Home rss national malayalam പുതിയ വാർത്ത ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം; കാരണം ഇറാന്‍ യുദ്ധമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി...

ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം; കാരണം ഇറാന്‍ യുദ്ധമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

3
0

Source :- SIRAJLIVE NEWS

വാഷിംഗ്ടണ്‍ | അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയകാരണം ഇറാന്‍ യുദ്ധമെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വാന്‍സിന്റെ പ്രതികരണം. വാന്‍സിന്റെ വിലയിരുത്തല്‍ ശരിയാണെങ്കിലും സൈനിക നടപടിയില്‍ തനിക്ക് ഖേദമില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

വോട്ടെണ്ണല്‍ തുടരുമ്പോള്‍ പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ മുന്നേറ്റം തുടരുകയാണ്. 2024ല്‍ ട്രംപിനെ പിന്തുണച്ച വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടെന്നും വാന്‍സ് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

നമ്മള്‍ പരാജയപ്പെടാന്‍ കാരണം യുദ്ധമാണ്. പ്രസിഡന്റ് തന്നെ ഇന്നലെ രാത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്-വാന്‍സ് പറഞ്ഞു. അടുത്ത ആറ് വര്‍ഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഈ യുദ്ധം കാരണമായി. എന്നാലും യുദ്ധം ശരിയായിരുന്നുവെന്ന് വാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. 2024-ല്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്ത നിരവധി പേര്‍ 2026-ല്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്തതാണ് പ്രധാന പ്രശ്നമെന്നും വാന്‍സ് ചൂണ്ടിക്കാട്ടി. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമാണെന്ന് ടംപും തുറന്ന് പറഞ്ഞിരുന്നു. ഇന്ധന വില വര്‍ധന തിരിച്ചടിയായെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക വില വര്‍ധന ജനം അംഗീകരിച്ചില്ല. എന്നാല്‍ ഇറാനില്‍ താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും യുദ്ധത്തില്‍ ഖേദമില്ലെന്നും ട്രംപ് പറഞ്ഞു.

താന്‍ കോണ്‍ഗ്രസിലെ അസംബന്ധമായ കാര്യങ്ങള്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചു വീറ്റോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു മാസങ്ങളോളം ഇങ്ങനെ തള്ളിക്കളയലുകള്‍ തുടരുമ്പോള്‍ ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന് അവര്‍ എന്നെ വിളിച്ച് ചോദിക്കും. അപ്പോള്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
അമേരിക്കന്‍ മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയിരുന്നു. ഇതോടെ ഇനിയുള്ള രണ്ട് വര്‍ഷക്കാലം അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഒട്ടനേകം പ്രതിസന്ധികള്‍ ഡോണള്‍ഡ് ട്രംപ് അതിജീവിക്കേണ്ടി വരും.

ഡെമോക്രാറ്റുകള്‍ പരമ്പരാഗത റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളിലേക്കും മുന്നേറ്റം നടത്തി. ടെക്‌സസ്, കന്‍സാസ്, സൗത്ത് കരോലിന, ഒഹായോ, അയോവ, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് സീറ്റുകള്‍ റിപ്പബ്ലിക്കന്‍മാരില്‍നിന്ന് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു.
മെയ്‌നിലും ഡെമോക്രാറ്റുകള്‍ നിര്‍ണായക വിജയം നേടി. ഈ വിജയങ്ങള്‍ കേവലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി മാത്രം കാണാനാകില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളിലും ട്രംപിന്റെ ഭരണത്തോടുള്ള അസംതൃപ്തി പ്രകടമായെന്ന രാഷ്ട്രീയ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. താരിഫ് നയങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളും ട്രംപ് ഭരണത്തിന്റെ പ്രവര്‍ത്തനശൈലിയും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. വിലക്കയറ്റവും ഉയര്‍ന്ന ജീവിതച്ചെലവും ഇറാനുമായുള്ള യുദ്ധവും ഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

Content Highlights:US Vice President JD Vance stated that the war in Iran was the primary cause of the Republican defeat in the midterm elections. President Donald Trump acknowledged that the conflict increased gas prices and impacted election results, though he defended the military action. Democrats secured control of both the House and the Senate, capturing key Republican strongholds