Source :- SIRAJLIVE NEWS
തിരുവനന്തപുരം | അനാരോഗ്യം കാരണം നിയമസഭയില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന മുസ്്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് എം കെ മുനീറിനു നല്‍കാന്‍ കണ്ടുവച്ചിരുന്ന കാബിനറ്റ് പദവിക്ക് കോണ്‍ഗ്രസ്സും അവകാശവാദം ഉന്നയിച്ചതോടെ യു ഡി എഫില്‍ പ്രതിസന്ധി.
ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി എം കെ മുനീറിനു നല്‍കണമെന്ന ആവശ്യവുമായി തുടക്കം മുതല്‍ ലീഗ് രംഗത്തുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം പുതിയ അവകാശവാദം ഉന്നയിച്ചതോടെ കാബിനറ്റ് പദവികളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കീറാമുട്ടിയായി. മുന്‍ യു ഡി എഫ് സര്‍ക്കാറില്‍ അഞ്ചാം മന്ത്രി വിവാദം മുന്നണിയുടെ പ്രതിച്ഛായ തകര്‍ത്തതുപോലുള്ള സാഹചര്യം ഉണ്ടാക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തോടു പറയുന്നത്. വിഷയം പൊതുമണ്ഡലത്തിലേക്കു വലിച്ചിഴച്ച് ലീഗിനെ അപമാനിക്കാന്‍ ശ്രമിക്കരുതെന്ന് ലീഗ് നേതാക്കളും തിരിച്ചടിച്ചിട്ടുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന കടുത്ത നിലപാടില്‍ ലീഗ് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പുതിയ അവകാശവാദം മുഖ്യമന്ത്രി വി ഡി സതീശനെ വെട്ടിലാക്കിയിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ലീഗിന് ഈ പദവി നല്‍കാമെന്ന് വി ഡി സതീശന്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് ലീഗ് പറയുന്നത്.
നിയമസഭയിലെ അംഗബലം കണക്കിലെടുത്ത് ആറാമതൊരു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടായിരുന്നെങ്കിലും മുനീറിനായി കാബിനറ്റ് പദവിയുള്ള ഒരു സ്ഥാനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ലീഗ് വഴങ്ങിയത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പോലുള്ള സുപ്രധാന പദവി പാര്‍ട്ടി തന്നെ കൈവശം വെക്കണമെന്ന അഭിപ്രായമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവര്‍ മുന്നോട്ടുവയ്ക്കുന്നത്.
നേതൃത്വവുമായി ആലോചിക്കാതെ വി ഡി സതീശന്‍ ലീഗിന് പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. മുന്‍ കെ പി സി സി പ്രസിഡന്റുമാരായ എം എം ഹസ്സന്‍, കെ സുധാകരന്‍, മുന്‍മന്ത്രി കെസി ജോസഫ്, പ്രൊഫ. പി ജെ കുര്യന്‍ തുടങ്ങിയവരുടെ പേരുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ലീഗ് കാത്തിരിക്കുന്ന ഈ പദവി നിഷേധിക്കുന്നത് വഞ്ചനയായിരിക്കുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. കൂടുതല്‍ സീറ്റിന്റെ ഹുങ്കില്‍ ലീഗിനെ ഒതുക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വകവച്ചുകൊടുക്കില്ലെന്നാണ് ലീഗ് നിലപാട്.
Content Highlights:
The UDF coalition faces internal tension as Congress challenges Muslim League’s demand for Cabinet-rank post for senior leader MK Muneer. IUML expects the Administrative Reforms Commission post as reportedly assured by CM VD Satheesan. Congress leaders argue the key post should remain with Congress.




