Source :- SIRAJLIVE NEWS
മിലാന് | വിവിധ ആവശ്യങ്ങളുന്നയിച്ച് ഇറ്റലിയില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ കടുക്കുന്നു. മിലാന്, റോം, ടൂറിന് തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലെ തെരുവുകളില്‍ ശനിയാഴ്ച ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാഭ്യാസം, അഴിമതി, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍, പെന്ഷന്, പാര്‍പ്പിടം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. മിലാനിലെ മാര്‍ച്ച് സമാധാനപരമായിരുന്നുവെങ്കിലും, റോമിലും ടൂറിനിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായി.
കഴിഞ്ഞാഴ്ച നടന്ന സമാനമായ പ്രതിഷേധങ്ങളില്‍ അരങ്ങേറിയ അക്രമങ്ങളും കൊള്ളയടിക്കലും മറ്റും ആവര്‍ത്തിക്കാതിരിക്കാന്‍, ഇറ്റാലിയന്‍ അധികൃതര്‍ വന്‍തോതില്‍ പോലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
മിലാനില്‍ സൈനികരെ വിന്യസിക്കുകയും ആഡംബര വസ്ത്രശാലകള്‍ പലകകള്‍ കൊണ്ട് മറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങിയത്. എന്നാല്‍ വൈകുന്നേരത്തോടെ മിക്ക കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇതിനിടെ, പ്രതിഷേധത്തെ നേരിടാന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. മിലാനിലേക്ക് 500 സൈനികരെക്കൂടി അയക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കും. കഴിഞ്ഞാഴ്ച നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മിലാനില്‍ പോലീസ് പ്രായപൂര്‍ത്തിയാകാത്ത പലരെയും കസ്റ്റഡിയിലെടുത്തതായി മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
Content Highlights:Severe youth protests have erupted in major Italian cities like Milan due to the soaring cost of living. In response, Prime Minister Giorgia Meloni’s government has introduced strict security measures and deployed troops to control the unrest. Hundreds of young protesters have been detained following clashes with police forces.



