Source :- SIRAJLIVE NEWS
ആഫ്രിക്കൻ സാഹിത്യത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രധാനിയാണ് നോ വയലറ്റ് ബുലവയോ (NoViolet Bulawayo). അടുത്തകാലത്തായി അവർ അന്താരാഷ്ട്ര ശ്രദ്ധ നേടിയത് 2025ൽ കെയിൻ പ്രൈസ് (Caine Prize) സുവർണജൂബിലി പ്രത്യേക പുരസ്‌കാരം നേടിക്കൊണ്ടാണ്. ആഫ്രിക്കൻ സാഹിത്യത്തിലെ ഏറ്റവും വലിയ ബഹുമതിയും അന്തർദേശീയതലത്തിൽ ഖ്യാതി നേടിയതുമായ കെയിൻ പ്രൈസ് ആഫ്രിക്കൻ സാഹിത്യത്തിലെ ഏറ്റവും മികച്ച ചെറുകഥക്കാണ് വർഷം തോറും നൽകിവരുന്നത്. 2025ൽ പുരസ്കാരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹത നേടിയ ചെറുകഥകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു രചനക്ക് സുവർണജൂബിലി പ്രത്യേക പുരസ്‌കാരം നൽകാൻ പുരസ്കാര നിർണയസമിതി തീരുമാനിച്ചപ്പോൾ ജൂറി ഏകകണ്ഠമായി തിരഞ്ഞെടുത്തത് നോ വയലറ്റിന്റെ “Hitting Budapest’ എന്ന ചെറുകഥയാണ്. 2011 ൽ എഴുത്തുകാരിക്ക് കെയിൻ പ്രൈസ് നേടിക്കൊടുത്ത രചനയാണ് ഇത്.
നോ വയലറ്റ് ബുലവയോ എന്ന തൂലികാനാമത്തിൽ വിഖ്യാതയായ എലിസബത്ത് സാന്തലേ ഷിലേ (Elizabeth Zandile Tshele) 1981 ഒക്ടോബർ 12 ന് സിംബാബ് വേയിലെ വടക്കൻ പ്രവിശ്യയിലുള്ള ഷൊലോത്ഷൊ ജില്ലയിലെ ബുലവയോ എന്ന പട്ടണത്തിൽ ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനാർഥം യു എസിലേക്ക് പോയ അവർ ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം നേടി, അവിടുത്തെ ചില പ്രമുഖ സർവകലാശാലകളിൽ അധ്യാപികയായും ഗവേഷകയായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ യു എസിൽ താമസമാക്കിയ എഴുത്തുകാരി അധ്യാപനത്തിനൊപ്പം എഴുത്തിലും സജീവമാണ്.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഉപന്യാസകാരി എന്നീ നിലകളിൽ പ്രശസ്തയാണ് നോ വയലറ്റ് ബുലവയോ. ഈ തൂലികാനാമം താൻ തിരഞ്ഞെടുത്തതിന്റെ കാരണം തന്റെ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ഗൃഹാതുരത്വം നിറഞ്ഞ സ്മരണയാണെന്ന് അവർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. വയലറ്റ് എന്നത് അവരുടെ അമ്മയുടെ പേരാണ്. വർഷങ്ങൾക്കു മുന്പ് മരണപ്പെട്ട അവരെക്കുറിച്ചുള്ള സ്നേഹാർദ്രമായ ഓർമകൾ നിലനിർത്തുന്നതിനു വേണ്ടിയാണ് താൻ അമ്മയുടെ പേര് സ്വീകരിച്ചതെന്ന് അവർ പറയുന്നു. “നോ’എന്ന പദത്തിന്, എഴുത്തുകാരിയുടെ മാതൃഭാഷയായ ൻഡെബേലെയിലെ അർഥം ഒപ്പം എന്നോ കൂടെ എന്നോ ഒക്കെയാണ്. (സിംബാബ് വേയിലെ പ്രമുഖ ഭാഷകളിലൊന്നാണ് ൻഡെബേലെ. അവിടുത്തെ ഔദ്യോഗിക ഭാഷകളായ ഷോൺ, ഇംഗ്ലീഷ് എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഇത്.) താൻ ജനിച്ചുവളർന്ന ബുലവയോ പട്ടണത്തോടുള്ള ഇഷ്ടംകൊണ്ട് ആ പേരും തൂലികാനാമത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു.
