Home rss national malayalam പുതിയ വാർത്ത ഇമ്രാന്‍ ഖാന്റെ കാര്യത്തില്‍ മാനുഷിക ആശങ്ക; പ്രതികരണവുമായി ഏഴ് മുന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍

ഇമ്രാന്‍ ഖാന്റെ കാര്യത്തില്‍ മാനുഷിക ആശങ്ക; പ്രതികരണവുമായി ഏഴ് മുന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍

2
0

Source :- SIRAJLIVE NEWS

കാന്‍ബറ | പാകിസ്താനില്‍ തടവില്‍ കഴിയുന്ന മുന്‍ പ്രധാന മന്ത്രിയും പാക് മുന്‍ ക്രിക്കറ്റ് നായകനുമായ ഇമ്രാന്‍ ഖാന്റെ കാര്യത്തില്‍ മാനുഷികമായ ആശങ്കകള്‍ പങ്കുവച്ച് ഏഴ് മുന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍. ഇതുസംബന്ധിച്ച കത്തുമായി അലന്‍ ബോര്‍ഡര്‍, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ബെലിന്‍ഡ ക്ലാര്‍ക്ക്, കിം ഹ്യൂസ്, മാര്‍ക്ക് ടെയ്ലര്‍, സ്റ്റീവ് വോ എന്നിവര്‍ ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനെ സമീപിച്ചു.

നയതന്ത്രജ്ഞരോ രാഷ്ട്രീയക്കാരോ എന്ന നിലയിലല്ല, വിഷയത്തില്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്ന് തോന്നിയതു കൊണ്ടാണ് മുന്‍ ക്യാപ്റ്റന്‍മാര്‍ എന്ന നിലയില്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാനെതിരായ നിയമപരമോ രാഷ്ട്രീയമോ ആയ കേസുകളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് പാകിസ്ഥാന്റെ മാത്രം വിഷയമാണ്. രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെയായാലും, തടവിലാക്കപ്പെട്ട ഒരാളോട് പെരുമാറുന്ന രീതിയാണ് തങ്ങളുടെ ആശങ്കക്ക് കാരണമെന്നും, അതൊരു അടിസ്ഥാനപരമായ മാനുഷിക വിഷയമാണെന്നും കത്തില്‍ പറയുന്നു.

ഇമ്രാനുവേണ്ടി പ്രമുഖരായ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ നടത്തുന്ന ഏറ്റവും പുതിയ അഭ്യര്‍ഥനയാണിത്. ഇമ്രാന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള 22 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്‍മാര്‍ ആഗസ്റ്റ് 23-ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തെഴുതിയിരുന്നു. നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കത്തില്‍ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. 1. ഇമ്രാന്റെ സ്വന്തം ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന, സുപ്രീം കോടതി നിര്‍ദേശിച്ച മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി- പ്രത്യേകിച്ച് വലത് കണ്ണിനുണ്ടായ കാഴ്ചശക്തി നഷ്ടപ്പെടല്‍ – സംബന്ധിച്ച് പൂര്‍ണവും സ്വതന്ത്രവുമായ പരിശോധന നടത്താന്‍ അനുവദിക്കുക, 2. കോടതി പുനഃസ്ഥാപിച്ച പ്രതിവാര കുടുംബ സന്ദര്‍ശനങ്ങള്‍ തടസ്സമോ ഭരണപരമായ കാലതാമസമോ കൂടാതെ അനുവദിക്കുക, 3. മെഡിക്കല്‍ പരിശോധനാ ഫലം എന്തുതന്നെയായാലും, അതില്‍ ശിപാര്‍ശ ചെയ്യുന്ന ചികിത്സ കാലതാമസമില്ലാതെ ലഭ്യമാക്കുക.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 14 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്‍മാര്‍ ഒപ്പിട്ട കത്തായിരുന്നു ഇതിന് മുമ്പ് സമര്‍പ്പിക്കപ്പെട്ടത്. അതിനുശേഷം, മുന്‍ പാക് താരങ്ങളായ ജാവേദ് മിയാന്‍ദാദ്, വസീം അക്രം, മൊയിന്‍ ഖാന്‍ എന്നിവരും നിലവിലെ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും പ്രതികരണവുമായി രംഗത്തെത്തി. തടവിലായിരിക്കെ തനിക്ക് ലഭിക്കുന്ന പരിമിതമായ ചികിത്സ, കുടുംബവുമായുള്ള ആശയവിനിമയത്തിനുള്ള നിയന്ത്രണങ്ങള്‍, നിയമോപദേശം തേടുന്നതിലെ പരിമിതികള്‍ എന്നിവയുള്‍പ്പെടെ തന്റെ ആരോഗ്യത്തെയും ചികിത്സയെയും കുറിച്ചുള്ള ആശങ്കകള്‍ ഇമ്രാന്റെ മക്കളും സഹോദരിമാരും മാസങ്ങളായി പരസ്യമായി ഉന്നയിച്ചുവരികയാണെന്ന് ഏറ്റവും ഒടുവിലത്തെ കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയം ഗ്രൂപ്പിനുവേണ്ടി ചര്‍ച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രി വോംഗുമായി കൂടിക്കാഴ്ച നടത്താന്‍ ഗ്രെഗ് ചാപ്പല്‍ കഴിഞ്ഞ മാസം അഭ്യര്‍ഥന സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

Content Highlights: Seven former Australian cricket captains have written to Foreign Minister Penny Wong raising humanitarian concerns over jailed former Pakistan Prime Minister Imran Khan. The group emphasized their plea is strictly focused on basic human decency and proper medical care in Adiala Jail. They clarified that they take no political position regarding his legal cases in Pakistan.