Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ക്യാമറയോ അഭിനേതാക്കളോ ഷൂട്ടിങ് ലൊക്കേഷനുകളോ ഇല്ലാതെ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച ചൈനീസ് ചിത്രം ‘സാൻസിങ്ഡുയി: ഫ്യൂച്ചർ പാസ്റ്റ്’ ബോക്സ് ഓഫീസിൽ വൻ പരാജയം. ഒക്ടോബർ 23ന് പതിനായിരത്തിലധികം സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ഇതുവരെ ലഭിച്ചത് വെറും 17 ലക്ഷം യുവാൻ മാത്രമാണ്. പത്ത് ദശലക്ഷത്തിലധികം യുവാൻ ചെലവിട്ടാണ് ചിത്രം നിർമിച്ചത്.
നിർമാതാക്കളായ ബോണ ഫിലിം ഗ്രൂപ്പിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്. നൂറോളം പേരടങ്ങുന്ന സംഘം രണ്ട് വർഷത്തിലേറെ സമയമെടുത്താണ് കഥാപാത്രങ്ങളുടെ രൂപവും ശബ്ദവുമടക്കം എഐ ഉപയോഗിച്ച് സൃഷ്ടിച്ച് ചിത്രം പൂർത്തിയാക്കിയത്. ചൈനയിലെ പുരാതന സാൻസിങ്ഡുയി നാഗരികതയുടെ നിഗൂഢതകളും ഭാവിലോകവും പ്രമേയമാക്കിയ ചിത്രം വലിയ ദൃശ്യവിസ്മയം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാനായില്ല.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമയുടെ ദൃശ്യലോകം പൂർണമായി സൃഷ്ടിക്കാനാകുമെങ്കിലും ശക്തമായ കഥയും ശ്രദ്ധേയമായ കഥാപാത്രങ്ങളും വൈകാരിക അടുപ്പവും ഇല്ലെങ്കിൽ പ്രേക്ഷകരെ സ്വാധീനിക്കാനാകില്ലെന്നാണ് ചിത്രത്തിനെതിരായ പ്രധാന വിമർശനം. സാങ്കേതിക മികവ് മാത്രം സിനിമയുടെ വിജയത്തിന് മതിയാകില്ലെന്ന ചോദ്യമാണ് ‘സാൻസിങ്ഡുയി: ഫ്യൂച്ചർ പാസ്റ്റി’ന്റെ ബോക്സ് ഓഫീസ് പരാജയം സിനിമാലോകത്തിന് മുന്നിൽ ഉയർത്തുന്നത്.