ചെറുകഥകൾ എഴുതിക്കൊണ്ടാണ് നോ വയലറ്റ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. 2010 ൽ പ്രസിദ്ധീകരിച്ച “Hitting Budapest എന്ന ചെറുകഥക്ക് കെയിൻ പ്രൈസ് ലഭിച്ചതോടെ ആഫ്രിക്കൻ സാഹിത്യത്തിൽ അവർ തന്റെ സ്ഥാനം ഉറപ്പിച്ചു. ഈ ചെറുകഥ പിന്നീട് “We Need New Names’ എന്ന അവരുടെ ആദ്യത്തെ നോവലിന്റെ പ്രഥമ അധ്യായമായി ചേർക്കുകയുണ്ടായി. നോ വയലറ്റിന്റെ ഏറ്റവും വിഖ്യാതമായ നോവലാണ് “We Need New Names’. ആഫ്രിക്കയിലെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ അവിടുത്തെ പാർശ്വവത്കൃതജനത അനുഭവിക്കുന്ന യാതനകൾ ഭരണകൂടഭീകരതയുടെയും കുടിയൊഴിപ്പിക്കലിന്റെയും അധിനിവേശപ്രശ്നങ്ങളുടേയും പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന ഈ ഉജ്ജ്വലരചന 2013ലെ മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടിയിരുന്നു. ആ വർഷത്തെ ലോസ് ഏഞ്ചൽസ് ടൈംസ് ബുക്ക് പ്രൈസിനും ഈ നോവൽ അർഹമായി.
നോവലിലെ പ്രധാനകഥാപാത്രമായ പത്ത് വയസ്സുകാരി ഡാർലിംഗിന്റെ ഓർമകളിലൂടെയാണ് നോവൽ വികസിക്കുന്നത്. അവളും അമ്മയും താമസിക്കുന്ന പട്ടണത്തിലെ ചേരിയിലെ വീട് സർക്കാറിന്റെ ചേരി നിർമാർജനത്തിന്റെ ഫലമായി ഇടിച്ചു നിരത്തപ്പെടുന്നു. അതിനെത്തുടർന്ന് അവർക്കൊപ്പം ചേരിയിലെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഭവനരഹിതരായത്. നോവൽ ആരംഭിക്കുമ്പോൾ ഡാർലിംഗും കൂട്ടുകാരും മുതിർന്നവർ കാണാതെ അയൽപക്കങ്ങളിൽ പേരക്ക പറിക്കാനായി പോവുകയാണ്.
അതിനിടയിൽ അവർ കാണുന്ന കാഴ്ചകളും സാക്ഷികളാകുന്ന സംഭവങ്ങളും ഇടപെടുകയും അനുഭവിക്കുകയും ചെയ്യുന്ന വിഷയങ്ങളുമാണ് നോവലിന്റെ വികാസപരിണാമങ്ങൾക്ക് വഴിയൊരുക്കുന്നത്. വഴിയിൽ ഒരു മരക്കൊമ്പിൽ തൂങ്ങിയാടുന്ന ഏതോ സ്ത്രീയുടെ മൃതദേഹം കണ്ട് ആദ്യം കുട്ടികൾ പേടിക്കുന്നുണ്ടെങ്കിലും പിന്നീട് മൃതദേഹത്തിന്റെ ഷൂസ് മോഷ്ടിച്ചെടുത്ത് വിറ്റാൽ ഭക്ഷണം വാങ്ങാമെന്ന കൂട്ടുകാരിൽ ഒരാളുടെ നിർദേശം കേട്ടപ്പോൾ അവർ പൊട്ടിച്ചിരിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം വളരെ പെട്ടെന്ന് തമാശനിറഞ്ഞൊരു കളിക്കളം പോലെയാകുന്നു. എത്ര ഭീതിദമായ സംഭവവും അതിജീവനത്തിനുള്ള ഉപാധിയാക്കുവാൻ ശ്രമിക്കുന്ന വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് വളരുവാൻ അവർ തങ്ങളെ എന്നോ പാകപ്പെടുത്തിയിരുന്നു. ആഫ്രിക്കൻ മണ്ണിൽ കാലങ്ങളായി നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിന്റെ തീച്ചൂളയിൽ വെന്തുരുകാൻ വിധിക്കപ്പെട്ട നിസ്വരും നിരാലംബരുമായ ജനതയുടെ പ്രതീകങ്ങളാണ് ആ കുട്ടികൾ. നോ വയലറ്റിന്റെ രണ്ടാമത്തെ നോവൽ “Glory’യും വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രചനയാണ്. രാഷ്ട്രീയ സ്വേച്ഛാധിപത്യവും അടിച്ചമർത്തലുകളും അവക്കെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് ഈ നോവലിലെയും മുഖ്യപ്രതിപാദ്യം.
ഇരുണ്ട വൻകരയുടെ അക്ഷരഭൂമിക പക്ഷേ കാലങ്ങളായി പ്രകാശമാനമാണ്. അവിടുത്തെ ഓരോ രാജ്യത്തേയും സർഗധനരും പ്രതിഭാശാലികളുമായ അനേകം എഴുത്തുകാർ ആ വെളിച്ചത്തെ അനുദിനം ലോകത്തേക്കു പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു. അന്യാദൃശമായ രചനകളിലൂടെ നോ വയലറ്റ് ബുലവയോയും സ്തുത്യർഹമായി നിർവഹിച്ചുകൊണ്ടിരിക്കുന്നത് ആ കർമം തന്നെ.
Content Highlights:
Renowned Zimbabwean author NoViolet Bulawayo won the Caine Prize Golden Jubilee special award for her acclaimed short story Hitting Budapest. Originally written in 2011, the story also formed the first chapter of her famous novel We Need New Names. She continues to shine in African literature.




