Source :- SIRAJLIVE NEWS
വാഷിംഗ്ടൺ | ഇറാനുമായുള്ള സൈനിക സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (US President Donald Trump) വ്യക്തമാക്കി. മാസങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം ചില തരം ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും ലഭ്യതയിൽ യുഎസ് സൈന്യം കുറവ് നേരിടുന്നുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, എങ്കിലും യുദ്ധം കൂടുതൽ കാലം നീണ്ടുനിൽക്കില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു ( Iran war to end soon).
“ഇത് വളരെ വേഗം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു. അവർക്ക് കൂടുതൽ കാലം മുന്നോട്ട് പോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല” – ഇറാനെ പരാമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
ട്രംപിന്റെ വാക്കുകൾ അനുസരിച്ച് ഇറാനിൽ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഒരു സമഗ്ര കരാറിലെത്തുന്നതിന് കളമൊരുക്കാൻ ഇറാനും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളും നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനം. ഇറാന് ഇനി അധികകാലം പോരാട്ടം തുടരാൻ കഴിയില്ലെന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
അതേസമയം ആയുധ ശേഖരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി യുഎസ് സൈന്യത്തിന് ശക്തമായ ആയുധങ്ങളുടെ വലിയ ശേഖരമുണ്ടെന്നും എന്നാൽ ചില നിർണായക വിഭാഗങ്ങളിൽ വിതരണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. പേട്രിയറ്റ്, ടോമഹാക്ക് മിസൈലുകൾ എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി യുഎസ് പ്രതിരോധ നിർമ്മാതാക്കൾ പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമൂസ് കടലിടുക്ക് (Strait of Hormuz) ഉടനടി പൂർണ്ണമായും തുറന്നുനൽകുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന ഒരു കരാർ രൂപപ്പെട്ടുവരുന്നതായി ട്രംപ് വെളിപ്പെടുത്തി. എങ്കിലും ഒരു അന്തിമ കരാറിൽ വേഗത്തിൽ എത്തിച്ചേർന്നാൽ മാത്രമേ സൈനിക നടപടികൾ നിർത്തിവെയ്ക്കുന്ന തീരുമാനം തുടരുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlights
US President Donald Trump expects the conflict with Iran to end soon, as planned military strikes are paused for talks. He acknowledged tighter supplies of certain munitions while pushing for an agreement to reopen the Strait of Hormuz.



