Home rss national malayalam പുതിയ വാർത്ത ഇടവപ്പാതിയിലെ കൊടുംചൂട് നല്‍കുന്ന മുന്നറിയിപ്പ്

ഇടവപ്പാതിയിലെ കൊടുംചൂട് നല്‍കുന്ന മുന്നറിയിപ്പ്

2
0

Source :- SIRAJLIVE NEWS

തിമിര്‍ത്തു മഴ പെയ്യേണ്ട ഇടവപ്പാതിയുടെ ഒടുക്കത്തിലും ചുട്ടുപൊള്ളു ന്ന വേനലിനു സമാനമായ അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നത് ആശങ്കാജനകമാണ്. കാലാവസ്ഥാ മാറ്റം കേവലം ശാസ്ത്രസമ്മേളനങ്ങളിലെ ചര്‍ച്ചാ വിഷയമെന്നതിനപ്പുറം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഭീഷണമായ യാഥാര്‍ഥ്യമായി മാറിയിരിക്കുന്നുവെന്നാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും മുന്‍കാലങ്ങളിലൊന്നുമില്ലാത്ത വിധം ചൂട് അസഹ്യമായ സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തുവന്നിരിക്കയുമാണ്.

കാലവര്‍ഷത്തിന്റെ പരമ്പരാഗത രീതികളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ് സമീപവര്‍ഷങ്ങളില്‍. കൃത്യമായ ഇടവേളകളില്‍ ലഭിച്ചിരുന്ന മഴക്ക് പകരം കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്യുന്ന തീവ്രമഴയും തുടര്‍ന്ന് നീണ്ടുനില്‍ക്കുന്ന വരണ്ട കാലാവസ്ഥയുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മുന്‍കാലങ്ങളില്‍ സെപ്തംബറില്‍ മണ്‍സൂണിന്റെ അവസാന ഘട്ടത്തില്‍ മഴ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മേഘരഹിതമായ ആകാശമാണ് മിക്ക ദിവസങ്ങളിലും കാണപ്പെടുന്നത്. ഇത് സൂര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിനും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നിനും ഇടയാക്കുന്നു. അറബിക്കടലിലെ ഉപരിതല താപനിലയിലുണ്ടാകുന്ന വര്‍ധന, അന്തരീക്ഷത്തിലെ ഈര്‍പ്പ വ്യതിയാനങ്ങള്‍, എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടങ്ങിയവയാണ് ഇതിന്റെ കാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്.

ഗുരുതര പ്രത്യാഘാതമുളവാക്കുന്നതാണ് കാലാവസ്ഥയിലെ ഈ മാറ്റം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയും പരിസ്ഥിതിയും ജനജീവിതവും മഴയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. മഴ കുറയുമ്പോള്‍ കിണറുകളും കുളങ്ങളും തോടുകളും ഭൂഗര്‍ഭ ജലസ്രോതസ്സുകളും ക്ഷയിക്കുകയും ജലലഭ്യതയെ അത് ബാധിക്കുകയും ചെയ്യും. മണ്ണിലെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടുന്നതിനാല്‍ കാര്‍ഷിക മേഖലയെയും ബാധിക്കും. പൊതുജനാരോഗ്യത്തിനേല്‍ക്കുന്ന ക്ഷയമാണ് ഇതിന്റെ മറ്റൊരു പ്രത്യാഘാതം. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനും സാധ്യത വര്‍ധിക്കുകയും പകല്‍ സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. ഉച്ചക്ക് 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ടു വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്തംബറില്‍ ഇത്തരമൊരു മുന്നറിയിപ്പ് പതിവില്ലാത്തതാണ്.

