Home rss national malayalam പുതിയ വാർത്ത അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമം; അടിത്തറ ഇളകി നിര്‍മാണമേഖല

അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമം; അടിത്തറ ഇളകി നിര്‍മാണമേഖല

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും നിയന്ത്രണവും വിലക്കയറ്റവും കാരണം സംസ്ഥാനത്തെ നിര്‍മാണമേഖല തകര്‍ച്ചയിലേക്ക്. എം സാന്‍ഡ്, കരിങ്കല്ല് എന്നിവയുടെയെല്ലാം വില ഉയര്‍ന്നത് നിര്‍മാണപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കോണ്‍ക്രീറ്റ് കമ്പി, സ്റ്റീല്‍ എന്നിവയുടെ വിലയില്‍ 10 ശതമാനത്തിലധികമാണ് വര്‍ധനവുണ്ടായത്. മണലിന്റെ ലഭ്യതക്കുറവുമുണ്ട്. മെറ്റലിനും എം സാന്‍ഡിനും മൂന്ന് മാസത്തിനുള്ളില്‍ പലതവണയായി വില കൂടി. ഇതോടെ കണ്ണൂരില്‍ 200 ഘനയടിയുടെ ഒരു ലോഡ് ക്വാറി ഉത്പന്നത്തിന് (മെറ്റല്‍) നാല് മാസത്തിനുള്ളില്‍ 2,000 രൂപയോളമാണ് വര്‍ധിച്ചത്. ദൂരം കൂടുന്നതിനനുസരിച്ച് ഇതിലും മാറ്റം വരും.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കരിങ്കല്ല് ഉള്‍പ്പെടെയുള്ളവ വരുന്നതും നിലച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം വയറിംഗ് സാമഗ്രികള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചു. ചെമ്പ്, പി വി സി എന്നിവയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. പെയിന്റ്ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നു. മുഴുവന്‍ തുകയും കണ്ടെത്തിയതിന് ശേഷം നിര്‍മാണം ആരംഭിച്ചവര്‍ക്ക് പോലും കടുത്ത വിലക്കയറ്റത്തില്‍ അടിതെറ്റുകയാണ്. നിര്‍മാണക്കരാര്‍ ഏറ്റെടുത്തവരും പറഞ്ഞ തുകയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നുണ്ട്. ദേശീയപാതയുടെ നിര്‍മാണക്കരാറെടുത്തവര്‍ വന്‍വിലക്ക്് മെറ്റല്‍ ശേഖരിക്കുന്നത് സാധാരണക്കാരായ കരാറുകാര്‍ക്ക് വലിയ തിരിച്ചടിയായെന്ന് തളിപ്പറമ്പിലെ കരാറുകാരനായ പി വി മനീഷ് പറഞ്ഞു.

സ്വകാര്യ മേഖലയിലെ ഫ്‌ലാറ്റ്, വില്ല പദ്ധതികളെയും നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ബാധിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് നിര്‍മാണ സാമഗ്രികളുടെ വര്‍ധിച്ച വില കാരണം കരാര്‍ നിരക്കില്‍ പ്രവൃത്തി തുടരാനാകുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തിയും പാതിവഴിയിലായി. പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാനുമാകുന്നില്ല. ക്വാറികളുടെ എണ്ണം കുറവായതിനാല്‍ നിര്‍മാണ സാമഗ്രികള്‍ക്കായി സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ ജില്ലകളെയാണ്. ദേശീയപാത നിര്‍മാണത്തിനാവശ്യമായ കരിങ്കല്ലും മെറ്റലുമെല്ലാം ഇവിടെ നിന്നാണ് എത്തിക്കുന്നത്. നിലവില്‍ ഇവിടെ നിന്ന് നിര്‍മാണ സാമഗ്രികളെത്താത്തത് വലിയ തിരിച്ചടിയായി.

ദേശീയപാത-66 നവീകരണം, റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ വന്‍പദ്ധതികളും ചെറുകിട വീട് നിര്‍മാണവുമെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് നിലവില്‍ 500ല്‍ താഴെ ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആവശ്യത്തിന്റെ 30 ശതമാനംപോലും തികയില്ലെന്ന് കരാറുകാര്‍ പറയുന്നു. ക്ഷാമം രൂക്ഷമാകുന്നതോടെ ഇനിയും വിലകൂടാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഡാമുകളില്‍ കെട്ടിക്കിടക്കുന്ന മണലെടുത്ത് ന്യായവിലക്ക് വിതരണം ചെയ്യാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിയമപരമായ അനുവാദം നല്‍കി പ്രവര്‍ത്തിപ്പിക്കാനാകുന്ന ക്വാറികള്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മണല്‍, കരിങ്കല്ല്, പാറപ്പൊടി എന്നിവയുടെ ക്ഷാമം പരിഹരിക്കാനാകുമെന്ന് നിര്‍മാണത്തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടി.

Content Highlights:
The construction sector in Kerala is facing an unprecedented crisis due to an acute shortage of essential raw materials. Escalating prices and supply disruptions have halted numerous infrastructure and residential projects across the state. This downturn severely impacts thousands of daily wage workers and allied industries.