Source :- SIRAJLIVE NEWS
ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി (ഇഗ്നോ) 2026 ജൂലൈ സെഷനിലെ പുതിയ പ്രവേശനങ്ങൾക്കുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി. സർട്ടിഫിക്കറ്റ്, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകൾ ഒഴികെയുള്ള ഓൺലൈൻ പഠന കോഴ്‌സുകൾക്കാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്.
ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിലൂടെ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ സമർഥ് അഡ്മിഷൻ പോർട്ടൽ വഴി (http://ignouadmission.samarth.edu.in/) അപേക്ഷിക്കാം.
കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണം.
അപേക്ഷിക്കേണ്ട വിധം
ഇഗ്നോയുടെ ഔദ്യോഗിക സമർഥ് അഡ്മിഷൻ പോർട്ടലായ ignouadmission.samarth.edu.in സന്ദർശിക്കുക.
ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ ‘Fresh Admission’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പർ, ഇ മെയിൽ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുമ്പ് ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് പ്രവേശിക്കാം.
ലോഗിൻ ചെയ്ത ശേഷം താത്പര്യമുള്ള കോഴ്‌സ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂർണമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ നിർദേശിച്ചിട്ടുള്ള ഫോർമാറ്റിൽ അപ്്ലോഡ് ചെയ്യുക.
നിശ്ചിത അപേക്ഷാ ഫീസും പ്രവേശന ഫീസും ഓൺലൈനായി അടയ്ക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഓര്‍മിക്കാന്‍
രജിസ്‌ട്രേഷൻ ഫീസ് പൂർണമായും റീഫണ്ട് ലഭിക്കാത്തതാണ്.
ഉദ്യോഗാർഥികൾക്ക് സ്വന്തം ലോഗിൻ അക്കൗണ്ട് വഴി അപേക്ഷ റദ്ദാക്കാവുന്നതാണ്. എന്നാൽ ഒരിക്കൽ റദ്ദാക്കിയാൽ അത് തിരികെ മാറ്റാൻ കഴിയില്ല.
അഡ്മിഷൻ സ്ഥിരീകരിക്കുന്നതിന് മുമ്പാണ് അപേക്ഷ റദ്ദാക്കുന്നതെങ്കിൽ, സർവകലാശാല നിയമപ്രകാരം തുക തിരികെ ലഭിക്കും.
അഡ്മിഷൻ സ്ഥിരീകരിച്ച ശേഷം റദ്ദാക്കുകയാണെങ്കിൽ, മൊത്തം കോഴ്‌സ് ഫീസിന്റെ 15 ശതമാനം (പരമാവധി 2,000 രൂപ വരെ) കുറച്ച ശേഷമുള്ള തുക മാത്രമേ റീഫണ്ട് ചെയ്യൂ.
സോഫ്റ്റ് കോപ്പി പഠന സാമഗ്രികൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് രജിസ്‌ട്രേഷൻ ഫീസ് മാത്രം കുറച്ച ശേഷം ബാക്കി തുക തിരികെ ലഭിക്കും.
ഫീസ് ഇളവിന് അർഹതയുള്ളവർക്ക് ഡെവലപ്മെന്റ് ഫീസ് മാത്രമേ തിരികെ നൽകുകയുള്ളൂ.
പ്രവേശനം അവസാനിക്കുന്ന തീയതി മുതൽ 60 ദിവസങ്ങൾക്ക് ശേഷം യാതൊരുവിധ റീഫണ്ടും അനുവദിക്കുന്നതല്ല.
കോഴ്‌സുകൾ, സിലബസ്, ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
Content Highlights:
IGNOU extended the last date for fresh admissions to July 2026 session online and ODL programs until September 30. Certificate and semester-based courses are excluded from this extension. Interested candidates can submit their applications online through the official Samarth portal.




