Home rss national malayalam പുതിയ വാർത്ത ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

3
0

Source :- SIRAJLIVE NEWS

മംഗളൂരു | മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരികള്‍ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഇന്നലെ വൈകിട്ട് 6.05-ഓടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും ഏഴ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ 6E 388 വിമാനം പറന്നുയരുന്നതിനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് അടിഭാഗത്ത് തീപ്പൊരികള്‍ ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടിയതായും റിപോര്‍ട്ടുണ്ട്. സാങ്കേതിക തകരാര്‍ മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ തന്നെ അടിയന്തര ബ്രേക്കുകള്‍ പ്രയോഗിച്ച് വിമാനം നിര്‍ത്തുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വന്‍ അപകടം ഒഴിവായത്.

സംഭവത്തിന് പിന്നാലെ വിമാനം പാര്‍ക്കിങ് ബേയിലേക്ക് തിരികെ കൊണ്ടുവരികയും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ആര്‍ക്കും പരുക്കില്ല. എന്‍ജിനീയറിങ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനക്ക് ശേഷം വിമാനം താത്ക്കാലികമായി സര്‍വീസില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. യാത്രക്കാരുടെ തുടര്‍യാത്രക്കായി ഇന്ന് പുലര്‍ച്ചെ 12.10-ന് ബെംഗളൂരുവില്‍ നിന്ന് പകരം വിമാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ 34 യാത്രക്കാര്‍ യാത്ര തുടര്‍ന്നു. ബാക്കിയുള്ളവര്‍ക്ക് താമസസൗകര്യവും ടിക്കറ്റ് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനവും എയര്‍ലൈന്‍ ഒരുക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സാങ്കേതിക തകരാറുകള്‍ യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ 7.20-ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മധുരയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇന്‍ഡിഗോ (6E 6526) വിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഒരേ ദിവസം കര്‍ണാടകയിലെ രണ്ട് വിമാനത്താവളങ്ങളിലാണ് സമാനമായ അപകടം ഒഴിവായത്. നവംബര്‍ 15 ന് പൂനെയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ (6E 0623) വിമാനം ലാന്‍ഡിങ് ഗിയര്‍ തകരാറിനെ തുടര്‍ന്ന് പൂനെയില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. 192 യാത്രക്കാരുണ്ടായിരുന്ന ഈ വിമാനം വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. സംഭവങ്ങളില്‍ വ്യോമയാന അധികൃതര്‍ വിശദാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Sparks were detected on an IndiGo flight, raising immediate safety concerns among passengers and crew. The pilot intervened promptly and executed emergency protocols to bring the situation under control. Timely action successfully averted a major aviation disaster, keeping everyone onboard safe.