വൈദ്യുതി ഉപഭോഗത്തിലെ പ്രതിസന്ധിയാണ് മറ്റൊരു പ്രത്യാഘാതം. വീടുകളിലും ഓഫീസുകളിലും ഫാനുകളുടെയും എയര്‍കണ്ടീഷണറുകളുടെയും ഉപയോഗം വര്‍ധിക്കുകയും വിതരണ ശൃംഖലയില്‍ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുകയും രാത്രിയില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കുകയും ചെയ്യേണ്ടി വരുമെന്ന് കെ എസ് ഇ ബി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഇതുവരെയും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. പവര്‍ എക്സ്ചേഞ്ച് വഴി കൂടിയവില നല്‍കാന്‍ തയ്യാറായിട്ടും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്. ജലവൈദ്യുതി ഉത്പാദനം പരമാവധി വര്‍ധിപ്പിച്ചാണ് നിലവില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞുവരുന്നതിനാല്‍ ഇത് കൂടുതല്‍ ദിവസം തുടരാന്‍ സാധിച്ചേക്കില്ല.

സംസ്ഥാനത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായ പരമ്പരാഗത കാര്‍ഷിക മേഖലക്കും വലിയ തിരിച്ചടിയാണ് മഴക്കുറവും താപനിലയിലെ ഉയര്‍ച്ചയും. പ്രധാന നാണ്യവിളകളായ തെങ്ങ്, കുരുമുളക്, ഏലം, റബ്ബര്‍ എന്നിവയോടൊപ്പം മുഖ്യഭക്ഷ്യ വിളയായ നെല്‍കൃഷിയെയും ഇത് ഗുരുതരമായി ബാധിക്കുന്നു. കടുത്ത ചൂട് തെങ്ങുകളില്‍ വണ്ട് ശല്യവും, മണ്ടചീയലും വര്‍ധിക്കാന്‍ ഇടയാക്കുമ്പോള്‍, ആര്‍ദ്രതയിലുണ്ടാകുന്ന കുറവ് കുരുമുളകിലും ഏലത്തിലും ദ്രുതവാട്ടം, തിരികൊഴിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. വിളവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ് കേവലം കാര്‍ഷിക പ്രശ്നമെന്നതിലുപരി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുന്നതലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന് മുമ്പില്‍ മനുഷ്യന്‍ നിസ്സഹായനാണ്. അതേസമയം പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ല, മഴക്കുറവിനും താപവര്‍ധവിനും കാലവസ്ഥയുടെ അസ്ഥിരിതക്കും കാരണമെന്ന കാര്യം വിസ്മരിക്കരുത്. ഭൂവിനിയോഗത്തിലെ അശാസ്ത്രീയ മാറ്റങ്ങള്‍, കുന്നുകള്‍ ഇടിച്ചുനിരപ്പാക്കല്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തല്‍, മരങ്ങള്‍ വെട്ടിമാറ്റല്‍, നദികളുടെയും നീര്‍ച്ചാലുകളുടെയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കല്‍ തുടങ്ങി കാരണങ്ങള്‍ പലതാണ്. പരിസ്ഥിതി മറന്നുകൊണ്ടുള്ള വികസന മാതൃകകളില്‍ മാറ്റം വരുത്താന്‍ സാധിക്കണം. സംസ്ഥാനത്തിന് വേണ്ടത് പ്രകൃതിയെ കീഴടക്കുന്ന വികസന മാതൃകകളല്ല, പ്രകൃതിയോടൊപ്പം നിലനില്‍ക്കാന്‍ കഴിയുന്ന വികസനമാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും വ്യവസായങ്ങളും അനിവാര്യമാണെങ്കിലും ഇതിനായി വയലുകളും തണ്ണീര്‍ത്തടങ്ങളും കുന്നുകളും വനങ്ങളും ജലാശയങ്ങളും ഇല്ലാതാക്കുന്ന സമീപനം ഉപേക്ഷിക്കണം. മരങ്ങള്‍ വെട്ടിമാറ്റി, പിന്നീട് താപനില കുറക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതിനേക്കാള്‍ മരങ്ങള്‍ സംരക്ഷിക്കുന്നതാണ് ബുദ്ധി. തണ്ണീര്‍ത്തടങ്ങള്‍ നികത്തി, വെള്ളപ്പൊക്ക നിയന്ത്രണത്തിനു പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനേക്കാള്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതാണ് ഫലപ്രദം. പ്രകൃതിയെ മറികടന്നു മുന്നേറാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പാണ് ഇടവപ്പാതിയിലെ കൊടുംചൂട്. പ്രകൃതിയുടെ താളംതെറ്റിയാല്‍ മനുഷ്യരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.