റാങ്ക് പട്ടികയില്‍ ഇടംപിടിക്കുന്ന ഉദ്യോഗാര്‍ഥികളെ തേടി അന്നുതന്നെ സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ലക്ഷങ്ങളുമായി എത്തുന്നു. തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യത്തിനായി ഫോട്ടോയും പേരും ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് 15 മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇവരെ സ്വാധീനിക്കുന്നു. ഒരു മിനുട്ട്് കൊണ്ട് ജീവിതം മാറിമറിയുന്ന ഈ ഘട്ടത്തില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് തെറ്റാണെന്ന ധാര്‍മിക ബോധം പോലുമില്ലാതാകുന്നു. തങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന് ലഭിക്കുന്ന സ്വാഭാവിക പ്രതിഫലമായി ഇതിനെ കാണുന്നതോടെ, അഴിമതി എന്ന പ്രക്രിയയോടുള്ള ആദ്യ ധാര്‍മിക വീഴ്ചക്ക് അവിടെ തുടക്കമാകുന്നു.

തുടര്‍ന്ന് മസ്സൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ലഭിക്കുന്ന രണ്ട് വര്‍ഷത്തെ പരിശീലനവും അവരില്‍ ഒരു വ്യാജ “എലൈറ്റ്’ ബോധം വളര്‍ത്താനാണ് സഹായിക്കുന്നത്. സാധാരണക്കാരനില്‍ നിന്ന് തങ്ങള്‍ വേറിട്ടവരാണെന്നും ജനങ്ങള്‍ തങ്ങള്‍ക്ക് താഴെയാണെന്നുമുള്ള ഒരു തരം മേലാള മനോഭാവം അവിടെവെച്ച് സൃഷ്ടിക്കപ്പെടുന്നു.
ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പോലും വ്യാജ രേഖകള്‍ ഉപയോഗിച്ച് ആളുകള്‍ കടന്നുകൂടുന്നുവെന്നത് സംവിധാനത്തിന്റെ തകര്‍ച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഭിന്നശേഷി സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഇ ഡബ്ല്യു എസ് സംവരണവും ദുരുപയോഗം ചെയ്ത് ഐ എ എസ്.

പദവിയിലെത്തിയ സംഭവങ്ങള്‍ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. സ്വന്തം വസ്തുവകകള്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റി നികുതി രേഖകളില്‍ കൃത്രിമം കാണിച്ച് പദവി നേടിയെടുക്കുന്ന ഇത്തരക്കാര്‍ പിന്നീട് വ്യവസ്ഥയിലെ വിടവുകള്‍ ഉപയോഗിച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. കേസ് സുപ്രീം കോടതി വരെ എത്തിയാലും ടെക്‌നിക്കല്‍ ലൂപ്പ്‌ഹോളുകള്‍ ഉപയോഗിച്ച് വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

ഭരണ സംവിധാനത്തില്‍ നടക്കുന്ന വലിയൊരു ശതമാനം അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനല്ല, മറിച്ച് നിയമാനുസൃതമായി നടക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാനാണ് വാങ്ങുന്നത്. ഉദാഹരണത്തിന്, ഒരു സാധാരണക്കാരന് വീട് നിര്‍മാണത്തിനായി ലഭിക്കുന്ന ഒരു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സ്‌കീമില്‍ നിന്ന് തുക ലഭിക്കാന്‍ ഫയലുകള്‍ നീക്കാനായി ക്ലര്‍ക്കുമാര്‍ മുതല്‍ മുകളിലോട്ട് 25,000 രൂപയോളം കൈക്കൂലിയായി നല്‍കേണ്ടി വരുന്നു. ശരിയായ ഒരു കാര്യം ചെയ്തു കിട്ടാന്‍ വേണ്ടി പണം നല്‍കേണ്ടി വരുന്ന ഈ അവസ്ഥയാണ് അഴിമതിയെ ഇത്രമേല്‍ ഭയാനകമാക്കുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഴിമതിപ്പണം പ്രധാനമായും നിക്ഷേപിക്കപ്പെടുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. ഒരു ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ചും ഹൈവേ നിര്‍മാണത്തെക്കുറിച്ചുമുള്ള മുന്‍കൂട്ടി ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇവര്‍ ചുളുവിലക്ക് ഭൂമി വാങ്ങിക്കൂട്ടുന്നു. ഭോപ്പാലില്‍ 50 ഐ എ എസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 5.5 കോടി രൂപക്ക് വാങ്ങിയ കോമണ്‍ ലാന്‍ഡ്, പിന്നീട് ഹൈവേ പദ്ധതി പാസ്സാക്കിയതിലൂടെ രണ്ടര വര്‍ഷത്തിനുള്ളില്‍ 65 കോടി രൂപയുടെ മൂല്യമുള്ളതായി മാറിയ സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണ്.

