Home rss national malayalam പുതിയ വാർത്ത ഇതൊരു സ്വഭാവദൂഷ്യമല്ല, മാനസികാരോഗ്യ പ്രശ്നമാണ്​

ഇതൊരു സ്വഭാവദൂഷ്യമല്ല, മാനസികാരോഗ്യ പ്രശ്നമാണ്​

4
0

Source :- SIRAJLIVE NEWS

വൾ വെറും ഒരു പാവമാണ്​… വായിൽ വിരലിട്ടാൽ പോലും കടിക്കില്ല…’, “അവനോട്​ സംസാരിക്കുന്നത്​ സൂക്ഷിച്ച്​ വേണം… ഒരു ചൂടനാണ്​…’ ചിലരെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണിവ. ഇത്തരത്തിലുള്ള വ്യക്തികൾ നമുക്കിടയിൽ സുപരിചിതരാണ്​. ചിലർ അമിതമായി വൃത്തിബോധം ഉള്ളവരും മറ്റു ചിലർ ഒരു വിഷയത്തിലും കടുകിട വിട്ടുകൊടുക്കാത്തവരുമാണ്​. ജീവിതപങ്കാളിയും ക​ുടുംബാംഗങ്ങളുമെല്ലാം തന്റെ ചൊൽപ്പടിയിൽ നിൽക്കണമെന്ന്​ വാശിപിടിക്കുന്നവരും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വിലകൊടുക്കാത്തവരും സമൂഹത്തിൽ അപൂർവമല്ല.

സാമൂഹിക നിയമങ്ങളോടും മറ്റുള്ളവരുടെ അവകാശങ്ങളോടും യാതൊരു ബഹുമാനവുമില്ലാത്തവരായിരിക്കും ഇവരിൽ ചിലർ. താൻ മറ്റുള്ളവരേക്കാൾ ഉയർന്നവനാണെന്ന ചിന്തയ​ുള്ളവർ, മറ്റുള്ളവരോട് സഹതാപം തോന്നാത്തവർ, എപ്പോഴും പ്രശംസ ആഗ്രഹിക്കുന്നവർ തുടങ്ങിയവരും നമുക്കിടയിലുണ്ട്​. കടുത്ത വൈകാരിക അസ്ഥിരതയുള്ളവരും മൂഡ് സ്വിംഗ്സ് ഉള്ളവരും പെട്ടെന്ന് ദേഷ്യം വരുന്നവരും സമൂഹത്തിൽ കുറവല്ല. ഇത്തരം സ്വഭാവത്തിന്റെ ഉടമകളെ കടുംപിടിത്തക്കാർ, തന്നിഷ്ടക്കാർ, അഹങ്കാരികൾ എന്നൊക്കെയുള്ള രീതിയിലാണ് കുടുംബങ്ങളിലും സമൂഹത്തിലും വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ഇതെല്ലാം സ്വഭാവദൂഷ്യങ്ങളല്ല, മറിച്ച്​ ഒരു മാനസികാരോഗ്യ പ്രശ്നമാണ്.​

എന്താണ്​ വ്യക്തിത്വം ?

നമുക്ക്​ ചുറ്റിലും കാണുന്ന എല്ലാ മനുഷ്യർക്കും അവരുടേതായ വ്യക്തിത്വമുണ്ട്​. ഓരോ വ്യക്തിയും ചിന്തിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും വ്യത്യസ്തമായ രീതികളിൽ പെരുമാറുന്നതുമെല്ലാം ഈ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ്. കൂടാതെ ഓരോരുത്തർക്കും ജന്മനാ ലഭിക്കുന്ന പാരമ്പര്യം, വളർന്നുവന്ന സാഹചര്യം, കുട്ടിക്കാലത്തുണ്ടായ അനുഭവങ്ങൾ, ജീവിച്ച സമൂഹം പിന്തുടരുന്ന സംസ്കാരം എന്നിവയെല്ലാം ചേർന്നാണ്​ ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്​.

ചിലർ ശാന്തരായിരിക്കുമ്പോൾ മറ്റുചിലർ ഊർജസ്വലരായിരിക്കും. ഇത്തരം വ്യത്യാസങ്ങൾ തികച്ചും സ്വാഭാവികമാണ്. എന്നാൽ, ഒരാളുടെ ചിന്താഗതികളും പെരുമാറ്റ രീതികളും അമിതമായി കടുപ്പമേറിയതും (rigid) മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളതുമായി മാറുകയും, അത് അവരുടെ വ്യക്തിജീവിതത്തെയും സാമൂഹികബന്ധങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യുമ്പോൾ അതിനെ ‘വ്യക്തിത്വ വൈകല്യം’ (Personality Disorder) എന്ന് വിളിക്കുന്നു.

