Source :- SIRAJLIVE NEWS
കൊല്‍ക്കത്ത | സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയുടെ പോരാട്ട വീര്യത്തെ പുകഴ്ത്തി ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. 0-4 എന്ന സ്‌കോറിന് പരാജയപ്പെട്ടെങ്കിലും, ശനിയാഴ്ചത്തെ മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം ആഞ്ചലോട്ടിയുടെ പ്രശംസ പിടിച്ചുപറ്റി.
ഇന്ത്യ ബുദ്ധിപൂര്‍വമാണ് കളിച്ചതെന്ന് മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആഞ്ചലോട്ടി പറഞ്ഞു. ‘പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യാക്രമണങ്ങള്‍ മെനഞ്ഞ ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. അവര്‍ അവസരങ്ങള്‍ തുറക്കുകയും തങ്ങളുടേതായ ശൈലിയില്‍ കളിക്കുകയും ചെയ്തു. ഗോള്‍ നേടുന്നതില്‍ ഞങ്ങള്‍ക്ക് അല്‍പം പ്രയാസം നേരിട്ടു. എങ്കിലും, ആദ്യ ഗോള്‍ നേടിയതോടെ ക്രമേണ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.’- 67-കാരനായ ആഞ്ചലോട്ടി വ്യക്തമാക്കി.
ലോക റാങ്കിംഗില്‍ 138-ാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ സമനില ഭേദിക്കാന്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ടീമിന് അരമണിക്കൂറോളം സമയം വേണ്ടിവന്നിരുന്നു. എന്നാല്‍, ഒരു ഗോള്‍ നേടിയാല്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്നായിരുന്നു ആഞ്ചലോട്ടിയുടെ വിശ്വാസം. 28-ാം മിനുട്ടില്‍ എസ്റ്റെവാഓ നേടിയ ഗോളോടെ അത് സംഭവിക്കുകയും ചെയ്തു.
‘യുവതാരങ്ങള്‍ക്ക് അവരുടെ കഴിവും മികവും പ്രകടിപ്പിക്കാനും, ഭാവിയില്‍ ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമോ എന്ന് തെളിയിക്കാനുമുള്ള അവസരമായിരുന്നു ഈ മത്സരം. തീര്‍ച്ചയായും, ചില താരങ്ങള്‍ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നു. പ്രത്യേകിച്ച് പ്രതിരോധത്തില്‍. ഇതൊരു കടുത്ത പരീക്ഷണമല്ലായിരുന്നു.’- ബ്രസീല്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
The head coach of the Brazil national football team commended India for their outstanding performance and fighting spirit on the pitch. He highlighted the remarkable resilience and tactical discipline displayed by the Indian players throughout the contest. The positive assessment underlines encouraging progress for Indian football on the international stage.