സാധാരണക്കാരുടെ സമ്പാദ്യത്തിന് വാങ്ങാന്‍ സാധിക്കാത്ത വിധം നോയിഡ, ഗുഡ്ഗാവ്, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് വില കുതിച്ചുയരാന്‍ കാരണം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരുടെ കറുത്ത പണത്തിന്റെ നിക്ഷേപമാണ്.

ഭരണകൂടത്തിന്റെ ജനക്ഷേമ പദ്ധതികളുടെ ഫണ്ട് വകമാറ്റുന്നതിലും വലിയ അഴിമതികള്‍ നടക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ജലസേചന പദ്ധതികള്‍ക്കായി നീക്കിവെച്ച നൂറുകണക്കിന് കോടി രൂപ ഒരു കിണര്‍ അല്ലെങ്കില്‍ കുളം പോലും കുത്താതെ വ്യാജ ഫോട്ടോകളും എ ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായതായി കാണിച്ച് തട്ടിയെടുത്ത സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാര്‍മറിലെ പ്രശസ്തയായ ഒരു ഐ എ എസ് ഉദ്യോഗസ്ഥ 80 തടാകങ്ങള്‍ നിര്‍മിച്ചതായി അവകാശപ്പെട്ട് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങിയെങ്കിലും, അവിടെ ഒരു നിര്‍മാണവും നടന്നിരുന്നില്ല എന്നത് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന തുകയില്‍ കേവലം 15 മുതല്‍ 40 ശതമാനം വരെ മാത്രമാണ് യഥാര്‍ഥ ഗുണഭോക്താവിലേക്ക് എത്തുന്നത്. ബാക്കി തുക എട്ട് തലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ ശൃംഖല വീതിച്ചെടുക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതികളില്‍ പോലും ഒഡിഷയില്‍ 83 കോടിയോളം രൂപയുടെ വ്യാജ അക്കൗണ്ട് തട്ടിപ്പ് ഒരു ഐ എ എസ് ഉദ്യോഗസ്ഥ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
ഇന്നത്തെ ഐ പി എസ് സംവിധാനവും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ജനങ്ങളെ അടിച്ചമര്‍ത്താനായി ഉണ്ടാക്കിയ താനാ (Thana) സിസ്റ്റത്തിന്റെ തുടര്‍ച്ചയാണ്. ജനങ്ങള്‍ക്ക് സേവനം ചെയ്യാനല്ല, മറിച്ച് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്താനുമാണ് അത് രൂപകല്‍പ്പന ചെയ്തത്. അതിനാല്‍ തന്നെയാണ് ഇന്നും ഒരു സാധാരണക്കാരന് പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ ഭയപ്പെടേണ്ടി വരുന്നത്. വിദേശ രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷ തോന്നുന്നത് പോലീസിന്റെ സാന്നിധ്യത്തിലാണെങ്കില്‍, ഇന്ത്യയില്‍ പോലീസ് സാന്നിധ്യം ഭീതിയാണ് ഉളവാക്കുന്നത്.

ഒരു ജില്ലയിലെ ഏറ്റവും വലിയ അധികാരം കൈയാളുന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായും ഭൂമാഫിയകളുമായും അവിശുദ്ധ ബന്ധമാണുള്ളത്. എസ് എച്ച് ഒ തസ്തികകള്‍ രണ്ട് കോടി രൂപ വരെ ലേലം വിളിച്ച് നല്‍കുന്ന സാഹചര്യങ്ങള്‍ പോലുമുണ്ട്. കേസുകള്‍ അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും എഫ് ഐ ആറില്‍ ബോധപൂര്‍വം നടപടിക്രമങ്ങളില്‍ തെറ്റുകള്‍ വരുത്തി കുറ്റവാളികളെ രക്ഷപ്പെടുത്താനും കോടികളാണ് വിനിമയം ചെയ്യപ്പെടുന്നത്. അതേസമയം നേരായ വഴിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ 20ഉം 50ഉം തവണ സ്ഥലം മാറ്റി നിഷ്പ്രഭരാക്കുകയോ അല്ലെങ്കില്‍ പ്രാധാന്യമില്ലാത്ത ആര്‍ക്കൈവ്‌സ് വകുപ്പുകളിലേക്ക് ഒതുക്കുകയോ ചെയ്യുന്നതാണ് ഈ വ്യവസ്ഥയുടെ രീതി.

ഭരണഘടനയുടെ അനുഛേദം 311 നല്‍കുന്ന അമിത സംരക്ഷണം കാരണം ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുക എന്നത് പ്രായോഗികമായി അസാധ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ ഇവര്‍ക്കെതിരെ അന്വേഷണം സാധ്യമാകൂ എന്നതിനാല്‍, അഴിമതി കേസില്‍പ്പെട്ടാല്‍ പോലും വിചാരണാ നടപടികള്‍ പൂര്‍ത്തിയാകാന്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോകുന്നു.