ഒരു വ്യക്തിയെ സംബന്ധിച്ച്​ ഇത് കേവലം ‘മോശം സ്വഭാവം’ എന്ന്​ വിശേഷിപ്പിക്കാവുന്ന അവസ്ഥയല്ല, മറിച്ച് ശാസ്ത്രീയമായ ചികിത്സയും മറ്റ​ുള്ളവരുടെ പരിചരണവും ആവശ്യമായ ഒരു മാനസിക രോഗാവസ്ഥയാണ്.
വിഷാദരോഗം (Depression), ഉത്കണ്ഠാരോഗം (Anxiety) പോലുള്ള മാനസികപ്രശ്നങ്ങൾ പൊതുവെ ജീവിതത്തിലെ ഒരു പ്രത്യേക കാലയളവിലാണ് പ്രത്യക്ഷപ്പെടുക. എന്നാൽ പേഴ്സണാലിറ്റി ഡിസോർഡറുകൾ ദീർഘകാലം നീണ്ടുനിൽക്കുന്നതും കുടുംബം, സൗഹൃദങ്ങൾ, പഠനം, ജോലി, പൊതുജീവിതം തുടങ്ങി ജീവിതത്തിന്റെ സമഗ്ര മേഖലകളെയും ബാധിക്കുന്ന ഒന്നുമാണ്.

ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന വ്യക്തികൾ പലപ്പോഴും ചുറ്റുമുള്ളവർ തന്നെ ഒറ്റപ്പെടുത്തുമോ എന്ന് ആശങ്കപ്പെടുകയും മറ്റുള്ളവരെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നതായി കണ്ടുവരാറുണ്ട്​. വേറെ ചിലരാകട്ടെ മറ്റുള്ളവരെ സംശയത്തോടെ സമീപിക്കുകയും മറ്റുള്ളവരുടെ നിഷ്കളങ്കമായ സാധാരണ പ്രവർത്തനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും അതിനെ കുറ്റപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തേക്കാം.
വിഷാദരോഗം, ലഹരി ഉപയോഗം, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിലും ‘വ്യക്തിത്വ വൈകല്യം’ കണ്ടുവരാറുണ്ട്​.

പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ

1. ബന്ധങ്ങൾ നിലനിർത്താൻ കഴിയാതിരിക്കുക അഥവാ ബന്ധങ്ങളിൽ നിരന്തമായ പ്രശ്നങ്ങൾ സൃഷ്ടിക്കുക.
2. വിമർശനങ്ങൾ, നിരസിക്കപ്പെടൽ, ബഹിഷ്​രണത്തിന്​ വിധേയമാകൽ തുടങ്ങിയ അവസ്ഥകളോട്​ അതിവൈകാരികമായി പ്രതികരിക്കുക.
3. മറ്റുള്ളവരോട്​ അവിശ്വാസം വെച്ചുപുലർത്തുക.
4. അമിതകോപം പോലുള്ള ശക്തമായ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെയിരിക്കുക.
5. തീരുമാനങ്ങളിൽ എടുത്തുചാട്ടം.
6. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത അവസ്ഥ.
7. സാമൂഹികമായ ഉൾവലിയൽ.
8. കുടുംബത്തിനകത്തും തൊഴിലിടങ്ങളിലും സ്ഥിരമായി തർക്കങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുക.
ഈ ലക്ഷണങ്ങൾ ഒരാളിൽ ദീർഘകാലമായി നിലനിൽക്കുകയും അത്​ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വ്യക്തിത്വ വൈകല്യത്തിന്റെ സൂചനയായി കരുതാം. അതേസമയം, ഇത്തരം ഒന്നോ രണ്ടോ ലക്ഷണങ്ങൾ കണ്ടതുകൊണ്ട് മാത്രം ഒരാൾക്ക് പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്ന് തീരുമാനിക്കാൻ കഴിയില്ല.

