Source :- SIRAJLIVE NEWS
തിരുവനന്തപുരം | എം ജി സര്‍വകലാശാലയിലെ സംഘ്വത്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക സര്‍വകലാശാലകളില്‍ നേരിട്ട് ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കാര്‍ഷിക സര്‍വകലാശാലയില്‍ പുതിയ വി സിയായി സംഘ്പരിവാര്‍ പ്രതിനിധിയെ നിയമിക്കാനുള്ള ചരടുവലികളാണ് നടക്കുന്നത്. സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ബി ജെ പി അധ്യാപക സംഘടനാ നേതാവ് കൂടിയായ വെള്ളാണിക്കര കാര്‍ഷിക കോളജിലെ ഡീന്‍ ഡോ. സജിത റാണിയെ നിയമിക്കാനാണ് ശ്രമം. വി സിയുടെ ചുമതലയുണ്ടായിരുന്ന ഡോ. ബി അശോക് വകുപ്പില്‍ നിന്ന് സ്ഥലം മാറിയതിന് പിന്നാലെയാണ് സംഘ്പരിവാര്‍ പ്രതിനിധിയെ സര്‍വകലാശാലയില്‍ അവരോധിക്കാനായി പുതിയ നീക്കം നടക്കുന്നത്.
അതേസമയം, വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാറുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് വേണം നിയമനം നടത്താനെന്നാണ് ചട്ടം. എന്നാല്‍ മറികടന്നുള്ള നീക്കമാണ് ലോക്ഭവന്‍ നടത്തുന്നത്. നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്താനും നീക്കമുണ്ട്. ഇതോടൊപ്പം സര്‍വകലാശാലയുടെ ജനറല്‍ കൗണ്‍സിലിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ നീക്കം നടത്തുന്നുണ്ട്. ജനറല്‍ കൗണ്‍സിലില്‍ 11 അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനാണ് നീക്കം.
അതേസമയം, ചട്ടം ലംഘിച്ച് നിയമനം നടത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ലോക് ഭവന്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം എം ജി സര്‍വകലാശാലയിലെ പഠന ബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടി. പകരം പുതിയ പേരുകള്‍ ഉള്‍പ്പെടുത്തി ലോക്ഭവനില്‍ നിന്ന് പട്ടിക നല്‍കുകയായിരുന്നു. പട്ടികയില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് രണ്ടുതവണ ചാന്‍സലര്‍ക്ക് തിരിച്ചയച്ചിരുന്നു. സംഘ്പരിവാര്‍ അനുകൂലികളെയും യോഗ്യതയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക അയച്ചതെന്നാണ് ആരോപണം. വകുപ്പ് മേധാവികളാണ് പഠന ബോര്‍ഡുകളുടെ ചെയര്‍മാന്മാരാകേണ്ടതെന്നിരിക്കെ സര്‍വകലാശാലക്ക് പുറത്തുള്ള അധ്യാപകരെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് ലോക്ഭവന്‍ പഠന ബോര്‍ഡുകളിലേക്കുള്ള പട്ടിക തിരിച്ചയച്ചത്.
സംഘ്പരിവാര്‍ അനുകൂലികളായ അധ്യാപകരെ അക്കാദിക്ക് കാര്യങ്ങളില്‍ നിര്‍ണായകമായ പഠന ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ പട്ടികക്ക് അംഗീകാരം നല്‍കരുതെന്ന് സിന്‍ഡിക്കേറ്റ് ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു. സിന്‍ഡിക്കേറ്റ് അറിയാതെ പുതിയ എം ജി വൈസ് ചാന്‍സലര്‍ ഡി മാവൂത്ത് പട്ടികക്ക് അംഗീകാരം നല്‍കുകയായിരുന്നു. വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാലയിലെ 54 പഠന ബോര്‍ഡുകളില്‍ 20ലധികം ബോര്‍ഡുകളിലുണ്ടായ ക്രമക്കേടാണ് സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാണിച്ചിരുന്നത്. പഠന ബോര്‍ഡുകള്‍ പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു സിന്‍ഡിക്കേറ്റ് ആവശ്യം. ഈ ആവശ്യമാണ് ചാന്‍സലര്‍ തള്ളിയത്. പട്ടികയില്‍ പ്രശ്നങ്ങളില്ലെന്ന് വി സി ചാന്‍സലര്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
Content Highlights:
The controversy intensifies over the Governor’s intervention in vice-chancellor appointments at MG and Kerala Agricultural Universities. Critics argue that these actions disrupt the autonomous functioning of higher education institutions in the state. The ongoing friction highlights deep political disagreements regarding university administration in Kerala.