1950കളില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ അതേ പരീക്ഷാരീതി തന്നെയാണ് ചെറിയ ചില മാറ്റങ്ങളോടെ ഇപ്പോഴും യു പി എസ് സി പിന്തുടരുന്നത്. ഭരണ നടത്തിപ്പില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന “ലാറ്ററല്‍ എന്‍ട്രി’ പോലെയുള്ള പരിഷ്‌കാരങ്ങളെ സിവില്‍ സര്‍വീസ് ലോബി തങ്ങളുടെ സ്വാധീനമുപയോഗിച്ച് നിഷ്ഫലമാക്കി മാറ്റുകയും ചെയ്തു. തങ്ങളുടെ സിസ്റ്റത്തിലേക്ക് പുറത്ത് നിന്നൊരാള്‍ വരുന്നത് അനുവദിക്കാത്ത തരത്തില്‍ ശക്തമായ ഒരു ലോബിയായി ഇവര്‍ പ്രവര്‍ത്തിക്കുന്നു.

ലോകത്തിലെ ഏറ്റവും വൈവിധ്യമുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തെ സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ നയിച്ച ജവഹര്‍ലാല്‍ നെഹ്‌റു ഫലപ്രദമായി ജനാധിപത്യത്തെ സ്ഥാപിച്ചുവെന്നത് ചരിത്ര വസ്തുതയാണ്. എന്നാല്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല. ആഗോളതലത്തില്‍ ചൈനയും അമേരിക്കയും സാങ്കേതികവിദ്യയിലും ഉത്പാദന മേഖലയിലും വലിയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുമ്പോഴും ഇന്ത്യ പ്രാദേശികമായി അഴിമതിയുടെയും ബ്യൂറോക്രാറ്റിക് മന്ദതയുടെയും കെണിയില്‍ പെട്ടുകിടക്കുകയാണ്.

രാജ്യത്തെ ഈ ദ്രവിച്ച ബ്യൂറോക്രാറ്റിക് സംവിധാനത്തിന് മാറ്റം വരുത്താന്‍ ഭാവിയില്‍ നിര്‍മിത ബുദ്ധിക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഫയലുകള്‍ നീക്കുന്ന പ്രക്രിയകള്‍ സാങ്കേതികവിദ്യ ഏറ്റെടുക്കുന്നതോടെ ഉദ്യോഗസ്ഥരുടെ വിവേചനാധികാരങ്ങള്‍ ഇല്ലാതാകും. സുതാര്യമായ ഡാറ്റാ പ്രൊസസ്സിംഗിലൂടെ ദുരിതാശ്വാസ ഫണ്ടുകളും വികസന പദ്ധതികളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാങ്കേതികവിദ്യക്ക് കഴിയും.

എന്നാല്‍ കേവലം സാങ്കേതികവിദ്യ കൊണ്ട് മാത്രം അഴിമതി പൂര്‍ണമായി തുടച്ചുനീക്കപ്പെടില്ല. രാജ്യത്തെ പൗരന്മാര്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. നിലവില്‍ മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് നേരിട്ട് ആദായനികുതി നല്‍കുന്നത് എന്നതിനാല്‍ ഭൂരിഭാഗം ജനങ്ങളും തങ്ങള്‍ നല്‍കുന്ന പരോക്ഷ നികുതിയെക്കുറിച്ച് ബോധവാന്മാരല്ല. തങ്ങളുടെ പണം എവിടെപ്പോകുന്നു എന്ന് ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് തണലാകുന്നത്. സാര്‍വത്രികമായ ചോദ്യം ചെയ്യലുകളിലൂടെയും അധികാര കേന്ദ്രങ്ങളെ എതിര്‍ക്കുന്നതിലൂടെയുമാണ് ചരിത്രത്തില്‍ എല്ലാ സമൂഹങ്ങളും പുരോഗമിച്ചിട്ടുള്ളത്.

ഭരണകൂടത്തോടും ഉദ്യോഗസ്ഥരോടും നിര്‍ഭയം ചോദ്യങ്ങള്‍ ചോദിക്കാന്‍ പുതിയ തലമുറ തയ്യാറാകണം. ഇക്കഴിഞ്ഞ പാറ്റ സമരം അതിന് വലിയ ഉദാഹരണമാണ്. ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദിക്കുന്നത് പോലെ ഉദ്യോഗസ്ഥ പിടിപ്പുകേടുകള്‍ക്കെതിരെയും ശബ്ദിക്കാനാകണം. പൗരസമൂഹം സജീവമായി ഇടപെടാത്ത കാലത്തോളം ഈ “സ്റ്റീല്‍ കേജ്’ ഇന്ത്യയുടെ പുരോഗതിയെ തടഞ്ഞുനിര്‍ത്തുന്ന വന്‍മതിലായി തന്നെ തുടരും.

Content Highlights:
The Indian civil service system has transformed from a steel frame to a steel cage hindering progress. Widespread corruption, systemic loopholes, and illegal exploitation of reservation policies undermine governance. Comprehensive technological integration and public accountability are needed to overhaul this outdated bureaucratic framework.