കുടുംബത്തിലും പ്രശ്നക്കാർ

വ്യക്തിത്വ വൈകല്യമുള്ളവരുടെ പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും പലപ്പോഴും പ്രതിസന്ധിയിലാക്കാറുണ്ട്​. നിരന്തരമായ വഴക്കുകൾ, തെറ്റിദ്ധാരണയോടെയുള്ള പെരുമാറ്റം, അമിതമായ വൈകാരിക പ്രതികരണങ്ങൾ എന്നിവ കുടുംബാംഗങ്ങളിൽ കടുത്ത മാനസിക സമ്മർദവും നിരാശയും ഉണ്ടാക്കാം. അപൂർവം ചില സാഹചര്യങ്ങളിൽ പേഴ്സണാലിറ്റി ഡിസോർഡറുള്ള വ്യക്തികൾ വസ്തുക്കൾ എറിഞ്ഞുടയ്ക്കൽ, സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യാ ശ്രമം എന്നിവ നടത്താൻ സധ്യതയുണ്ട്​. എന്നാൽ, ഇത്തരം വ്യക്തികൾ പൊതുവെ അപകടകാരികളോ അക്രമികളോ അല്ലെന്ന്​ മാത്രമല്ല, മിക്കവരും ഉള്ളിൽ കടുത്ത മാനസിക വേദന അനുഭവിക്കുന്നവരുമാണ്.

രോഗം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്​

പേഴ്സണാലിറ്റി ഡിസോർഡറുള്ള വ്യക്തികൾ പലപ്പോഴും ചികിത്സ തേടുന്നത് ഇതിന്റെ യഥാർഥ കാരണം തിരിച്ചറിഞ്ഞുകൊണ്ടല്ല. പെട്ടെന്നുണ്ടാകുന്ന വിഷാദം, അമിത ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ, ലഹരി ആസക്തി എന്നിവകൊണ്ട്​ ബുദ്ധിമുട്ടു​മ്പോഴാണ്​ വ്യക്തികൾ ഡോക്ടറെ സമീപിക്കുന്നത്. ചികിത്സയുടെ ഭാഗമായി രോഗിയുടെ ജീവിത പശ്ചാത്തലവും ബന്ധങ്ങളും വിശദമായി പരിശോധിക്കുമ്പോൾ മാത്രമാണ് പേഴ്സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥ തിരിച്ചറിയാൻ കഴിയുക.

ചികിത്സ

മാനസികാരോഗ്യരംഗത്ത്​ നടന്നിട്ടുള്ള ഏറ്റവും പുതിയ പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നത്​ പേഴ്സണാലിറ്റി ഡിസോർഡറുകൾ ചികിത്സിച്ച്​ മാറ്റാൻ കഴിയുന്ന ഒരു മാനസികാവസ്ഥയാണ്​ എന്നാണ്​​. വിദഗ്​ധ ചികിത്സ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ, ഇതൊരു രോഗമാണെന്ന തിരിച്ചറിവ്​ എന്നിവയെല്ലാം രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

കൂടാതെ വികാരങ്ങളെ നിയന്ത്രിക്കാനും ബന്ധങ്ങൾ മെച്ചപ്പെടുത്താനും സമ്മർദങ്ങളെ അതിജീവിക്കാനും സഹായിക്കുന്ന കൗൺസലിംഗുകൾ, തെറാപ്പികൾ എന്നിവയും ചികിത്സയുടെ ഭാഗമാണ്​.
ചിലപ്പോൾ ചികിത്സയുടെ ഭാഗമായി മരുന്നുകളും നൽകാറുണ്ട്​. വിഷാദം, കടുത്ത ഉത്കണ്ഠ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ മരുന്നുകൾ സഹായിക്കുമെങ്കിലും വ്യക്തിത്വ ശൈലിയിലെ മാറ്റത്തിന് തെറാപ്പികൾ തന്നെയാണ് മുഖ്യമായി ആശ്രയിക്കേണ്ടത്​.

പേഴ്സണാലിറ്റി ഡിസോർഡറിന്​ ദീർഘകാലത്തെ ചികിത്സ ആവശ്യമാണ്​. ചികിത്സയിലൂടെ ഒരാളുടെ അടിസ്ഥാന സ്വഭാവം മുഴുവനായി മാറ്റാനാകില്ലെങ്കിലും അവർക്ക് ഒരുപരിധിവരെ സ്വഭാവത്തിൽ വൈകാരിക സ്ഥിരത കൊണ്ടുവരാനും അതുവഴി സമാധാനപരമായ ജീവിതം ഉറപ്പാക്കാനും കഴിഞ്ഞേക്കും.

Content Highlights:
Personality disorders are rigid behavioral patterns that deeply affect personal and social life rather than simple character flaws. Symptoms include emotional instability, difficulty maintaining relationships, extreme anger, and severe mood swings. With long-term psychotherapy, family support, and proper medical guidance, individuals can achieve emotional stability and lead peaceful lives.