Source :- SIRAJLIVE NEWS
“സ്വാദ് ‘എന്ന വാക്കിൽ നിന്നാണ് ആസ്വാദനം ഉണ്ടായത് എന്ന് പറയാം. ഒരർഥത്തിൽ രുചിനോക്കൽ തന്നെയാണ് ആസ്വാദനക്കുറിപ്പെഴുത്ത്. ഭക്ഷണപദാർഥങ്ങളുടെ രുചി നാവ് കൊണ്ടാണ് അറിയുന്നതെങ്കിൽ കലാസൃഷ്ടികളുടെ സ്വാദറിയുന്നത് ഹൃദയം കൊണ്ടാണ് എന്നതാണ് വ്യത്യാസം.
യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ ഉറപ്പായും പ്രതീക്ഷിക്കാവുന്ന ചോദ്യമാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ. കവിതയോ കഥയോ സിനിമയോ അടിസ്ഥാനമാക്കിയാണ് ചോദ്യം വരുന്നത്. പാഠഭാഗമായി തന്നിരിക്കുന്ന കവിതയും കഥയും ആഴത്തിലും പരപ്പിലും വായിച്ചു മനസ്സിലാക്കിയവർക്ക് താരതമ്യേന എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയും. ബാഹ്യമായും ആന്തരികമായും വരികളിലെ ആശയം ഗ്രഹിക്കണം എന്നർഥം. നല്ലൊരു സഹൃദയന് അതിന് കഴിയും.
രചയിതാവ് അനുഭവിച്ചതും ആസ്വദിച്ചതും എല്ലാം അക്ഷരാർഥത്തിൽ വായനക്കാരനും കിട്ടുമ്പോഴാണ് ആസ്വാദനം പൂർത്തിയാകുക. താഴെ പറയുന്ന ഘടകങ്ങൾ ശ്രദ്ധിച്ചാൽ മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനാകും.
- കൃതിയുടെ രചയിതാവാര്?
- കവിതാ സമാഹാരത്തിന്റെ പേരെന്ത്?
- കവിതയിലെ/ കഥയിലെ പ്രധാന ആശയം എന്ത്?
- പദങ്ങളുടെ/ വാക്യങ്ങളുടെ/ പ്രയോഗങ്ങളുടെ സൗന്ദര്യം?
- മനോഹര ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന വരികൾ?
- കവിത/ കഥ നമ്മെ എന്തെല്ലാം ചിന്തകളിലേക്ക് നയിക്കുന്നു?
- കവിതയുടെ താളഭംഗി?
- ഇഷ്ടപ്പെട്ട വരികൾ?
- ഇത്തരത്തിൽ ചില കാര്യങ്ങൾ യുക്തം പോലെ കണ്ടെത്തി ചെറു ചെറുവാക്യങ്ങൾ ആയി ഖണ്ഡിക പാലിച്ച്
- ആസ്വാദനം എഴുതി തയ്യാറാക്കാം.
ആസ്വാദനാംശം പ്രധാനം
കവിതയുടെ/ കഥയുടെ, ആസ്വാദനാംശം തിരിച്ചറിഞ്ഞാൽ മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം. ആകർഷകമായ ആമുഖക്കുറിപ്പ് പ്രധാനമാണ്. പ്രമേയത്തെ ഉൾക്കൊള്ളുന്നവിധം ലളിതവും ആകർഷകവും ആയിരിക്കണമത്. ഏതെങ്കിലും സാഹിത്യകാരന്റെ സംഭാഷണശകലമോ അഭിപ്രായങ്ങളോ പരാമർശിച്ച് തുടങ്ങാം. ലളിതഭാഷയിൽ തുടർവായനക്ക് പ്രചോദിപ്പിക്കുന്ന രീതിയിലും എഴുത്തുകാരനെ പരിചയപ്പെടുത്തിയും എഴുതുക.
ശീർഷകത്തിൽ തുടങ്ങി, കവിതയിലെ ആശയം, ചമത്കാരഭംഗി, സമകാലിക പ്രസക്തി തുടങ്ങിയവയും പരിഗണിക്കുക. കവിയുടെ കാഴ്ചപ്പാട് വായനക്കാരന്റെയും കൂടിയായി മാറിയോ എന്നും പരിശോധിക്കുക. വായനക്കാരന്റെ ജീവിതാനുഭവങ്ങളുടെ സ്വാംശീകരണവും ആകാം.
പ്രധാനമായും കവിതയിലെ ആശയം ഉൾക്കൊള്ളണം. കവിതയിലെ പ്രതീകങ്ങൾ, പ്രയോഗങ്ങൾ, പ്രയോഗ ഭംഗികൾ എന്നിവ തിരിച്ചറിയുകയും വിശദീകരിക്കുകയും ചെയ്യുക. കവിതയുടെ സമകാലിക പ്രസക്തി തിരിച്ചറിയുക. സ്വന്തം നിരീക്ഷണങ്ങൾ സമർഥിക്കുക. ആശയ വ്യക്തതയോടെ ക്രമീകരിച്ചെഴുതുക.
മേൽപ്പറഞ്ഞ ഘടകങ്ങൾ പരിഗണിച്ചാകും ആസ്വാദനക്കുറിപ്പ് വിലയിരുത്തുന്ന അധ്യാപകൻ മാർക്കിടുന്നത്. കഥ/കവിത വായിച്ചിട്ടില്ലാത്തവർക്കും ഏകദേശം ആശയം കിട്ടുന്ന അവതരണത്തിന് മുഴുവൻ മാർക്കും കിട്ടും.
സ്വന്തം കുറിപ്പുകൾ
സമകാലിക സംഭവങ്ങളോടും പ്രശ്‌നങ്ങളോടും ഉള്ള കവിതയിലെ പ്രമേയത്തിന്റെ പൊരുത്തം പരാമർശിച്ചു കൂടി എഴുതുക. അതായത് പ്രാധാന്യം മനസ്സിലാക്കി നമ്മുടെ സ്വന്തം നിരീക്ഷണങ്ങൾ കൂടി ചേർക്കുക. കവിതയുടെ/ കഥയുടെ ശീർഷകത്തിന്റെ ഔചിത്യം കൂടി പരിശോധിക്കുക. ഇതര കൃതികളുമായി താരതമ്യവും ആകാം. മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച് മികച്ച ഒരു തലക്കെട്ട് കൂടി നൽകി ഒരു വിധ ടെൻഷനും ഇല്ലാതെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Content Highlights:
Writing an Asvadana Kurippu is a crucial scoring question for UP, HS, and HSS Malayalam examinations. Key elements include analyzing the theme, poetic devices, title relevance, and adding personal reflections. Following a structured layout with an engaging introduction helps students achieve full marks.



