Source :- SIRAJLIVE NEWS
തിരുവനന്തപുരം| റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങിയതിനെ തുടർന്ന് ബെംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. ബെംഗളൂരു സ്വദേശി അശോക് (48) ആണ് മരിച്ചത്. ആർബിഐക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ഏറ്റെടുത്ത കസ്റ്റേഴ്സ് എൻജിനിയറിങ് കമ്പനിയിലെ നാഷണൽ മാനേജരായിരുന്നു അശോക്.
ബേക്കറി ജങ്ഷനിലെ ആർബിഐ ഓഫീസിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. ഉപയോഗശൂന്യമായ നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള യന്ത്രം സ്ഥാപിച്ച് ട്രയൽ റൺ നടത്തുന്നതിനിടെയാണ് അശോകിന്റെ കൈ ബെൽറ്റിൽ കുടുങ്ങിയത്. തുടർന്ന് ശരീരം ബെൽറ്റിനും യന്ത്രത്തിനുമിടയിൽ അകപ്പെടുകയായിരുന്നു.
അപകടത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ അശോകിനെ ആദ്യം ജൂബിലി ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അശോക് ആർബിഐ ഓഫീസിലെ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയത്. സംഭവത്തിൽ മ്യൂസിയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



